'കംപ്ലീറ്റ് ലോക്ഡൗണ്‍ പ്രെഗ്നന്‍സി'; ഗര്‍ഭകാലചിത്രം പങ്കുവച്ച് ബിഗ് ബോസ് താരം

By Web TeamFirst Published Apr 19, 2021, 1:13 PM IST
Highlights

''ഗര്‍ഭകാലമെന്ന മനോഹര യാത്ര പകുതിയിലധികം ദൂരം പിന്നിട്ടിരിക്കുന്നു. മുഴുവനായും മനോഹരമായിരുന്നോ എന്ന് ചോദിച്ചാല്‍ അല്ല എന്ന് പറയേണ്ടി വരും. നല്ല സമയങ്ങളും മോശം സമയങ്ങളും ഉണ്ടായിരുന്നു. ചിലപ്പോള്‍ സന്തോഷത്തിന്റെ അങ്ങറ്റത്തേക്ക് പോയി, മറ്റ് ചില ദിവസങ്ങള്‍ അതിവൈകാരികതയുടെതായിരുന്നു...''

ഗര്‍ഭകാല ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത് ഇപ്പോള്‍ സര്‍വസാധാരണമായിക്കഴിഞ്ഞിട്ടുണ്ട്. വിവാഹ ഫോട്ടോഷൂട്ട് പോലെ തന്നെ ആഘോഷപൂര്‍വ്വം ഗര്‍ഭകാല ഫോട്ടോഷൂട്ട് നടത്തുന്നവരും നിരവധിയാണ്. ആദ്യമെല്ലാം സെലിബ്രിറ്റികള്‍ മാത്രമായിരുന്നു ഇത്തരത്തില്‍ ഗര്‍ഭകാല ചിത്രങ്ങള്‍ പങ്കുവച്ചിരുന്നത് എങ്കില്‍ ഇപ്പോഴത് സാധാരണക്കാരായ സ്ത്രീകള്‍ വരെ സധൈര്യം ചെയ്യുന്നുണ്ട്. 

എങ്കിലും സെലിബ്രിറ്റികളുടെ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന വരവേല്‍പ് ഒന്ന് വേറെ തന്നെയാണ്. കഴിഞ്ഞ ദിവസം ഹിന്ദി ബിഗ് ബോസ് താരവും നടിയുമായ ഖിഷ്വര്‍ മെര്‍ച്ചന്റ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ച പ്രെഗ്നന്‍സി ചിത്രത്തിനും ഇത്തരത്തില്‍ വലിയ വരവേല്‍പായിരുന്നു ലഭിച്ചത്. കൊവിഡ് കാലത്തെ പ്രെഗ്നന്‍സിയെ കുറിച്ചാണ് ഖിഷ്വര്‍ ചിത്രത്തിനൊപ്പം എഴുതിയിരിക്കുന്നത്. 

ഒപ്പം തന്നെ ഗര്‍ഭകാലത്തെ ഹോര്‍മോണ്‍ വ്യതിയാനങ്ങളെ തുടര്‍ന്നുണ്ടാകുന്ന ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങളെ കുറിച്ചുള്ള സൂചനകളും താരം കുറിപ്പില്‍ പങ്കുവച്ചിട്ടുണ്ട്. പലപ്പോഴും ഗര്‍ഭിണികള്‍ക്ക് സ്വയം തന്നെ ആശയക്കുഴപ്പങ്ങള്‍ വന്നേക്കാവുന്ന അവസ്ഥകളാണിത്. എന്നാല്‍ സെലിബ്രിറ്റിയായ ഒരു സ്ത്രീ തന്നെ ഇക്കാര്യം തുറന്ന് സംസാരിക്കുമ്പോള്‍ തീര്‍ച്ചയായും സാധാരണക്കാരായ സ്ത്രീകള്‍ക്ക് അത് പ്രചോദനം തന്നെയായി മാറും. 

 

 

'ഗര്‍ഭകാലമെന്ന മനോഹര യാത്ര പകുതിയിലധികം ദൂരം പിന്നിട്ടിരിക്കുന്നു. മുഴുവനായും മനോഹരമായിരുന്നോ എന്ന് ചോദിച്ചാല്‍ അല്ല എന്ന് പറയേണ്ടി വരും. നല്ല സമയങ്ങളും മോശം സമയങ്ങളും ഉണ്ടായിരുന്നു. ചിലപ്പോള്‍ സന്തോഷത്തിന്റെ അങ്ങറ്റത്തേക്ക് പോയി, മറ്റ് ചില ദിവസങ്ങള്‍ അതിവൈകാരികതയുടെതായിരുന്നു. ക്ഷീണിച്ചും, തളര്‍ന്നും, മൂഡ് മാറ്റങ്ങളിലും ഉത്കണ്ഠകളിലുമായി എങ്ങനെയെല്ലാമോ ഞാന്‍ മുന്നോട്ട് പോകുന്നുണ്ട്....

... കംപ്ലീറ്റ് ലോക്ഡൗണ്‍ പ്രെഗ്നന്‍സിയാണ്. ശരിക്ക് ഞാന്‍ കൊവിഡിനോട് നന്ദി പറയണം. എന്റെ ഗര്‍ഭകാലം അല്‍പം വ്യത്യസ്തമായിരിക്കണമെന്ന് ഞാനെപ്പോഴും ആഗ്രഹിച്ചിരുന്നു. ഇപ്പോള്‍ ഒരു പരിധി വരെ ആ ആഗ്രഹം സാധിച്ചു എന്ന് തന്നെ പറയാം. സയാഷിനൊപ്പം വീട്ടില്‍ ധാരാളം സമയം ചെലവിടാന്‍ സാധിക്കുന്നുണ്ട്. അച്ഛനമ്മമാരുടെ സ്‌നേഹം അനുഭവിക്കാന്‍ അവസരം കിട്ടുന്നുണ്ട്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കരുതല്‍ അറിയുന്നുണ്ട്. എല്ലാവരും കുഞ്ഞിനെ കാത്തിരിക്കുകയാണ്. എല്ലാവരും നിന്നെ ഇഷ്ടപ്പെടുന്നു കുഞ്ഞേ... ഈ ലോകം ജീവിക്കാന്‍ അത്ര നല്ലതൊന്നുമല്ലെങ്കില്‍ കൂടി അത് നിനക്ക് വേണ്ടി മനോഹരമാക്കാന്‍ ഞാനും നിന്റെ അച്ഛനും ശ്രമിക്കും. ഇത് ഞങ്ങളുടെ ഉറപ്പാണ്...'- ഖിഷ്വര്‍ ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോയ്‌ക്കൊപ്പം പങ്കുവച്ച കുറിപ്പാണിത്. 

 

 

സഹപ്രവര്‍ത്തകരടക്കം നിരവധി പേരാണ് ഖിഷ്വറിന്റെ ഗര്‍ഭകാല വിശേഷങ്ങളോട് പ്രതികരിക്കാനെത്തിയത്. ഒപ്പം തന്നെ ഖിഷ്വറിന്റെ ഭര്‍ത്താവ് സയാഷും ഇഷ്ടം എഴുതി കമന്റ് ബോക്‌സില്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഇരുവരും 2015 ബിഗ് ബോസില്‍ ഒരുമിച്ച് മത്സരാര്‍ത്ഥികളായി ഉണ്ടായിരുന്നു. ബിഗ് ബോസ് ഹൗസില്‍ 80 ദിനങ്ങള്‍ പിന്നിട്ട ശേഷമാണ് ഇരുവരും പുറത്താകുന്നത്. 2010 മുതല്‍ തന്നെ അടുപ്പമുണ്ടായിരുന്നുവെങ്കിലും 2016ലാണ് ഇരുവരുടെയും വിവാഹം കഴിയുന്നത്.

Also Read:- വീണ്ടും ഗര്‍ഭകാല ചിത്രം പങ്കുവച്ച് ബോളിവുഡ് താരം...

click me!