
ബോഡി ബിൽഡർമാരായ നിരവധി സ്ത്രീകളെ നമ്മൾ കണ്ടിട്ടുണ്ടാകും. എന്നാൽ സ്വന്തം കല്യാണ ദിവസത്തിൽ മസില് പിടിച്ച് നവവധുവാകാൻ സാരിയുടുത്ത്, വ്യത്യസ്ത ലുക്കിൽ ഒരുങ്ങി നിൽക്കുന്ന യുവതിയുടെ വീഡിയോ ദൃശ്യങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് സമൂഹ മാധ്യമം. ബോഡി ബിൽഡറും ഫിറ്റ്നസ് പരിശീലകയുമായ കർണാടക സ്വദേശി ചിത്ര പുരുഷോത്തതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. കല്യാണ ദിവസം കാഞ്ചിവരം സാരിയിൽ വധുവിന്റെ വേഷത്തിൽ അണിഞ്ഞൊരുങ്ങിയ ചിത്ര മസില് പിടിച്ച് നിൽക്കുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സാരിയുടുത്ത് അതിനൊപ്പം ആഭരണങ്ങളും അണിഞ്ഞ് തന്റെ കൈകളിലെ പേശികളെ അഭിമാനത്തോടെ എടുത്ത് കാണിക്കുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്.
തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ചിത്ര വീഡിയോ പങ്കുവെച്ചത്. അതിൽ ഇങ്ങനെയായിരുന്നു ചിത്ര കുറിച്ചിരുന്നത്...'നിങ്ങളുടെ ശരീരം നിങ്ങളുടെ കഠിനാധ്വാനത്തിൻെറയും സമർപ്പണത്തിന്റെയും പ്രതിഫലനമാണ്. ഇതുപോലൊന്ന് നേടുക അത്ര എളുപ്പമുള്ള കാര്യമല്ല, ഇത് മറ്റുള്ളവർക്കും പ്രചോദനം നൽകുന്നതാണ്' എന്നായിരുന്നു ചിത്രയുടെ വാക്കുകൾ. 34 മില്ല്യൺ ആളുകളാണ് ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ കണ്ടത്.
നല്ലതും മോശവുമായ പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിച്ചത്. ചിലർ യുവതിയുടെ ആത്മവിശ്വാസത്തെ പ്രശംസിക്കുകയും ചിലർ കളിയാക്കുകയും ചെയ്തു. ആഭരണത്തിനൊപ്പം ബോഡി ബിൽഡിങ് മെഡലുകൾ ധരിക്കാനും ചിലർ ആവശ്യപ്പെട്ടു. പെണ്മക്കളെ ഇത്തരത്തിൽ ശാരീരികമായും മാനസികമായും ശക്തിയുള്ളവരാക്കി വളർത്തണമെന്ന് മറ്റുചിലർ അഭിപ്രായപ്പെട്ടു. എന്നാൽ സ്ത്രീകൾക്ക് പുരുഷന്മാരുടെ പോലെയുള്ള ശരീരപ്രകൃതം ചേരില്ലെന്നാണ് ഒരു കൂട്ടം ആളുകളുടെ അഭിപ്രായം.
അതേസമയം നിരവധി പെൺകുട്ടികൾക്ക് പ്രചോദനമാണ് ചിത്രയുടെ ഈ വൈറൽ ദൃശ്യങ്ങൾ. ഒരു സാധാരണ സ്ത്രീയിൽനിന്നും ഫിറ്റും പേശിബലവുമുള്ള ശരീരത്തിലേക്കുള്ള അവരുടെ യാത്ര നിരവധി സ്ത്രീകളെ ആരോഗ്യകരമായ ജീവിതശൈലികൾ സ്വീകരിക്കാൻ പ്രചോദനം നൽകുന്നതാണ്. തന്റെ കല്യാണദിവസം തന്നെ അത്തരമൊരു വേഷം തെരഞ്ഞെടുത്തതാണ് ചിത്രയെ കൂടുതൽ വ്യത്യസ്തമാക്കുന്നത്.
ആരാണ് ഇന്ത്യൻ വംശജ അസ്മ ഖാൻ; ചാൾസ് രാജാവിനും കാമില രാജ്ഞിക്കും വിരുന്നൊരുക്കിയ ഷെഫ്