അപകടത്തെ തുടർന്ന് ഭർത്താവ് കിടപ്പിലായപ്പോൾ, കുടുംബം നോക്കാൻ ഒരു സ്ത്രീ കാണിച്ച ധൈര്യം, അവരുടെ വാക്കുകളിൽ

By Web TeamFirst Published Oct 26, 2020, 12:51 PM IST
Highlights

"എന്റെ പ്രധാന സങ്കടവും അതുതന്നെയാണ്. അപ്പ ഐസ്ക്രീം കൊണ്ടുവരുന്നതും കാത്ത് ഉറങ്ങാതെ വാശിപിടിച്ചിരിക്കുകയാണ്  കുഞ്ഞുങ്ങൾ ഇപ്പോഴും. "


ഒരൊറ്റ ഫോൺ വിളിപ്പുറത്തായിരിക്കും ചിലപ്പോൾ, ആ നിമിഷം വരെ ജീവിതത്തിൽ ചേർത്ത് പിടിച്ചിരുന്ന, അല്ലെങ്കിൽ മനസ്സിനെ താളം തെറ്റാതെ ഉള്ളം കയ്യിൽ വെച്ച് കൊണ്ടുപോയിരുന്ന, അത്രമേൽ വേണ്ടപ്പെട്ട ആ ആൾ നമ്മളെ തനിച്ചാക്കി ഈ ലോകം വിട്ടുപോയി എന്ന വിവരം നമ്മളെ തേടിയെത്തുക. അത്തരത്തിൽ ഒരു അനുഭവകഥയാണ് ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫേസ്‌ബുക്ക് പേജിലൂടെ നമ്മളെ തേടി എത്തിയിരിക്കുന്നത്. മധ്യവയസ്സു പിന്നിട്ട ദിനങ്ങളിൽ ഒന്നിലാണ്, പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത ഈ ചേച്ചിയെത്തേടി അവരുടെ ഭർത്താവിന്റെ അപകട വാർത്തയെത്തുന്നത്. ആ അപകടത്തെക്കുറിച്ച് ഒരു ഫോൺ വിളിയിലൂടെ അറിഞ്ഞ ആ നിമിഷം തൊട്ട് താൻ കടന്നുപോയ വൈകാരിക സാഹചര്യങ്ങൾ അവരുടെ തന്നെ വാക്കുകളിലൂടെ...

 

“It was just another Thursday afternoon when I got a phone call that changed my life– my husband had met with an...

Posted by Humans of Bombay on Sunday, October 25, 2020

 

"അത് മറ്റൊരു വ്യാഴാഴ്ചയായിരുന്നു. എന്റെ ജീവിതത്തിലെ എത്രയോ വ്യാഴാഴ്ചകളിൽ ഒന്നുമാത്രം. എന്നാൽ, അന്ന് ഉച്ചയ്ക്ക് എന്നെത്തേടിയെത്തിയ ഒരു ഫോൺ കോൾ, അതെന്റെ അവിടുന്നങ്ങോട്ടുള്ള ജീവിതം തന്നെ മാറ്റി മറിക്കാൻ പോന്നതാണ് എന്ന് അപ്പോൾ എനിക്ക് അറിയില്ലായിരുന്നു. എന്റെ ഭർത്താവിന് ഒരു അപകടം പറ്റി, പരിക്ക് ഗുരുതരമാണ്, പെട്ടെന്ന് എത്തണം, എത്രയും പെട്ടെന്നുതന്നെ അദ്ദേഹത്തിന് ഒരു ബ്രെയിൻ സർജറി വേണം എന്ന് അപ്പുറത്തുനിന്ന് കണ്ണിൽ ഇരുട്ട് കയറിത്തുടങ്ങവേ വളരെ അവ്യക്തമായി കേട്ട ശബ്ദം എന്നോട് പറഞ്ഞു.

ആശുപത്രിയിൽ ചെന്നപ്പോൾ ഡോക്ടർമാരിൽ നിന്നും അറിഞ്ഞത് ഒട്ടും ശുഭകരമല്ലാത്ത വർത്തമാനമായിരുന്നു. ഏറ്റവും മോശപ്പെട്ട വാർത്ത കേൾക്കാനും മാനസികമായി തയ്യാറെടുത്തുകൊള്ളാൻ അവർ എന്നോട് പറഞ്ഞു. പറയാൻ എത്ര എളുപ്പമാണ് ഈ ഡോക്ടർമാർക്ക്. സർജറി കഴിയുമ്പോഴേക്കും, 'എന്റെ ഭർത്താവ് മരിച്ചു പോയി' എന്ന വാർത്ത കേൾക്കാൻ എങ്ങനെയാണ് ഞാൻ തയ്യാറെടുക്കേണ്ടത് ? എന്തുപറഞ്ഞാണ് ഞാനെന്റെ മനസ്സിനെ അത് ഉള്ളിലേക്കെടുക്കാൻ സജ്ജമാക്കേണ്ടത്? വളരെ സങ്കീർണ്ണമായ സർജറി ആണത്രേ നടത്തേണ്ടത്. ഗുരുതരമായ ക്ഷതമാണ് അപകടത്തിൽ അദ്ദേഹത്തിന്റെ തലക്ക് ഏറ്റിട്ടുള്ളത്. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയാലും രക്ഷപ്പെടാനുള്ള സാധ്യത കേവലം 10 % മാത്രമാണ്. എന്റെ സമ്മതമുണ്ടെങ്കിലേ അവർക്ക് അദ്ദേഹത്തിന്റെ തലക്ക് ഓപ്പറേഷൻ നടത്താൻ പറ്റുകയുള്ളൂവത്രെ. അത് ചെയ്തില്ലെങ്കിൽ ഉറപ്പായും മരിക്കും എന്നതുകൊണ്ട് ഒടുവിൽ ഞാൻ അതിനു സമ്മതം മൂളി. 

അവർ സർജറി ചെയ്തു. ഇളയതുങ്ങളെ മൂത്ത മോളുടെ സംരക്ഷണയിൽ വീട്ടിൽ വിട്ട് ഞാൻ അങ്ങനെ സർജിക്കൽ ഐസിയുവിന്റെ വരാന്തയിലേക്ക് ചേക്കേറി. അദ്ദേഹം അങ്ങനെയങ്ങു പോയി എന്നും, ഇനി ചിലപ്പോൾ എന്നോട് മിണ്ടിയേക്കില്ല എന്നും ഒക്കെ എനിക്ക് വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. അവസാനമായി എന്നോട് ഫോണിൽ പറഞ്ഞ കാര്യങ്ങൾ ആ വരാന്തയിൽ എത്രനേരത്തേക്ക് എന്നില്ലാതെ കാത്തുകുത്തിയിരിക്കുമ്പോൾ എന്റെ തലയ്ക്കകത്ത് മൂളക്കം പോലെ പാഞ്ഞു നടന്നു," എത്ര ദിവസമായെടീ നമ്മൾ ഒന്നിച്ച് പിള്ളേരുടെ ഒപ്പം ഇരുന്നങ്ങനെ ഐസ്ക്രീം കഴിച്ചിട്ട്....ഇന്നെന്തായാലും ഞാൻ വരുമ്പോൾ ഒരു പെട്ടി വാനിലാ ഐസ്ക്രീം കൊണ്ടുവരുന്നുണ്ട് കേട്ടോ. അവരോട് ഉറങ്ങരുതെന്നു പറയണം... "

എന്റെ പ്രധാന സങ്കടവും അതുതന്നെയാണ്. അപ്പ ഐസ്ക്രീം കൊണ്ടുവരുന്നതും കാത്ത് ഉറങ്ങാതെ വാശിപിടിച്ചിരിക്കുകയാണ്  കുഞ്ഞുങ്ങൾ ഇപ്പോഴും. ഐസ്ക്രീമും വന്നില്ല, അവരുടെ അപ്പയും വീടെത്തിയില്ല. ഞാനിനി അവരെ എന്തുപറഞ്ഞാണ് ഒന്ന് സമാധാനിപ്പിക്കുക? 

ആശുപത്രിയിലെ ഓപ്പറേഷൻ തീയറ്ററിന്റെ പുറത്തെ ബെഞ്ചിലിരുന്ന്, എനിക്കറിയാവുന്ന ദൈവങ്ങളെ ഒക്കെ വിളിച്ചു ഞാനന്ന്. "കൊണ്ടുപോവരുതേ..." എന്ന് ചങ്കുപൊട്ടിത്തന്നെ കരഞ്ഞു പറഞ്ഞു ഞാൻ. എന്റെ വിളി ദൈവങ്ങൾ കേട്ടോ എന്ന് ചോദിച്ചാൽ കേട്ടില്ല എന്ന് പറയാനാവില്ല. മരിച്ചില്ല, പക്ഷെ ദേഹമാകെ തളർന്നു പോയി ഓപ്പറേഷന് ശേഷം. ഇനി എഴുന്നേൽക്കാതിരിക്കാനും സാധ്യത കൂടുതലാണ് എന്ന് ഡോക്ടർമാർ പറഞ്ഞത് എന്റെ നെഞ്ചിലൂടെ ഒരു വെള്ളിടി പോലെയാണ് പാഞ്ഞുപോയത്. 

ആ നിമിഷം മുതൽ ഞാൻ അന്നുവരെ എനിക്കുപോലും പരിചയമില്ലാത്ത മറ്റൊരു സ്ത്രീയായി. എന്നിലെ ധൈര്യക്കുറവിനെ, ജാള്യതയെ, സങ്കോചങ്ങളെ ഒക്കെ ഒരു നിമിഷം കൊണ്ട് ഞാൻ പടിയിറക്കിവിട്ടു, സ്വയമറിയാതെ തന്നെ. അന്നുമുതൽ ഞാനായി എന്റെ വീട്ടിലെ ഗൃഹനാഥ. ബാങ്കിലേക്ക് പോകുന്നതും, വാടകക്കാരുമായി ഡീൽ ചെയ്യുന്നതും, കുട്ടികളുടെ പിടിഎ മീറ്റിങ് അറ്റൻഡ് ചെയ്തിരുന്നതും ഒക്കെ അന്നുവരെ അദ്ദേഹമായിരുന്നു. എന്നെ അതിനൊന്നിനും അന്നോളം ആൾ ബുദ്ധിമുട്ടിച്ചിരുന്നില്ല. അന്ന് മുതൽ അതൊക്കെ മറ്റൊരാളെയും ഏൽപ്പിക്കാൻ സാധിക്കാത്ത ഉത്തരവാദിത്തങ്ങളായി എന്റെ ചുമലിലേക്ക് വന്നുവീണു. 

എനിക്ക് അതിനൊന്നും ആവുമെന്ന് ഞാൻ സ്വപ്നേപി കരുതിയതല്ല. പക്ഷേ, ജീവിതത്തിലെ അനുഭവങ്ങൾ നമ്മളെ എന്തെന്തൊക്കെ പഠിപ്പിച്ചെടുക്കും, ചെയ്യാൻ പ്രാപ്തരാക്കും എന്ന് ഞാൻ അനുഭവിച്ചറിയുന്നത് അന്നുമുതലാണ്. ഒന്നുമറിയാത്ത ഒരു പൊട്ടിക്കാളി ആയിരുന്നു ഞാൻ. ഒക്കെ ഒന്നേന്നു പഠിച്ചെടുത്തു ഞാൻ ഒന്നൊന്നായി. 

ബാങ്കിലെ അക്കൗണ്ടുകളും, വാടകക്കുടിശ്ശികയുടെ കണക്കുകളും, അദ്ദേഹം നടത്തിയിരുന്ന ഓഹരിനിക്ഷേപങ്ങളും, അതുമായി ബന്ധപ്പെട്ടിരുന്നു ഇൻകം ടാക്‌സും ഒന്നും എന്റെ തലയിൽ ഒരുകാലത്തും കയറാത്ത വിഷയങ്ങളാണ് എന്നാണ് ഞാൻ ധരിച്ചിരുന്നത്. എന്നാൽ, അതൊക്കെ മനസ്സിലാക്കാനും, വേണ്ടവിധത്തിൽ കൈകാര്യം ചെയ്യാനും എനിക്കാകും എന്ന് ഞാൻ മനസ്സിലാക്കിയത്, ഏറെ കഷ്ടപ്പെട്ടിട്ടാണെങ്കിലും ആ ദിവസങ്ങളിൽ ആണ്. 

വീട്ടുകാരുടെ വില മനസ്സിലാക്കുന്നത് അന്നാണ്. എല്ലാം പഠിച്ചെടുക്കാൻ ക്ഷമയോടെ എനിക്ക് കൂട്ടുനിന്നത് അവരിൽ ചിലരാണ്. രണ്ടുമൂന്നു മാസത്തെ സമയം കൊണ്ട് എല്ലാം ഞാൻ നേരിട്ടുതന്നെ ഏറ്റെടുത്തു. ആദ്യമൊന്നും വാടകക്കാർ എന്നെ ഗൗരവത്തോടെ കണ്ടിരുന്നില്ല. അദ്ദേഹത്തോട് വളരെ മാന്യമായി ഇടപെട്ടിരുന്ന, ഒരളവുവരെ അദ്ദേഹത്തെ ഭയത്തോടെ പോലും കണ്ടിരുന്ന അവരിൽ ചിലർ, വാടക ചോദിച്ചു ചെന്ന എന്നെ പലതും പറഞ്ഞ് ഒഴിവാക്കി. "അദ്ദേഹം ഇങ്ങനെ തളർന്നു കിടക്കുകയല്ലേ? നിങ്ങൾ പോയി കുഞ്ഞുങ്ങളുടെ കാര്യം നോക്കൂ ആദ്യം..." എന്നൊക്ക പറഞ്ഞ് എന്നെ നിരുത്സാഹപ്പെടുത്തിയവരുണ്ട്. "ഇവളെക്കൊണ്ട് ഇതിനൊക്കെ പറ്റുമോ?" എന്ന് പരിഹസിച്ചവരുമുണ്ട്. എല്ലാവരെയും എനിക്ക് നല്ല ഓർമയുണ്ട്. 

ആറുമാസത്തോളം ഒരു വാടകക്കാരൻ എന്റെ വാടക തരാതെ പിടിച്ചു വെച്ചു. പെണ്ണല്ലേ, ഞാൻ കുത്തിപ്പിടിച്ച് വാങ്ങാനൊന്നും ചെല്ലില്ല എന്ന് അയാൾ കരുതി. വിട്ടില്ല ഞാൻ. അതുവരെയുള്ള മുഴുവൻ കുടിശ്ശികയും ഈടാക്കി അയാളെ മുറിയിൽ നിന്ന് ഒഴിപ്പിച്ച് കുറേക്കൂടി മാന്യനായ ഒരാൾക്ക് അവിടം വാടകയ്ക്ക് കൊടുത്തു ഞാൻ. 

ഇങ്ങനെയൊന്നും മുഖം മുറിഞ്ഞ് പറഞ്ഞ് എനിക്ക് മുൻപരിചയമില്ല. അങ്ങനൊക്കെ പറയാനുള്ള കഠിന മനസ്സും എനിക്കില്ല. പക്ഷേ, അദ്ദേഹത്തിന്റെ മരുന്നിനുള്ള ചെലവ്, കുട്ടികളുടെ ഫീസ്, പുസ്തകങ്ങൾ, മറ്റുള്ള ചെലവുകൾ - അതിനൊക്കെ പണം വേണമായിരുന്നു. എനിക്ക് ഈ വാടകയില്ലാതെ മറ്റൊരു വരുമാനവും ഇല്ലായിരുന്നു. അതൊക്കെ പിരിഞ്ഞു കിട്ടിയാലേ തട്ടിമുട്ടി കാര്യങ്ങൾ നീങ്ങുകയുള്ളായിരുന്നു. അതുകൊണ്ട്, അതിനായി ഞാൻ എന്റെ സൗമ്യമായ മനസ്സിന് പുറമേക്ക്, വളരെ കടുത്ത ഒരു മുഖമെടുത്ത് അണിഞ്ഞു. ചുറ്റുമുളവരോട് ഞാൻ പരുഷമായി പെരുമാറിത്തുടങ്ങി. അങ്ങനെ നിന്നില്ലെങ്കിൽ ആളുകൾ എന്നെ മുതലെടുത്തേക്കാം എന്ന് എനിക്ക് തോന്നി. 

ഞാൻ തീർത്തും ഒറ്റയ്ക്കായിരുന്നു എന്ന് പറഞ്ഞു കൂടാ. പന്ത്രണ്ടുകാരിയായ എന്റെ മൂത്തമോൾ, അവളായിരുന്നു എന്റെ നങ്കൂരം. ഇളയ കുട്ടികളെ പഠിപ്പിക്കാനുള്ള ഉത്തരവാദിത്തം അവൾ ഏറ്റെടുത്തു. അമ്മയെ മറ്റുകാര്യങ്ങൾ നോക്കിനടത്താൻ തന്റെ അമ്മയ്ക്കുവേണ്ട ഊർജം പകർന്നുതന്നു എന്നുമവൾ. എന്റെ പൊന്നുമോൾക്ക് ഈ ചെറിയ പ്രായത്തിൽ ഒരു അമ്മവേഷം എടുത്തണിയേണ്ടി വന്നതിൽ എനിക്ക് സങ്കടമുണ്ട്. പക്ഷേ, അവളത് നന്നായി ചെയ്യുന്നുണ്ട് എന്നുകാണുമ്പോൾ ഒപ്പം അഭിമാനവും തോന്നിയിട്ടുണ്ട്.

അന്നത്തെ ആ വ്യാഴാഴ്ചയ്ക്ക്, ആ ഫോൺവിളിക്ക് ഇന്ന് അഞ്ചു വയസ്സായി. വീട്ടുകാരി എന്ന എന്റെ റോളിനും ഇന്ന് അഞ്ചുവർഷത്തെ പഴക്കമുണ്ട്. ഭർത്താവിന്റെ തണലിൽ കഴിഞ്ഞിരുന്ന എനിക്ക്, പെട്ടെന്നൊരു ദിവസം നട്ടപ്പൊരിവെയിലിൽ ഇറങ്ങി നിൽക്കേണ്ടി വന്നു. അത് അത്രക്ക് സുഖമുള്ള ഒരു അനുഭവമല്ല.

 

 

അദ്ദേഹത്തിനിപ്പോൾ ഏറെ ഭേദമുണ്ട്. എഴുന്നേറ്റിരിക്കുന്നുണ്ട്. അദ്ദേഹം സുഖപ്പെടും, എഴുന്നേറ്റു നടക്കും എന്ന പ്രതീക്ഷ എനിക്ക് ഇന്നും അത്രതന്നെ ഉണ്ട്. ഒരു ദിവസം, അദ്ദേഹം പഴയപോലെ ആകും. അന്നുവരെ എല്ലാം ഞാൻ തന്നെ നോക്കി നടത്തും. എനിക്ക് അതിനാകും എന്ന ആത്മവിശ്വാസം, അതെന്റെ ഹൃദയത്തിൽ വേണ്ടുവോളമുണ്ട്. അതുവരെ ഞാൻ എന്നും എന്നോടുതന്നെ പറയുന്നത് ഒന്നുമാത്രമാണ്, "എല്ലാം ശരിയാകും.  ഈ സമയവും കടന്നുപോകും."
 

click me!