
അടുത്ത കാലങ്ങളിലായി വാടക ഗര്‍ഭധാരണം സംബന്ധിച്ച് ഏറെ ചര്‍ച്ചകളും വിമര്‍ശനങ്ങളുമെല്ലാം ഉയര്‍ന്നിരുന്നു. സെലിബ്രിറ്റികള്‍ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി വാടക ഗര്‍ഭധാരണത്തെ ആശ്രയിക്കുന്നതിലാണ് വ്യാപകമായ പ്രതിഷേധങ്ങളുയരുന്നത്. ഏറ്റവും ഒടുവിലായി സൂപ്പര്‍താരം നയൻതാര- വിഘ്നേഷ് ദമ്പതികളായിരുന്നു ഇത്തരത്തില്‍ വാടക ഗര്‍ഭധാരണത്തിന്‍റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിട്ടത്.
സമാനമായി ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പ്രശസ്ത ഗായിക ചിന്മയി ശ്രീപാദയും ഇതേ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ചിന്മയിക്കും നടനും സംവിധായകനുമായ ഭര്‍ത്താവ് രാഹുലിനും ജൂണിലാണ് ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നത്. ഇക്കാര്യം ഇവര്‍ പരസ്യമാക്കാതെ തുടരുകയായിരുന്നു.
എന്നാല്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ചിന്മയി തന്‍റെ ഇരട്ടക്കുഞ്ഞുങ്ങളെ മുലയൂട്ടുന്ന ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. ലോകത്തിലെ ഏറ്റവും നല്ല അനുഭവമെന്ന അടിക്കുറിപ്പോടെയാണ് കുഞ്ഞുങ്ങളെ പാലൂന്ന ചിത്രം ചിന്മയി പങ്കുവച്ചത്.
ഈ ചിത്രം കണ്ടവരില്‍ ഒരു വിഭാഗം പേര്‍ ചിന്മയി വാടക ഗര്‍ഭധാരണത്തിലൂടെയാണ് അമ്മയായത് എന്ന നിഗമനത്തിലേക്ക് എത്തുകയായിരുന്നു. മാത്രമല്ല, ഇതിന്‍റെ പേരില്‍ ഇവര്‍ക്കെതിരെ വിമര്‍ശനങ്ങളും തുടങ്ങി.
എന്നാല്‍ ഇതിന് മറുപടിയായി ചിന്മയി മറ്റൊരു ചിത്രം കൂടി ഇൻസ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയായിരുന്നു. താൻ ഗര്‍ഭിണിയായിരിക്കെ പകര്‍ത്തിയ സെല്‍ഫിയാണ് ചിന്മയി ഇൻസ്റ്റഗ്രാമിലൂടെ തന്നെ പങ്കുവച്ചത്. താഗര്‍ഭാവസ്ഥയിലിരിക്കുമ്പോള്‍ എടുത്ത ഏക സെല്‍ഫിയെന്ന അടിക്കുറിപ്പോടെയാണ് ചിന്മയി ചിത്രം പങ്കുവച്ചത്.
ഇതോടെ വാടക ഗര്‍ഭധാരണമാണെന്ന വിവാദങ്ങള്‍ക്ക് അന്ത്യമാവുകയായിരുന്നു. ഗര്‍ഭിണിയായതും കുട്ടികളുണ്ടായ വിവരവും താൻ മനപൂര്‍വ്വം പരസ്യമാക്കാതിരുന്നത് തന്നെയാണെന്ന് പിന്നീട് ചിന്മയി പ്രതികരിച്ചു.
വാടക ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട് സെലിബ്രിറ്റികളെ വിമര്‍ശിക്കുന്നവര്‍ സജീവമാകുമ്പോള്‍ തന്നെ അത് അവരുടെ വ്യക്തിപരമായ താല്‍പര്യമാണെന്നും വാടക ഗര്‍ഭധാരണത്തിലൂടെ അമ്മയായാലും അതില്‍ കുറവുകളില്ലെന്നും ചൂണ്ടിക്കാട്ടുന്നവരും ഉണ്ട്. ഡോക്ടര്‍മാരും ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും അടക്കം ഇതേ അഭിപ്രായം നേരത്തെ നയൻതാര- വിഘ്നേഷ് ദമ്പതികള്‍ക്ക് നേരെ വിമര്‍ശനങ്ങളുയര്‍ന്നപ്പോള്‍ പങ്കുവച്ചിരുന്നു.
ബോളിവുഡില്‍ താരങ്ങള്‍ക്കിടയില്‍ വാടക ഗര്‍ഭധാരണം സര്‍വസാധാരണമാണ്. എങ്കില്‍ക്കൂടിയും നയൻതാരയെ പോലെ തന്നെ വലിയ വിമര്‍ശനങ്ങള്‍ മാസങ്ങള്‍ക്ക് മുമ്പ് നടി പ്രിയങ്ക ചോപ്ര നേരിട്ടിരുന്നു.
ദീര്‍ഘകാലമായി സിനിമാ ഇൻഡസ്ട്രിയില്‍ തുടരുന്ന ഗായികയാണ് തിന്മയി ശ്രീപാദ. ഒരുപാട് ഹിറ്റ് ഗാനങ്ങള്‍ ചിന്മയിയുടേതായി ഉണ്ട്. ഇത്തരത്തില്‍ ഇവര്‍ക്ക് പ്രത്യേകമായി ആരാധകരുമുണ്ട്. എന്നാല്‍ തമിഴ് കവി വൈരമുത്തുവിനെതിരെ 'മീ ടൂ' ആരോപണവുമായി രംഗത്തെത്തിയതോടെയാണ് ചിന്മയി വലിയ രീതിയില്‍ വിവാദങ്ങളില്‍ അകപ്പെട്ടത്. നാല് വര്‍ഷം മുമ്പായിരുന്നു വൈരമുത്തുവിനെതിരെ ചിന്മയി അടക്കം ചിലര്‍ 'മീ ടൂ' ആരോപണമുന്നയിച്ചത്.
Also Read:- വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞ്; ഫോട്ടോ പങ്കുവച്ച് പ്രിയങ്ക ചോപ്ര