Latest Videos

കുഞ്ഞു വേണോ, പുക വിടണോ; രണ്ടിലൊന്ന് തീരുമാനിച്ചിട്ടു മതി..!

By Web TeamFirst Published May 4, 2019, 10:47 AM IST
Highlights

സിഗരറ്റിന്റെ പുകയിൽ നിന്നും പൂർണ്ണമായും നിങ്ങൾ മുക്തി പ്രാപിച്ച ശേഷം മാത്രം  ഒരു കുഞ്ഞിനെപ്പറ്റി ചിന്തിക്കുക. നിങ്ങളുടെ പങ്കാളിക്കും സിഗററ്റുവലിക്കുന്ന ശീലമുണ്ടങ്കിൽ, കഴിവതും രണ്ടുപേരും കൂടി ഒന്നിച്ചു നിർത്തുക.  വീണ്ടും തുടങ്ങാനുള്ള പ്രലോഭനങ്ങളെ ഒരുമിച്ചു തടുക്കുക. 

പുകവലി ശരീരത്തിന് എത്ര ദോഷകരമാണെന്ന് എല്ലാവർക്കും നല്ലപോലെ അറിവുള്ളതാണ്. എന്നിട്ടും വലിക്കുന്നവരുടെ എണ്ണത്തിന് മാത്രം ഒരു കുറവുമില്ല. പണ്ടുകാലങ്ങളിൽ ഒളിച്ചും പാത്തുമൊക്കെ നടത്തിയിരുന്ന ഈ 'ആത്മാവിന് ശാന്തി നൽകൽ' പരിപാടിയ്ക്ക് ഇന്ന് സമൂഹത്തിൽ സ്വീകാര്യത ഏറിയിട്ടുണ്ട്. അതോടൊപ്പം, പുകവലിയ്ക്കുന്ന സ്ത്രീകളുടെ എണ്ണവും പണ്ടത്തേക്കാൾ കൂടിയിട്ടുണ്ടിന്ന്. സ്ത്രീകളിൽ സിഗററ്റുവലികൊണ്ടുണ്ടാവുന്ന ദോഷഫലങ്ങളിൽ മുഖ്യമായ ഒന്ന് ഒരു കുഞ്ഞുണ്ടാവുന്നതിന് അതുണ്ടാക്കുന്ന പ്രയാസങ്ങളാണ്.  

പുകവലിയും സ്ത്രീകളിലെ വന്ധ്യതയും 

പുകവലിയുടെ ദോഷഫലങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് ഒരാളുടെ പ്രത്യുത്പാദന ശേഷിയിൽ അതുവരുത്തുന്ന കുറവാണ്. പുരുഷന്മാരെ അത് ബാധിക്കും എന്നത് പണ്ടുമുതലേ കേട്ടിട്ടുള്ള ഒന്നാണ്. എന്നാൽ, സ്ത്രീകൾ കൂടുതൽ പുകവലിയിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത്, സ്ത്രീകളെ കേന്ദ്രീകരിച്ചുകൊണ്ടും ഈ വിഷയത്തിൽ പഠനങ്ങൾ ചില പഠനങ്ങൾ അടുത്തകാലത്ത് നടക്കുകയുണ്ടായി. ഈ പഠനങ്ങൾ പ്രകാരം, പുകവലിയ്ക്കുന്ന പുരുഷന്മാർക്ക് പ്രത്യുത്പാദന ശേഷിയിൽ വരുന്ന ഇടിവോളം തന്നെ വരും പുകവലിക്കുന്ന സ്ത്രീകളിലേതും. അതിന്റെ വിശദാംശങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്.

ലൈംഗിക ബന്ധം നടന്ന് അണ്ഡവും ബീജവും സംയോജിച്ച് ഗർഭാശയത്തിൽ കുരുക്കുന്നതോടെ പ്രത്യുത്പാദനത്തിലെ പുരുഷന്റെ ശാരീരികമായ പങ്ക് അവസാനിക്കുകയാണ്. ചുരുങ്ങിയത് പ്രത്യക്ഷമായ രീതിയിലെങ്കിലും. എന്നാൽ ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം, അത് പ്രത്യുത്പാദനപ്രക്രിയയിലെ ആദ്യത്തെ പടി മാത്രമാണ്. അവിടെ നിന്നങ്ങോട്ട് അവരുടെ ശരീരം അന്തമില്ലാത്ത മാറ്റങ്ങൾക്ക് വിധേയമാവുകയാണ്. സിഗരറ്റു വലി ശീലമാക്കിയ ഒരു സ്ത്രീയ്ക്ക് യഥാസമയം അറിയാൻ കഴിയാത്ത ഒരു കാര്യമുണ്ട്. തന്റെ പങ്കാളിയുമായി ബന്ധപ്പെട്ടതിൽ നിന്നും ഗർഭപാത്രത്തിലെ ഒരു ഭ്രൂണം കുരുത്തിരിക്കുന്നു എന്ന വിവരം. അത് തത്സമയം അവൾക്ക് അറിയാൻ കഴിയില്ല. ആർത്തവം വരേണ്ട നാളിൽ വരാതിരിക്കുമ്പോഴോ, വയറ്റിലെ പേശികളിൽ അകാരണമായ വലിവ് വരുമ്പോഴോ, അല്ലെങ്കിൽ ഭക്ഷണ ശീലങ്ങളിൽ മാറ്റങ്ങൾ അനുഭവപ്പെടുമ്പോഴോ, ചില കേസുകളിൽ ഛർദ്ദി, തലചുറ്റൽ തുടങ്ങിയ ബാഹ്യലക്ഷണങ്ങൾ അനുഭവപ്പെടുമ്പോഴോ മാത്രമാണ് അവൾ അതേപ്പറ്റി അറിയുന്നത്. 

എന്നാൽ അത്രയും കാലം, അതായത് ചിലപ്പോൾ ഒരു മാസം വരെയുള്ള കാലയളവ് അവൾ അത് അറിയാതെയാണ് കഴിച്ചുകൂട്ടുന്നത്. ഈ കാലയളവിൽ ചിലപ്പോൾ അവൾക്ക് ജോലിയിലോ വ്യക്തിബന്ധങ്ങളിലോ മാനസിക സമ്മർദ്ദങ്ങളിലൂടെ കടന്നു പോവേണ്ടി വരാം. പുകവലിക്കുന്ന ശീലമുള്ള ആളാണെങ്കിൽ അവൾ ആ സമ്മർദ്ദങ്ങളെ അതിജീവിക്കാൻ സിഗരറ്റ് വലിച്ചു തള്ളി എന്ന് വരാം. അങ്ങനെ വലിച്ചു തള്ളുന്ന ഓരോ സിഗരറ്റും താനറിയാതെ തന്റെ ഗർഭം അലസിപ്പോവാനുള്ള കാരണമായേക്കും എന്ന് ആ നിമിഷത്തിൽ അവൾ തിരിച്ചറിയുന്നില്ല. രണ്ടുണ്ട് കാരണം. ഒന്ന്, താൻ ഗർഭിണിയാണ് എന്ന സത്യം അവൾ അപ്പോൾ അറിയുന്നില്ല. രണ്ട്, തന്റെ വയറ്റിൽ കുരുക്കുന്ന ഗർഭത്തെ അലസിപ്പിക്കാൻ മാത്രം പോന്ന പാർശ്വഫലങ്ങൾ പുകവലിയ്ക്കുണ്ട് എന്നും അവൾ തിരിച്ചറിയുന്നില്ല പലപ്പോഴും. 

ഗർഭം അലസിപ്പോവുന്നതിന്റെ ഒരു പ്രധാന കാരണം ക്രോമോസോമുകളിൽ വരുന്ന പ്രശ്നങ്ങളാണ്. അവിടെ അമിതമായ സിഗരറ്റുവലി വളരെ വലിയ ഒരു റോളാണ് എടുക്കുന്നത്. മാത്രവുമല്ല പുകവലി ഗർഭാശയത്തിന്റെ ആന്തരിക സ്തരത്തെ ബാധിക്കും. ഭ്രൂണത്തെ പിടിച്ചു നിർത്താനുള്ള അതിന്റെ കഴിവിനെ ക്ഷയിപ്പിക്കും. അത് ആദ്യഘട്ടങ്ങളിൽ ഗർഭം അലസിപ്പോവുന്നതിലേക്ക് വരെ നയിച്ചെന്നു വരാം. 

പുകവലി ശീലമാക്കിയ അമ്മമാരുടെ പ്ലാസന്റയ്ക്ക്, കുഞ്ഞിനുവേണ്ട ഓക്സിജനും മറ്റു പോഷണങ്ങളും പകരാനുള്ള ശേഷി കുറവായിരിക്കും. ഇത് ഗർഭാവസ്ഥയിലുള്ള കുഞ്ഞിന് വേണ്ട പോഷണം കിട്ടാതെയാവാൻ കാരണമാവും. ചിലപ്പോൾ കുഞ്ഞിന്റെ മരണത്തിലേക്ക് വരെ ഇത് നയിച്ചേക്കാം. ചിലപ്പോൾ പിറന്നുവീഴുന്ന കുഞ്ഞ്, അതിന് ഗർഭാവസ്ഥയിൽ വേണ്ടുന്ന പോഷണങ്ങൾ കിട്ടാതിരുന്നതിനാൽ വളരെയധികം ഭാരക്കുറവുള്ളതാവാം. ചിലപ്പോൾ ചാപിള്ളയായും പിറന്നുവീണെന്നു വരാം കുഞ്ഞ്. 

ഇതൊക്കെ എത്രപേർക്കറിയാം..?

സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്, ഇങ്ങനെ ഒരു റിസ്ക് തങ്ങളുടെ പുകവലി ശീലത്തിനുള്ളതായി നാലിലൊന്ന് ഭാവി അമ്മമാർക്കും അറിവില്ല എന്നാണ്. എന്നാൽ ഗർഭം അലസിപ്പോവുന്നത് മാത്രമല്ല പുകവലിയുടെ യഥാർത്ഥ പ്രശ്നം. അത് മറ്റു പല അസുഖങ്ങളും ബാധിക്കാവുന്ന ഒരു ദുർബലമായ പ്രതിരോധാവസ്ഥയിലേക്ക് സ്ത്രീകളുടെ ശരീരത്തെ കൊണ്ട് നിർത്തുന്നു എന്നതാണ്. പുകവലി കൊണ്ട് വരാൻ സാധ്യതയേറുന്നു അസുഖങ്ങൾ പലതാണ്. അതിൽ പലയിനം കാൻസറുകളുണ്ട്, ഹൃദ്രോഗങ്ങളുണ്ട്, ശ്വാസകോശരോഗങ്ങളുണ്ട്, മറ്റു പല അസുഖങ്ങളുമുണ്ട്, വന്ധ്യതയും അതിലൊന്നാണ്. 

എത്ര സിഗററ്റുവെച്ച് വലിക്കാം, സേഫായി..?  

ദിവസത്തിൽ ഒന്നോ രണ്ടോ വെച്ച് വലിച്ചാൽ കൊഴപ്പമുണ്ടോ..? ഈ ചോദ്യം ചോദിക്കാത്തവരായി ആരും കാണില്ല സ്ത്രീകളിൽ. ആ ശീലം അങ്ങ് വിടാൻ ഒരു മടി കാണും. വളരെയധികം ഘടകങ്ങൾ ഒന്നിച്ച് നമുക്ക് ഗുണകരമായ രീതിയിൽ വന്നാൽ മാത്രം സംഭവിക്കുന്ന ഒരു അത്ഭുതമാണ് ഗർഭധാരണം. അത് നടക്കാനുള്ള സാധ്യത കൂട്ടാനുള്ള ഒരു എളുപ്പവഴി, അതിന് വിരുദ്ധമായി നിൽക്കാൻ വിദൂര സാധ്യതയെങ്കിലും ഉള്ള ഘടകങ്ങളെ പാടെ ഒഴിവാക്കുക എന്നതാണ്. ഒന്നോ രണ്ടോ സിഗരറ്റ് വലിച്ച്, ഗർഭധാരണം നടക്കാതിരിക്കാനോ അല്ലെങ്കിൽ നടന്ന ഗർഭധാരണം അലസിപ്പോവാനോ ഒക്കെയുള്ള നേരിയ ഒരു സാധ്യതയെ ചിത്രത്തിൽ നിലനിർത്താതിരിക്കുന്നതാവും ബുദ്ധി. 

സിഗരറ്റ് എന്ന വിഷമിശ്രിതം 

കുഞ്ഞിന്റെ ജീവനെ അത് ഗർഭപാത്രത്തിൽ പൊടിച്ചുതുടങ്ങും മുമ്പ് അപഹരിക്കാൻ പോന്ന ഒരു മാരകവിഷമാണ് സിഗരറ്റ്. സിഗരറ്റിന്റെപുക എന്നുപറയുന്നത് 7000-ലധികം കെമിക്കലുകളുടെ ഒരു കോക്ക്ടെയിലാണ്. അതിൽ 250 എണ്ണം വിഷസംയുക്തങ്ങളാണ്  എന്നും, 70  എണ്ണം പലവിധം കാൻസറുകൾക്ക് കാരണമാവുന്നതാണെന്നും തെളിഞ്ഞിട്ടുള്ളതാണ്.  അത് നേരിട്ടുള്ള സിഗററ്റുപുകയുടെ കാര്യം. ഇനി 'സെക്കൻഡ് ഹാൻഡ് സ്‌മോക്ക്' എന്ന ഓമനപ്പേരിലറിയപ്പെടുന്ന, ഒരാൾ പുകച്ചു വിട്ട പുകയോ..? അതും നിങ്ങൾക്ക് അപകടകരം തന്നെ. അതായത്, സിഗരറ്റ് വലിച്ചോളണം എന്നില്ല, വലിച്ചുകൊണ്ടിരിക്കുന്നവരുടെ അടുത്ത് ചെന്ന് നിന്നാൽ മാത്രം മതി എന്നർത്ഥം. 

 

 

സിഗരറ്റുവലി ശീലമാക്കിയ സ്ത്രീകൾക്ക് ഗർഭധാരണം അത്ര എളുപ്പമാവില്ല എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. അതുകൊണ്ട് നിങ്ങൾക്ക് കുട്ടികൾ വേണമെന്ന് തോന്നുന്നുണ്ടെങ്കിൽ, ശ്രമിച്ചു തുടങ്ങുന്നതിന് ഒരു മൂന്നുമാസം മുമ്പെങ്കിലും നിങ്ങൾ സിഗററ്റുമായുള്ള ബന്ധം പൂർണ്ണമായും വേർപെടുത്തിയിരിക്കണം. എന്നിട്ടുമതി ബാക്കി പരിശ്രമങ്ങളൊക്കെ. സിഗരറ്റു വലിക്കുന്ന സ്ത്രീകളിൽ 'എക്ടോപ്പിക് പ്രെഗ്നൻസി' അഥവാ ഗർഭാശയത്തിനു പകരം ഫാലോപ്പിയൻ ട്യൂബിൽ ഗർഭധാരണം നടക്കാനുള്ള സാധ്യത ഇരട്ടിയാണ്. പ്ലാസന്റ പ്രിവിയ എന്ന സങ്കീർണ്ണത സംഭവിക്കാനുള്ള സാധ്യതയും പുകവലിക്കുന്ന സ്ത്രീകളിൽ അധികമാണ്. പുകവലിയ്ക്കുന്ന സ്ത്രീകളുടെ അമ്നിയോട്ടിക് സ്തരത്തിനും ബലം കുറവായിരിക്കും, അതുകൊണ്ട് മാസം തികയാതെ പ്രസവിക്കാനുള്ള സാധ്യത വളരെ കൂടുതലായിരിക്കും അവരിൽ. 

ചുരുക്കത്തിൽ, ഒരു കുഞ്ഞിക്കാലിനായി കൊതിച്ച് നിങ്ങൾ അതിനായി പരിശ്രമിച്ചു തുടങ്ങുന്നതിന് മുമ്പുതന്നെ 'സിഗരറ്റു വലി' എന്ന നിങ്ങളുടെ ശീലത്തെ ഒഴിവാക്കാൻ നിങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ, നിങ്ങളുടെ പരിശ്രമത്തിൽ നിങ്ങൾ വിജയിക്കാതിരിക്കാനോ, ഇനി വിജയിച്ചെങ്കിലും തന്നെ ആ ഗർഭം അലസിപ്പോവാനോ ഒക്കെയുള്ള സാദ്ധ്യതകൾ കൂടുതലാവും. 

എന്നാലും, എത്ര സിഗരറ്റു വരെ വലിക്കാം..? ചില പഠനങ്ങൾ പ്രകാരം, ദിവസം 10  സിഗററ്റിനുമേൽ വലിച്ചിരുന്ന സ്ത്രീകളിൽ ഗർഭധാരണം നടക്കാതിരിക്കാൻ, ഗർഭം അലസൽ എന്നിവ കൂടുതലായിരുന്നു. എന്നാൽ 10  സിഗരറ്റ് എന്നത് ഒരു സുരക്ഷിതമായ നമ്പർ ആണെന്ന് കരുതാൻ പറ്റില്ല, കാരണം ഓരോരുത്തരുടെയും ശരീരവും വ്യത്യസ്തമായാണ് സിഗരറ്റിന്റെ പുകയോട് പ്രതികരിക്കുക. അതുകൊണ്ട് ഉണ്ടാവാൻ സാധ്യതയുള്ള അപകടത്തെ ദൂരെ മാറ്റി നിർത്തുകയാവും, അപകടം കൊണ്ട് കളിച്ച് പരീക്ഷണങ്ങൾ നടത്തുന്നതിനേക്കാൾ നല്ലത്. ഏതിനും, സിഗരറ്റു വലിക്കുന്ന സ്ത്രീകളെക്കാൾ പെട്ടെന്ന് ഗർഭം ധരിക്കാനുള്ള സാധ്യത സിഗരറ്റ് വലിക്കാത്ത സ്ത്രീകൾക്കാണ് എന്ന് ചുരുക്കം. 

ഇനി എങ്ങനെ നിർത്തും വലി .. ?

ചിലപ്പോൾ നിങ്ങൾ ഏറെക്കാലമായി സിഗരറ്റു വലി ശീലമാക്കിയ ആളാവും. 'ഇനിയിപ്പോൾ നിർത്താനൊക്കെ വലിയ പ്രയാസമാണപ്പാ.. ' എന്നാവും നിങ്ങൾ കരുതുന്നതും. നല്ലൊരു കാര്യത്തിനാണല്ലോ എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ആ ശീലം നിർത്താൻ ശ്രമിക്കുക. സിഗരറ്റിന്റെ പുകയിൽ നിന്നും പൂർണ്ണമായും നിങ്ങൾ മുക്തി പ്രാപിച്ച ശേഷം മാത്രം  ഒരു കുഞ്ഞിനെപ്പറ്റി ചിന്തിക്കുക. നിങ്ങളുടെ പങ്കാളിക്കും സിഗററ്റുവലിക്കുന്ന ശീലമുണ്ടങ്കിൽ, കഴിവതും രണ്ടുപേരും കൂടി ഒന്നിച്ചു നിർത്തുക. വീണ്ടും തുടങ്ങാനുള്ള പ്രലോഭനങ്ങളെ ഒരുമിച്ചു തടുക്കുക.. 

click me!