
ഫാഷൻ ലോകത്ത് ചിലരുണ്ട്, അവർ ട്രെൻഡുകളെ പിന്തുടരുന്നവരല്ല, മറിച്ച് തങ്ങൾ ചെയ്യുന്നതിനെ ട്രെൻഡുകളാക്കി മാറ്റുന്നവർ. അത്തരത്തിൽ കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി പാരിസിലെ ഫാഷൻ ലോകത്തെ സിംഹാസനത്തിലിരുന്ന 'അവസാനത്തെ രാജ്ഞി'യായിരുന്നു ജാക്വലിൻ ഡി റൈബ്സ്.
ലോകം കണ്ട ഏറ്റവും സുന്ദരിയായ ഡിസൈനർ, പാരിസിലെ ഫാഷൻ ലോകത്തെ അവസാനത്തെ രാജ്ഞി, വിശേഷണങ്ങൾ പലതാണ് ജാക്വലിൻ ഡി റൈബ്സിന്. 93-ാം വയസ്സിൽ ജനീവയിലെ തന്റെ സ്വകാര്യ വസതിയിൽ വെച്ച് അവർ വിടവാങ്ങുമ്പോൾ, ഫാഷൻ ലോകത്തിന് നഷ്ടമാകുന്നത് ഏറ്റവും വലിയ 'സ്റ്റൈൽ ഐക്കണിനെ' ആണ്.
1929-ൽ പാരീസിലെ ഒരു പ്രഭു കുടുംബത്തിൽ ജനിച്ച ജാക്വലിന്റെ ഉള്ളിൽ ഒരു കലാകാരി ഉണ്ടായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ കടുത്ത നിയന്ത്രണങ്ങൾക്കിടയിൽ, കിട്ടുന്ന തുണികളും പഴയ ബെഡ്ഷീറ്റുകളും മുറിച്ചാണ് അവൾ തന്റെ ആദ്യ വസ്ത്രങ്ങൾ തുന്നിയൊടുത്തത്. ഫാഷൻ എന്നത് പണമല്ല, മറിച്ച് ഭാവനയാണെന്ന് ആ ചെറിയ പെൺകുട്ടി അന്ന് തെളിയിച്ചു.
അൻപതുകളിലും അറുപതുകളിലും ന്യൂയോർക്കിലെ നൈറ്റ് പാർട്ടികളിൽ ജാക്വലിൻ എത്തുമ്പോൾ എല്ലാവരും ശ്വാസമടക്കി നോക്കി നിന്നുപോകുമായിരുന്നു. വിഖ്യാത എഴുത്തുകാരൻ ട്രൂമാൻ കാപോട്ട് അവരെ വിളിച്ചിരുന്നത് 'സ്വാൻ' (അരയന്നം) എന്നായിരുന്നു. അവരുടെ നീണ്ട കഴുത്തും, മൂക്കും, ഗാംഭീര്യമുള്ള നടത്തവും ഒരു ഗ്രീക്ക് പ്രതിമയെ അനുസ്മരിപ്പിച്ചു. ഏത് വസ്ത്രത്തെയും ഒരു ശില്പം പോലെ മാറ്റിയെടുക്കാനുള്ള കഴിവും അവരെ അക്കാലത്തെ ക്യാമറക്കണ്ണുകളുടെ പ്രിയങ്കരിയാക്കി. റിച്ചാർഡ് അവെഡൺ എന്ന ലോകപ്രശസ്ത ഫോട്ടോഗ്രാഫർ പകർത്തിയ അവരുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ ഇന്നും ഫാഷൻ മാഗസിനുകളുടെ കവർ പേജുകളെ അലങ്കരിക്കുന്നു.
മിക്കവാറും എല്ലാ വലിയ ഡിസൈനർമാരും ജാക്വലിനെ ആരാധിച്ചിരുന്നു. വാലന്റീനോയിൽ നിന്നോ വൈവ്സ് സെന്റ് ലോറന്റിൽ നിന്നോ ഒരു വസ്ത്രം വാങ്ങിയാൽ, അവർ അത് അതേപടി ധരിക്കില്ല. വീട്ടിലെത്തി സ്വന്തം കൈകൊണ്ട് ആ വസ്ത്രം മുറിക്കും, പിൻ ചെയ്യും, ചിലപ്പോൾ തുന്നിച്ചേർക്കും. ഒരിക്കൽ പ്രശസ്ത ഡിസൈനർ ക്രിസ്റ്റ്യൻ ഡിയോർ പോലും തമാശയായി പറഞ്ഞിരുന്നു, "എന്റെ ഡിസൈനുകൾ ജാക്വലിന്റെ കയ്യിൽ കിട്ടിയാൽ അത് മറ്റൊന്നായി മാറും, പക്ഷേ അത് ആദ്യത്തേതിനേക്കാൾ മനോഹരമായിരിക്കും'.
ഒരു പ്രഭു കുടുംബത്തിലെ അംഗമായതുകൊണ്ട് തന്നെ പരസ്യമായി ജോലി ചെയ്യുന്നതിന് അക്കാലത്ത് ചില നിയന്ത്രണങ്ങൾ ജാക്വലിന് ഉണ്ടായിരുന്നു. എന്നാൽ തന്റെ ഫാഷൻ അറിവുകൾ സാധാരണക്കാരിലേക്ക് എത്തിക്കാൻ അവർ തീരുമാനിച്ചു. 'മേരി ക്ലെയർ' എന്ന പ്രസിദ്ധമായ ഫ്രഞ്ച് മാഗസിനിൽ ഒരു അപരനാമത്തിൽ അവർ വസ്ത്രധാരണത്തെക്കുറിച്ച് എഴുതിത്തുടങ്ങി. "പണമില്ലെങ്കിലും എങ്ങനെ സ്റ്റൈലിഷ് ആകാം" എന്നതായിരുന്നു അവരുടെ പ്രധാന വിഷയം. ഈ കോളത്തിലൂടെ ആയിരക്കണക്കിന് സ്ത്രീകളെ തങ്ങളുടെ വ്യക്തിത്വം കണ്ടെത്താൻ അവർ സഹായിച്ചു. 1956-ൽ ഗൈ ലാറോഷ് എന്ന ഡിസൈനർക്ക് തന്റെ ഫാഷൻ ഹൗസ് തുടങ്ങാൻ സാമ്പത്തിക സഹായം നൽകിയതും ജാക്വലിന്റെ ദീർഘവീക്ഷണമായിരുന്നു.
1982-ൽ തൻ്റെ 53-ാം വയസ്സിലാണ് ജാക്വലിൻ സ്വന്തമായി ഒരു ഫാഷൻ ഹൗസ് തുടങ്ങിയത്. അപ്പോഴേക്കും അവർ ഫാഷൻ ലോകത്തെ എല്ലാ പുരസ്കാരങ്ങളും നേടിയിരുന്നു. അമേരിക്കൻ വിപണിയിലെ വൻകിട ഡിപ്പാർട്ട്മെൻ്റ സ്റ്റോറുകൾ ജാക്വലിൻ്റെ വസ്ത്രങ്ങൾക്കായി മത്സരിച്ചു. ജോവാൻ കോളിൻസിവനെപ്പോലെയുള്ള ഹോളിവുഡ് താരങ്ങൾ അവരുടെ വസ്ത്രങ്ങളുടെ സ്ഥിരം ആരാധകരായി മാറി. 1995-ൽ ആരോഗ്യപരമായ കാരണങ്ങളാൽ അവർ ഫാഷൻ രംഗത്ത് നിന്ന് വിരമിച്ചെങ്കിലും അവരുടെ സ്വാധീനം ഒട്ടും കുറഞ്ഞില്ല.
2015-ൽ ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട്, ജാക്വലിന്റെ വസ്ത്രശേഖരങ്ങൾക്കായി ഒരു പ്രത്യേക പ്രദർശനം ഒരുക്കി. ജീവിച്ചിരിക്കുന്ന ഒരു വ്യക്തിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ആദരവായിരുന്നു അത്. 60 വർഷത്തോളമുള്ള അവരുടെ വസ്ത്രധാരണ രീതികൾ ഒരു ചരിത്രരേഖ പോലെ അവിടെ പ്രദർശിപ്പിച്ചു.
ജാക്വലിൻ ഡി റൈബ്സ് അന്തരിക്കുമ്പോൾ പാരിസിന് നഷ്ടമാകുന്നത് അതിന്റെ ഏറ്റവും തിളക്കമുള്ള ഒരു നക്ഷത്രത്തെയാണ്. ഫാഷൻ എന്നത് വെറും പ്രദർശനമല്ല, മറിച്ച് അത് ഒരാളുടെ ആത്മാവിഷ്കാരമാണെന്ന് സ്വന്തം ജീവിതത്തിലൂടെ അവർ തെളിയിച്ചു. വസ്ത്രങ്ങൾ മാറാം, കാലങ്ങൾ മാറാം, പക്ഷേ ജാക്വലിൻ സൃഷ്ടിച്ച ആ 'അരയന്നത്തിന്റെ' ലാളിത്യവും ഗാംഭീര്യവും ഫാഷൻ ചരിത്രത്തിൽ എന്നും മായാതെ നിൽക്കും.