'ക്യാൻസറിന് പ്രണയം തോന്നിയ ഒരാളെ ഞാന്‍ പ്രണയിച്ചു'; ഡോ. അഞ്ജുവിന് പറയാനുള്ളത്...

By Web TeamFirst Published Apr 9, 2020, 5:37 PM IST
Highlights

ക്യാൻസറിന് പ്രണയം തോന്നിയ ഒരാളെ ഞാന്‍ പ്രണയിച്ചു, പ്രണയം പറഞ്ഞപ്പോൾ മറുപടി ക്യാൻസറാണെന്ന്, ഇപ്പോൾ ഇഷ്ടം തോന്നുന്നുണ്ടോ എന്ന മറുചോദ്യവും. 

കാലങ്ങളായി  എല്ലാവരും ഭയക്കുന്ന രോഗമായി ക്യാന്‍സര്‍ മാറിയിക്കുന്നു. അതുകൊണ്ടുതന്നെ ഒരിക്കല്‍ ക്യാന്‍സര്‍ രോഗം ബാധിച്ചയാളെ സംബന്ധിച്ച് വിവാഹം എന്നത് ചിലപ്പോള്‍ ഒരു സ്വപ്നം മാത്രമായി ഒതുങ്ങിപോകുന്നു. എന്നാല്‍ ഡോക്ടര്‍ കൂടിയായ അഞ്ജു എന്ന പെണ്‍കുട്ടിക്ക് ക്യാന്‍സറിനെ ഭയമില്ലായിരുന്നു. ഇഷ്ടം തോന്നിയ വ്യക്തിയോട് അതു തുറന്നു പറഞ്ഞപ്പോൾ ലഭിച്ചത് തനിക്ക് ക്യാന്‍സറാണെന്നും ഇപ്പോൾ ഇഷ്ടം തോന്നുന്നുണ്ടോ എന്ന മറുചോദ്യവുമാണെന്ന് ഡോ. അ‍ഞ്ജു എസ് കുമാർ തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. എന്നാല്‍ ഇത് ചോദിച്ചയാളെ കല്യാണം കഴിച്ച് ഇപ്പോൾ ആറുമാസം പ്രായമുള്ള കുട്ടിയുടെ മാതാപിതാക്കളായിരിക്കുകയാണ് ഇരുവരും. രണ്ടാം വിവാഹവർഷികത്തോടനുബന്ധിച്ചുള്ള അഞ്ജുവിന്റെ കുറിപ്പ് വായിക്കാം...

ക്യാൻസറിന് പ്രണയം തോന്നിയ ഒരാളെ ഞാൻ പ്രണയിച്ചു. പിന്നെ ഞങ്ങൾ ഒരുമിച്ചു അവനെ ഞങ്ങളുടെ ജീവിതത്തിൽ നിന്ന് ഒഴുവാക്കി. ഇവിടെ തുടങ്ങുന്നു ഞങ്ങളുടെ അതിജീവന കഥ....

ഇന്ന് ഞങ്ങളുടെ രണ്ടാമത് വിവാഹ വാർഷികമാണ്. എനിക്കും ഒരു അതിജീവനത്തിന്റെ കഥ നിങ്ങളോട് പറയാൻ ഉണ്ട്. പ്രണയം തോന്നാത്തതായി ആരുമില്ല..എനിക്കും ഒരാളോട് പ്രണയം തോന്നി... എപ്പോളും ചിരിച്ച മുഖവും എന്തിനും പോസിറ്റീവ് മറുപടി നൽകുന്ന ഒരാളോട്. അങ്ങനെ ഞാൻ അത് തുറന്ന് പറഞ്ഞു.അത് പറഞ്ഞപ്പോൾ കിട്ടിയ മറുപടി ഒരിക്കലും ഞാൻ പ്രതീക്ഷിച്ചിരുന്നതല്ല.

എനിക്ക് ബ്ലഡ് ക്യാൻസറാണ് chemo തെറാപ്പി ട്രീറ്റ്‌മെന്റ് നടക്കുവാണ് ..ഇനി എന്നോട് ഇഷ്ടം തോന്നുണ്ടോന്നു ഒരു ചോദ്യം കൂടെ ഇങ്ങോട്ട്. ഇത് കേട്ട നിമിഷം എനിക് ഒന്നും പറയാൻ സാധിച്ചില്ല.. എപ്പോഴും ചിരിച്ച മുഖത്തിനുള്ളിൽ ഇത്രയേറെ വിഷമം ഉണ്ടെന്നു ഞാൻ ഒരിക്കലും വിചാരിച്ചില്ല. ഇത്‌ അറിഞ്ഞ നിമിഷം അടുത്തതെന്ത് എന്നൊരു ചോദ്യം ഞാൻ എന്നോട് തന്നെ ചോദിച്ചു..അതിന് ഉത്തരവും ഞാൻ തന്നെ കണ്ടെത്തി. ഞങ്ങൾ ഒന്നിക്കണം എന്ന് ഉള്ളത് ദൈവനിശ്ചയമാണ്‌. ഒരു ഡോക്ടർ ആയ ഞാൻ ഈ ഒരു രോഗം കാരണമാക്കി എന്റെ ഉള്ളിലെ ഇഷ്ടം മായിച്ചു കളഞ്ഞാൽ ഞാൻ എന്റെ മനസാക്ഷിയോട് തന്നെ ചെയ്യുന്ന ഒരു വലിയ തെറ്റ് ആണെന്ന് മനസിലാക്കി. അപ്പോൾ ഞാൻ തിരിച്ച് അങ്ങോട്ട്‌ ചോദിച്ചു.

"ക്യാൻസർ വന്നവർ ആരും കല്യാണം കഴിക്കില്ലേ?" അതിന് മറുപടി ഇതായിരുന്നു... " ഇപ്പോൾ അങ്ങാനൊക്കെ തോന്നും പിന്നെ ഇതൊരു തെറ്റായ തീരുമാനം ആണെന്ന് മനസിലാക്കും. എനിക്ക് നിന്നെ ഇഷ്ടമാണ്. പക്ഷെ ഞാൻ അത് എന്റെ ഉള്ളിൽ ഒതുക്കിക്കോള്ളാം. നീ പറഞ്ഞ കാര്യം ഞാൻ ഇപ്പോൾ തന്നെ മറന്നേക്കാം," അപ്പോൾ ഞാൻ പറഞ്ഞു. "ക്യാൻസർ ആരുടെയും സ്വന്തം അല്ല. അത് എനിക്കും വന്നേക്കാം..പിന്നെ നാളെ ഞാൻ കല്യാണം കഴിക്കുന്നാൾക്കും വരാം."

പിന്നെ അങ്ങോട്ടും ഇങ്ങോട്ടും തർക്കിച്ചു അവസാനം ഞാൻ എന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു..പിന്നെ ഒന്നും നോക്കിയില്ല 2 വർഷത്തെ ട്രീറ്റ്‌മെന്റ് "acute lymphoblastic leukemia "യ്ക് ഞാൻ തന്നെ RCC കൂടെ പോയി കംപ്ലീറ്റ് ചെയ്തു..അതിനു ശേഷം 2018 ഏപ്രിൽ 8 ന് ഞങ്ങൾ എല്ലാരുടെയും അനുഗ്രഹത്തോടെ വിവാഹം കഴിച്ചു ജീവിക്കാൻ തുടങ്ങി. പിന്നെ ഇതിൽ എല്ലാം ഉപരി ഞങ്ങൾ ഒന്നിക്കാൻ ഇടയാക്കിയ ഒരാൾ ഉണ്ട്. ഞങ്ങളുടെ രണ്ട് പേരുടെയും പ്രിയ സുഹൃത്ത് ജോമോൻ അവനിലൂടെയാണ് രണ്ട് പാതയിൽ പോയിരുന്ന ഞങ്ങൾ ഒരു പാതയിൽ ആകാൻ ഇടയായത്..

ഇപ്പോൾ ദൈവത്തിന്റെ അനുഗ്രഹവും എല്ലാവരുടെയും പ്രാർഥനയും സ്നേഹവും കൊണ്ട് സന്തോഷമായി ജീവിക്കുന്നു. ഇന്ന് ഞങ്ങളുടെ 2 മത് വിവാഹ വാർഷികമാണ്. ഇപ്പോൾ ഞങ്ങൾക്ക് 6മാസം പ്രായമായ ഒരു പൊന്നു മോളും ഉണ്ട്.ഇപ്പോൾ 6 മാസത്തിൽ RCC യിൽ ചെക്കപ്പ് ഉണ്ട്.ഇനി അടുത്ത ചെക്കപ്പ് ജൂണിൽ ആണ്. ഇതുവരെ ഞങ്ങൾ രണ്ടുപേരും കൂടിയാണ് പോയത് ഇനി ഞങ്ങൾ മൂന്നുപേരും കൂടിപോകും.

ഇതുവരെ ഞങ്ങൾ ഒരു കുഴപ്പവും ഇല്ലാതെ സന്തോഷമായി ജീവിക്കുന്നു. നാളത്തെ കാര്യം നമ്മൾ ആരും തീരുമാനിക്കുന്നതല്ല. നമ്മുക്ക് പ്രേവചിക്കാനും സാധിക്കില്ല. അത് ദൈവത്തിന്റെ കയ്യിലാണ്. ഇപ്പോൾ ഞാൻ ഇതു ഇവിടെ പറയാൻ ഉണ്ടായ സാഹചര്യം എന്തെന്നാൽ ഞങ്ങളെ അറിയാവുന്ന കുറച്ച് പേരുടെ സംശയം തീർക്കാനാണ്.

ക്യാൻസർ വന്നവർ എല്ലാവരും മരിക്കണമെന്നില്ല.ക്യാൻസർ എന്ന രോഗം പകരുന്നതല്ല അതുകൊണ്ട് തന്നെ. ക്യാൻസർ ട്രീറ്റ്‌മെന്റ് കഴിഞ്ഞ ആളെ കല്യാണം കഴിച്ചാൽ നമുക്ക് ഒരിക്കലും ക്യാൻസർ വരില്ല .ഉണ്ടാവുന്ന കുഞ്ഞിനും വരണമെന്നില്ല. പിന്നെ ഈ പറയുന്നവർ ആരും എനിക്ക് ഇതിലും നല്ലൊരു ജീവിതവും കിട്ടാത്തതിൽ വിഷമിക്കേണ്ട. ഇത് എന്റെ അഹങ്കാരം കൊണ്ട് പറയുകയല്ല. ഇത്‌ പോലുള്ളവരുടെ സംസാരം കേൾക്കുമ്പോൾ വലിയ വിഷമമാണ്‌ ഉണ്ടാകുന്നത്. ദയവുചെയ്ത് അറിഞ്ഞുകൊണ്ട് ആരേം വേദനിപ്പിക്കാതെ ഇരിക്കുക.

എഴുതാൻ ആണേൽ ഒരുപാട് ഉണ്ട്. അതുകൊണ്ട് വലിച്ചു നീട്ടാതെ ഞാൻ ഇവിടെ നിർത്തുന്നു. ഒരിക്കലും സോഷ്യൽ മീഡിയയിൽ പറയണം എന്ന് വിചാരിച്ചതല്ല..സാഹചര്യം മാത്രമാണ് എന്നെക്കൊണ്ട് ഇത് ഇവിടെ പറയിച്ചത്..ഞാൻ അരുടേം മുന്നിൽ ഒന്നും മറച്ചു വെക്കുന്നില്ല..മാത്രമല്ല ഇവിടെ പുതിയതായി ട്രീറ്റ്‌മെന്റ് തുടങ്ങുന്നവർക്കു ഒരു ആത്മവിശ്വാസം കൂടാനും കൂടിയാണ്...

ക്യാൻസർ എന്നത് ഒന്നിന്റേം അവസാനം അല്ല പുതിയൊരു ജീവിതത്തിന്റെ തുടക്കം ആണെന്ന് എല്ലാവരും മനസിലാക്കണം. 

 

click me!