ലോകമെമ്പാടുമുള്ള പെൺകുട്ടികളുടെ സ്വപ്നങ്ങൾക്ക് നിറം പകരുന്ന ബാർബി, ഇത്തവണ ആദരവ് അർപ്പിക്കുന്നത് ഇന്ത്യൻ ക്രിക്കറ്റിന്റെ കരുത്തായ സ്മൃതി മന്ദാനയ്ക്കാണ്. വനിതാ ദിനത്തിന് മുന്നോടിയായി കളിപ്പാട്ട നിർമ്മാണ കമ്പനിയായ മാറ്റൽ പുറത്തിറക്കിയ 'ബാർബി ഡ്രീം ടീമിൽ'  സ്മൃതി മന്ദാന ഇടംപിടിച്ചു. Smriti Mandhana has been immortalized as a one-of a kind Barbie doll

ലോകമെമ്പാടുമുള്ള പെൺകുട്ടികളുടെ പ്രിയപ്പെട്ട കളിപ്പാട്ടമായ ബാർബി, ഇത്തവണ ആദരവ് അർപ്പിക്കുന്നത് ഇന്ത്യൻ ക്രിക്കറ്റിന്റെ കരുത്തായ സ്മൃതി മന്ദാനയ്ക്കാണ്. രാജ്യാന്തര വനിതാ ദിനത്തിന് മുന്നോടിയായി പ്രശസ്ത കളിപ്പാട്ട നിർമ്മാണ കമ്പനിയായ മാറ്റെൽ (Mattel) പുറത്തിറക്കിയ ആദ്യ 'ബാർബി ഡ്രീം ടീമിൽ' സ്മൃതി മന്ദാന ഇടംപിടിച്ചു. ബാർബി ഡോൾ രൂപത്തിൽ ആദരിക്കപ്പെടുന്ന ലോകത്തിലെ ആദ്യത്തെ ക്രിക്കറ്റ് താരം എന്ന അപൂർവ്വ നേട്ടവും ഇതോടെ സ്മൃതിക്ക് സ്വന്തം.

തടസങ്ങൾ തകർത്തവർക്കായി ഒരു 'ഡ്രീം ടീം'

തടസങ്ങളെ മറികടന്ന് മുന്നേറുകയും വരുംതലമുറയ്ക്ക് പ്രചോദനമാവുകയും ചെയ്ത വനിതകളെ ആദരിക്കാനാണ് ബാർബി 'ഡ്രീം ടീം' പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രഗത്ഭരായ വനിതകളാണ് ഈ പട്ടികയിലിടം പിടിച്ചത്. സ്മൃതി മന്ദാനയുടെ കരിയറിലെ നേട്ടങ്ങൾക്കും വനിതാ ക്രിക്കറ്റിന് നൽകിയ സംഭാവനകൾക്കുമുള്ള വലിയൊരു അംഗീകാരമായാണ് ബാർബി 'ഡ്രീം ടീമിനെ കാണുന്നത്.

ക്രിക്കറ്റ് ഗ്രൗണ്ടിൽ സ്മൃതി ധരിക്കുന്ന അതേ ജേഴ്‌സിയും ബാറ്റുമായുള്ള സ്മൃതിയുടെ തന്നെ രൂപസാദൃശ്യത്തിലാണ് ബാർബി ഡോൾ നിർമ്മിച്ചിരിക്കുന്നത്. ഇത് ഒരു പ്രത്യേക സ്മരണികയായി മാത്രമാണ് നിർമ്മിച്ചിരിക്കുന്നതെന്നും വിപണിയിൽ വിൽപ്പനയ്ക്ക് ലഭ്യമാകില്ലെന്നും മാറ്റൽ അധികൃതർ വ്യക്തമാക്കി.

വനിതാ ക്രിക്കറ്റിലെ സുവർണ്ണ താരം

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന, ഇന്ന് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്. ടെസ്റ്റ്, ഏകദിനം, ടി20 എന്നിങ്ങനെ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം എന്ന റെക്കോർഡ് സ്മൃതിയുടെ പേരിലാണ്. ബാർബി ഡ്രീം ടീമിലെ സ്മൃതിയുടെ സാന്നിധ്യം ആഗോളതലത്തിൽ വനിതാ കായികതാരങ്ങൾക്ക് ലഭിക്കുന്ന വലിയ അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്. 'കായികരംഗം എനിക്ക് ഒരുപാട് കാര്യങ്ങൾ നൽകി. എന്റെ ഈ യാത്ര ഒരു പെൺകുട്ടിക്കെങ്കിലും 'ഈ ഗ്രൗണ്ട് എന്റേതു കൂടിയാണ്' എന്ന് തോന്നിപ്പിക്കാൻ പ്രേരണയാകുമെങ്കിൽ, അതാണ് എനിക്ക് ഏറ്റവും വലിയ കാര്യമെന്നാണ് ഈ നേട്ടത്തെക്കുറിച്ച് സ്മൃതി മന്ദാന സോഷ്യൽ മീഡിയയിൽ കുറിച്ചത്.

മാറ്റത്തിന് സാക്ഷ്യം വഹിച്ച് ബാർബി ബ്രാൻഡ്

ഒരു കാലത്ത് ഫാഷൻ, സൗന്ദര്യം എന്നിവയുമായി മാത്രം ബന്ധപ്പെട്ടാണ് ബാർബി ഡോൾ അറിയപ്പെട്ടിരുന്നത്. എന്നാൽ ഇന്ന് ബാർബി ബ്രാൻഡ് പുതിയൊരു ദിശയിലേക്ക് മാറിയിരിക്കുന്നു. യാഥാർത്ഥ ജീവിതത്തിൽ വിജയം കൈവരിച്ച വനിതകളെ മാതൃകയാക്കി ഡോൾ നിർമ്മിക്കുന്നതിലൂടെ, കുട്ടികൾക്ക് അവരുടെ ഭാവി കരിയറിനെക്കുറിച്ച് വലിയ സ്വപ്നങ്ങൾ കാണാൻ മാറ്റൽ പ്രചോദനം നൽകുന്നു. മാറ്റൽ വൈസ് പ്രസിഡന്റ് നഥാൻ ബയാർഡ് പറഞ്ഞതുപോലെ, 'Girls can be anything' എന്ന സന്ദേശമാണ് ബാർബി നൽകുന്നത്. ടെന്നീസ് ഇതിഹാസം സെറീന വില്യംസ്, ഇംഗ്ലണ്ട് ഫുട്ബോൾ താരം ക്ലോ കെല്ലി, ജർമ്മൻ പോപ്പ് ഗായിക ഹെലൻ ഫിഷർ എന്നിവരും ഈ ഡ്രീം ടീമിലെ മറ്റ് താരങ്ങളാണ്. നേരത്തെ, ഇന്ത്യയിൽ നിന്നുള്ള ഓട്ടിസ്റ്റിക് ആർട്ടിസ്റ്റിന്റെ സഹായത്തോടെ മാറ്റൽ ആദ്യത്തെ 'ഓട്ടിസ്റ്റിക് ബാർബി' പുറത്തിറക്കിയതും വലിയ വാർത്തയായിരുന്നു. വൈവിധ്യങ്ങളെയും ലിംഗസമത്വത്തെയും പ്രോത്സാഹിപ്പിക്കുന്ന ബാർബിയുടെ ഈ നടപടികൾ വൻ സ്വീകാര്യതയാണ് നേടുന്നത്.

View post on Instagram