
തിരഞ്ഞെടുപ്പിന്റെ ദിനങ്ങളിലാണ് ഓഫ് റോഡ് റേസർ റിയ എന്ന സ്ഥാനാർഥിയിലേക്ക് നമ്മുടെ ശ്രദ്ധയെത്തുന്നത്. പാലാ നഗരസഭ കവീകുന്ന് 8–ാം വാർഡ് യുഡിഎഫ് സ്ഥാനാർഥിയായിരുന്നു റിയ ചീരാംകുഴിയിൽ. തിരഞ്ഞെടുപ്പിൽ വിജയം കൈവരിച്ചതോടെ റിയ കൂടുതൽ ശ്രദ്ധ നേടുകയാണ്. പൊതുവെ പെൺകുട്ടികൾ അധികം വരാത്ത മേഖലയാണ് ഓഫ് റോഡ് റേസിംഗ്. അറിയപ്പെടുന്ന ഓഫ് റോഡ് റേസറാണ് പിതാവ് ബിനോ. അച്ഛന്റെ അതേ വണ്ടിഭ്രാന്ത് മകൾ റിയയ്ക്കും കിട്ടി. 14-ാം വയസ്സിൽ അച്ഛന്റെ പിന്തുണയോടെ റിയ ഡ്രൈവിങ് പഠിച്ചു.
ജീപ്പും, ബുള്ളറ്റുമൊക്കെ ഓടിക്കാൻ തുടങ്ങി. എന്നാൽ ലൈസൻസ് ഇല്ലാത്തതിനാൽ യാത്രകൾ ചുരുക്കമായിരുന്നു. 18-ാം വയസ്സിൽ ഡ്രൈവിങ് ലൈസൻസ് എടുത്തതോടെ അച്ഛൻ ജീപ്പ് റേസിംഗും റിയയെ പഠിപ്പിച്ചു. അച്ഛനൊരു പാറമടയുണ്ട്. എന്നാൽ അവിടേക്ക് എത്തിച്ചേരുക സാഹസികതകൾ നിറഞ്ഞതാണ്. പാറമടയിലേക്കുള്ള പെട്രോളും മറ്റു സാധനങ്ങളും എത്തിക്കാൻ അച്ഛൻ എന്നെ വിടുമായിരുന്നു. ആ യാത്ര തനിക്ക് കൂടുതൽ പ്രചോദനവും ആത്മവിശ്വാസവും നൽകിയെന്നും റിയ പറയുന്നു.
അതിനുശേഷം മിക്ക ഓഫ് റോഡ് മത്സരങ്ങൾക്കും റിയ സ്ഥിരമായി പങ്കെടുത്തു. 2019 ലാണ് ആദ്യമായി റിയ ട്രാക്കിലേക്ക് മത്സരത്തിന് ഇറങ്ങുന്നത്. സ്വന്തമായി ഓടിച്ച് നേടിയ അനുഭവം മാത്രമായിരുന്നു ട്രാക്കിലേക്ക് ഇറങ്ങാനുള്ള റിയയുടെ ആത്മവിശ്വാസം. ഒരിക്കൽ വാഗമണ്ണിൽ വെച്ച് നടന്ന ഓഫ് റോഡ് റേസിങ്ങിനിടെ വാഹനം മൂന്നായി മറിഞ്ഞ് താഴേക്ക് വീണു. ആ നിമിഷത്തെ അനുഭവം ഒരിക്കലും മറക്കാൻ കഴിയാത്തതാണെന്ന് റിയ തുറന്ന് പറയുന്നു. എങ്കിലും പേടിക്കേണ്ടതില്ല. വാഹനം മറിഞ്ഞാലും നമ്മൾ അതിനുള്ളിൽ സുരക്ഷിതമായിരിക്കും. അതേസമയം ഓഫ് റോഡ് റൈഡിങ് ത്രില്ലാണെങ്കിലും അതിനൊപ്പം തന്നെ അപകടസാധ്യകളുമുണ്ട്. ചെറിയ അശ്രദ്ധപോലും വലിയ അപകടങ്ങൾക്ക് കരണമായേക്കാമെന്നും റിയ പറയുന്നു.
കോട്ടയം പാലാ സ്വദേശിനിയായ റിയ ഇംഗ്ലീഷ് അധ്യാപികയാണ്. ഓഫ് റോഡ് റേസിങ്ങിനും രാഷ്ട്രീയത്തിലേക്കുമൊക്കെ വരാൻ പിന്തുണ നൽകിയത് അച്ഛനാണെന്ന് റിയ പറയുന്നു. പിതാവിന്റെ അനിയൻ പാലാ നഗരസഭയിലെ എൽഡിഎഫ് കൗൺസിലറായിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആവശ്യമവുമായി കോൺഗ്രസ് പ്രവർത്തകർ എത്തിയപ്പോൾ അതൊരു അവസരമായി തോന്നിയെന്നും അങ്ങനായാണ് തെരഞ്ഞെടുപ്പിലെത്തിയതെന്നും റിയ പറയുന്നു. അടുത്ത അഞ്ചു വർഷം ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കാൻ അവരിൽ ഒരാളായി, അവർക്കൊപ്പം നിറസാന്നിധ്യമായി മുന്നോട്ട് പോകാനാണ് റിയയുടെ തീരുമാനം. അമ്മ ആശ. റോസ്, റോണ, റിച്ചു എന്നിവർ സഹോദരങ്ങളാണ്.