ഒറ്റക്കൈ കൊണ്ട് മാസ്‌കുകള്‍ തുന്നി പത്തുവയസ്സുകാരി; പ്രചോദനമെന്ന് സോഷ്യല്‍ മീഡിയ

By Web TeamFirst Published Jun 28, 2020, 2:13 PM IST
Highlights

ഭിന്നശേഷി കൂടിയായ കര്‍ണാടകയിലെ ഉഡുപ്പി സ്വദേശി സിന്ധൂരിയാണ് മാസ്‌കുകള്‍ നിര്‍മ്മിച്ച് നല്‍കി വാര്‍ത്തകളില്‍ ഇടംനേടിയത്. 

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടി കടന്നു. രാജ്യത്തും കൊവിഡ് വ്യാപനം അതിരൂക്ഷമാവുകയാണ്. ഇനിയും ഏറെ കാലം സാമൂഹിക അകലവും വ്യക്തിശുചിത്വവും മാസ്കും മറ്റ് മുന്‍കരുതലുകളും സ്വീകരിച്ച് തന്നെ മുന്നോട്ട് പോകേണ്ടി വരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ മാസ്ക് ധരിക്കുന്നതിന്റെ പ്രാധാന്യം വളരെ വലുതാണ് എന്നാണ് ലോകാരോഗ്യ സംഘടന പോലും വ്യക്തമാക്കിയിട്ടുള്ളത്. മാസ്‌കുകള്‍ ഇന്ന് നമ്മുടെയെല്ലാം ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായി മാറുകയും ചെയ്തു. വീട്ടില്‍ ഇരുന്ന് മാസ്‌കുകള്‍  നിര്‍മ്മിക്കുകയാണ് ഇന്ന് പലരും ചെയ്യുന്നത്. 

അത്തരത്തില്‍ മാസ്ക് നിര്‍മ്മിച്ച ഒരു പത്ത് വയസ്സുകാരിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഭിന്നശേഷി കൂടിയായ കര്‍ണാടകയിലെ ഉഡുപ്പി സ്വദേശി സിന്ധൂരിയാണ് മാസ്‌കുകള്‍ നിര്‍മ്മിച്ച് നല്‍കി വാര്‍ത്തകളില്‍ ഇടംനേടിയത്. 

തന്റെ പരിമിതികളെയൊക്കെ കാറ്റില്‍പ്പറത്തിയാണ് ഒറ്റക്കൈ കൊണ്ട് ഈ ആറാം ക്ലാസ്സുകാരി മാസ്കുകള്‍ തുന്നിയത്. മൗണ്ട് റോസറി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥിയായ സിന്ധൂരി അതേ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായാണ് മാസ്കുകള്‍ നിര്‍മ്മിച്ചു നല്‍കിയത്. 

ഇടംകൈ കൊണ്ട് മാസ്‌കുകള്‍ തുന്നുന്ന സിന്ധൂരിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. എഎന്‍ഐ അടക്കം സിന്ധൂരിയുടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  

Karnataka: Sindhuri, a 10-year old differently-abled girl from Udupi stitched face masks & distributed them to students appearing for School Leaving Certificate (SSLC) exams, yesterday. pic.twitter.com/zii6zhHuKk

— ANI (@ANI)

 

ഒരു ലക്ഷത്തോളം മാസ്‌കുകള്‍ സാധാരണക്കാര്‍ക്കായി നിര്‍മ്മിച്ചു നല്‍കണമെന്നാണ് സിന്ധൂരിയുടെ ഇപ്പോഴത്തെ ആഗ്രഹം. തുടക്കത്തില്‍ ഒറ്റക്കൈ കൊണ്ട് മാസ്‌കുകള്‍ തുന്നുന്നത് ബുദ്ധമുട്ടായിരുന്നെങ്കിലും  അമ്മയും സഹായിച്ചതോടെ ഇപ്പോള്‍ പണി എളുപ്പമായെന്നും സിന്ധൂരി എഎന്‍ഐയോട് പറഞ്ഞു. 

സിന്ധൂരിയെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തി. വൈകല്യങ്ങളെ മറികടന്നുകൊണ്ടുള്ള സിന്ധൂരിയുടെ ഈ പ്രയത്‌നം എല്ലാം പെണ്‍കുട്ടികള്‍ക്കും പ്രചോദനമാണെന്ന് ആളുകള്‍ അഭിപ്രായപ്പെട്ടു. സിന്ധൂരിക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ എന്നും ദൈവം അനുഗ്രഹിക്കട്ടെ എന്നും പലരും ആശംസിച്ചു. 

 

 

Also Read: പാവപ്പെട്ടവർക്ക് സൗജന്യമായി മാസ്ക്കുകൾ തയ്ച്ച് നൽകി അമ്മയും മകനും; ഇത് കൊവിഡ് കാലത്തെ നല്ലമാതൃക...

click me!