സ്ത്രീയായി മാറി മുന്‍ ഗുസ്തി താരം; ഞെട്ടലോടെ ആരാധകര്‍...

By Web TeamFirst Published Feb 6, 2021, 4:08 PM IST
Highlights

നിരവധി പേര്‍ ഗാബിക്ക് ആശംസകളറിയിച്ച് എത്തിയിട്ടുണ്ട്. ട്രാന്‍സ് വ്യക്തിത്വങ്ങളെ ആദരപൂര്‍വ്വം അംഗീകരിക്കുകയെന്നത് പുരോഗമന സമൂഹത്തിന്റെ ധാര്‍മ്മികതയാണെന്നും, സന്തോഷത്തോടെയുള്ള ജീവിതം ഉണ്ടാകട്ടെയെന്നുമെല്ലാം ഇവർ പേര്‍ പ്രതികരണമായി കുറിക്കുന്നു
 

തന്റെ സ്ത്രീ സ്വത്വം വെളിപ്പെടുത്തി ആരാധകരെ ഒന്നടങ്കം ഞെട്ടിച്ച് മുന്‍ ഡബ്ല്യൂ.ഡബ്ല്യൂ.ഇ ഗുസ്തി താരം ഗാബി ടഫ്റ്റ്. ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ചിത്രം സഹിതം ഗാബി ടഫ്റ്റ് താന്‍ സ്ത്രീയായി മാറിയെന്ന വാര്‍ത്ത പുറംലോകത്തെ അറിയിച്ചത്. 

2009 മുതല്‍ 2012 വരെ റിംഗില്‍ സജീവമായിരുന്ന ഗാബി 'ടൈലര്‍ റെക്‌സ്' എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. 2014ല്‍ ഗുസ്തിയില്‍ നിന്ന് വിരമിച്ച ശേഷം ബോഡി ബില്‍ഡര്‍, ഫിറ്റ്‌നസ് പരിശീലകന്‍, മോട്ടിവേഷണല്‍ സ്പീക്കര്‍ എന്നിങ്ങനെ പല തലങ്ങളില്‍ പ്രവര്‍ത്തിച്ചു. 

എന്നാല്‍ ഒരിക്കല്‍ പോലും തന്റെ സ്വത്വവുമായി ബന്ധപ്പെട്ട് ഇത്തരമൊരു സൂചന ഗാബി നല്‍കിയിരുന്നില്ല. ഭാര്യയും മകളുമുള്ള ഗാബി ഗുസ്തി ഉപേക്ഷിച്ചത് പോലും അവര്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവിടാന്‍ വേണ്ടിയാണെന്നായിരുന്നു അറിയിച്ചിരുന്നത്. 

ഏതായാലും തന്റെ പുതിയ വ്യക്തിത്വത്തെ കുടുംബമടക്കമുള്ള പ്രിയപ്പെട്ടവരെല്ലാം അംഗീകരിച്ചുകഴിഞ്ഞുവെന്നാണ് ഗാബി അറിയിക്കുന്നത്. സ്വത്വമാറ്റത്തിനായി എടുത്ത മാസങ്ങള്‍ ഏറെ സംഘര്‍ഷങ്ങളുടേതായിരുന്നുവെന്നും യഥാര്‍ത്ഥ വ്യക്തിത്വത്തെ വെളിപ്പെടുത്താന്‍ തീരുമാനമെടുത്ത ദിവസം മുതല്‍ താന്‍ സ്വതന്ത്രയായെന്നും ഗാബി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. 

'ലോകം എന്ത് പറയുമെന്ന് ഭയന്ന് എല്ലായ്‌പോഴും ഞാന്‍ ഒളിപ്പിച്ചുവച്ച മറ്റൊരു ഞാന്‍ ഉണ്ടായിരുന്നു. ഇനിയത് തുറന്നുപറയാന്‍ എനിക്ക് ഭയമില്ല. ഇപ്പോള്‍ ഞാനെന്താണ് എന്നതിനെ സ്‌നേഹിക്കാനും അംഗീകരിക്കാനും എനിക്ക് കഴിയുന്നുണ്ട്. കഴിഞ്ഞ എട്ട് മാസങ്ങള്‍ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ടതെന്ന് പറയാവുന്ന സമയമായിരുന്നു...

...സ്വത്വമാറ്റത്തിന്റെ സംഘര്‍ഷങ്ങള്‍ ഞാനേറെ അനുഭവിച്ചു. പക്ഷേ മറ്റുള്ളവര്‍ എന്ത് ചിന്തിക്കുമെന്ന ഭയം ഒരു ദിവസം ഞാനുപേക്ഷിച്ചു. അന്ന് മുതല്‍ ഞാന്‍ സ്വതന്ത്രയായി. എന്റെ സ്‌നേഹനിധിയായ ഭാര്യയും കുടുംബവും സുഹൃത്തുക്കളുമെല്ലാം എന്നെ അംഗീകരിക്കുന്നുണ്ട്. എനിക്കതിന് അവരോട് തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ട്...

...എല്ലാവരും എന്നെ മനസിലാക്കുമെന്ന് ഞാന്‍ കരുതുന്നില്ല. നിങ്ങളുടെ വിശ്വാസങ്ങളെ മാറ്റിമറിക്കുക എന്നത് എന്റെ ലക്ഷ്യവുമല്ല. പുറമെയുള്ള ഘടന മാത്രമാണ് മാറുന്നത്. ആത്മാവ് എപ്പോഴും ഒന്ന് തന്നെയാണ്. ഒരുപാട് ചോദ്യങ്ങളുയരുന്നുണ്ട്. എല്ലാത്തിനും എനിക്ക് മറുപടിയുണ്ട്....'- ഗാബി കുറിച്ചു. 

നിരവധി പേര്‍ ഗാബിക്ക് ആശംസകളറിയിച്ച് എത്തിയിട്ടുണ്ട്. ട്രാന്‍സ് വ്യക്തിത്വങ്ങളെ ആദരപൂര്‍വ്വം അംഗീകരിക്കുകയെന്നത് പുരോഗമന സമൂഹത്തിന്റെ ധാര്‍മ്മികതയാണെന്നും, സന്തോഷത്തോടെയുള്ള ജീവിതം ഉണ്ടാകട്ടെയെന്നുമെല്ലാം ഇവര്‍ പ്രതികരണമായി കുറിക്കുന്നു. പല വേഷങ്ങളില്‍ ഇതുവരെ ജീവിച്ചു, ഇനി ഏറ്റവും രസികത്തിയായ ഒരു സ്ത്രീയായി ജീവിക്കാനാണ് താനാഗ്രഹിക്കുന്നതെന്ന് ഗാബി, ഒറ്റ വാക്യത്തിലൂടെ ജീവിതത്തെ അളന്നുവെക്കുകയാണ്. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Gabbi Alon Tuft (@gabetuft)

 

Also Read:- ട്രാന്‍സ്‌ജെന്‍ഡര്‍ ഡോക്ടറെ ആരോഗ്യവകുപ്പ് അസി.സെക്രട്ടറിയാക്കി; ബൈഡന് ഇപ്പോഴേ കയ്യടി...

click me!