സാനിറ്ററി പാഡുകളോട് 'ബൈ ബൈ'; അറിയാം ഈ നാല് പാഡുകളെ കുറിച്ച്

By Web TeamFirst Published May 21, 2019, 3:40 PM IST
Highlights

പ്രകൃതിയോട് ഇണങ്ങിയ ആര്‍ത്തവദിനങ്ങളെ കുറിച്ച് ഒന്ന് ചിന്തിച്ചു നോക്കൂ.  മനസ്സിലായില്ല അല്ലേ? പറഞ്ഞുവരുന്നത് ആര്‍ത്തവസമയത്ത് ഉപയോഗിക്കുന്ന സാനിറ്ററി പാഡുകളെ കുറിച്ചാണ്.  

പ്രകൃതിയോട് ഇണങ്ങിയ ആര്‍ത്തവദിനങ്ങളെ കുറിച്ച് ഒന്ന് ചിന്തിച്ചു നോക്കൂ.  മനസ്സിലായില്ല അല്ലേ? പറഞ്ഞുവരുന്നത് ആര്‍ത്തവസമയത്ത് ഉപയോഗിക്കുന്ന സാനിറ്ററി പാഡുകളെ കുറിച്ചാണ്. പെണ്‍ ശരീരത്തിലെ സ്വഭാവിക പ്രക്രിയയാണ് ആര്‍ത്തവം. ആര്‍ത്തവദിനങ്ങള്‍ സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രയാസം നിറഞ്ഞതാണ്. ആ ദിനങ്ങളിലെ വേദന പലര്‍ക്കും ഒരു പേടി സ്വപ്നമാണ്. വേദന മാത്രമല്ല സ്ത്രീകള്‍ ഈ സമയത്ത് അനുഭവിക്കുന്നത്. പാഡുകള്‍ ഉപയോഗിക്കുന്നതുമൂലമുളള ബുദ്ധിമുട്ടുകള്‍ വേറെയും. ശാരീരിക ബുദ്ധിമുട്ടുകള്‍ക്കുമപ്പുറം ചില ജീവശാസ്ത്രപരമായ കാര്യങ്ങളുമുണ്ട്. 

ആര്‍ത്തവസമയത്ത് ഉപയോഗിക്കുന്ന സാനിറ്ററി പാഡുകള്‍ ജീര്‍ണ്ണിക്കുന്നവയല്ല (non-biodegradable). പാഡുകളിലുളള രാസപദാര്‍ത്ഥങ്ങള്‍ ശരീരത്തിലെ വിയര്‍പ്പുമായി ചേര്‍ന്ന് പലതരത്തിലുളള രോഗാണുക്കളെ ഉണ്ടാക്കാനും ശരീരത്തില്‍ ചില പാടുകള്‍ ഉണ്ടാകാനും മറ്റ് പല രോഗങ്ങള്‍ ഉണ്ടാകാനുമുളള സാധ്യതയുമുണ്ടെന്ന് മുംബൈയിലെ ലീലവതി ആശുപത്രിയിലെ ഡോ. കിരണ്‍ കൊയല്‍ഹോ പറയുന്നു. അതിനാല്‍ പാഡുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ വളരെയധികം സൂക്ഷിക്കണമെന്നും ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നു. സാനിറ്ററി പാഡുകളിലെ പ്ലാസ്റ്റിക്കിന്‍റെ അംശം ഗര്‍ഭാശയ ക്യാന്‍സറിന് കാരണമാകുമെന്ന് ഉത്തരാഖണ്ഡിലെ സോഷ്യല്‍ വര്‍ക്കറായ റിത്ത ഗെത്തോരി പോലും പറയുകയുണ്ടായി. അത് എന്തുതന്നെയായാവും  മണ്ണില്‍  ജീര്‍ണ്ണിക്കുന്ന ചില സാനിറ്ററി പാഡുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നുണ്ട്, ഇന്ത്യന്‍ വിപണിയില്‍ ലഭ്യവുമാണ്. അവ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമാകാം. അത്തരം നാല് പാഡുകളെ പരിചയപ്പെടാം. 

1. എക്കൊ ഫെമെ (EcoFemme)

 

തമിഴ്നാട്ടിലെ ഓറോവിലിലാണ് എക്കൊ ഫെമെ എന്ന പാഡുകള്‍ ആദ്യം നിര്‍മ്മിച്ചത്. കോട്ടണ്‍  തുണി ഉപയോഗിച്ച് കൊണ്ടാണ് ഇവ നിര്‍മ്മിക്കുന്നത്. ഇവ നമ്മുക്ക് കഴുകി ഉപയോഗിക്കാം. പല വര്‍ണ്ണങ്ങളില്‍ ഇന്ത്യയിലെ വിപണിയില്‍ ഇത് ലഭ്യമാണ്. അടിവസ്ത്രത്തില്‍ ഇവ വെയ്ക്കാം. എക്കൊ ഫെമെ പാഡുകള്‍ തണുത്ത വെളളത്തില്‍ അര മണിക്കൂര്‍ മുക്കി വെച്ചതിന് ശേഷം മാത്രം കഴുകുക. വെയിലത്ത് വെച്ച് തന്നെ ഇവ ഉണക്കണം. 235 രൂപയാണ് ഇതിന്‍റെ വില. 


2. കര്‍മേസി സാനിറ്ററി പാഡ് (Carmesi) 


ചോളം , മുള നാര് എന്നിവ കൊണ്ടാണ് കര്‍മേസി സാനിറ്ററി പാഡുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. മണ്ണില്‍ പെട്ടെന്ന് ജീര്‍ണ്ണിക്കുന്ന പാഡുകളാണ് ഇവ. ഇവ അടങ്ങിയിരിക്കുന്ന ബാഗും മണ്ണില്‍ അലിഞ്ഞു ചേരുന്നവയാണ്. പല അളവില്‍ ഇവ ലഭിക്കും. ഒരു ബോക്സിന് 249 രൂപയാണ് വില. 

3. ശാതി പാഡുകള്‍ (Saathi)

ബനാനയുടെ(വാഴ) നൂല്‍ കൊണ്ടാണ് ശാതി (Saathi) പാഡുകള്‍ നിര്‍മ്മിക്കുന്നത്.  2017ലാണ് ഇവ ആദ്യം ഇന്ത്യന്‍ വിപണികളില്‍ എത്തുന്നത്. ഗുജറാത്തിലെ കര്‍ഷകരെ കൊണ്ടാണ്  കമ്പനി ആദ്യം ഇത് നിര്‍മ്മിച്ചത്.  വാഴനാരും വാഴപ്പൾപ്പും ഉപയോഗിച്ച് നിർമ്മിച്ച ഇവയില്‍ രാസപദാര്‍ത്ഥങ്ങള്‍ ഒന്നുമില്ല എന്നുമാത്രമല്ല തികച്ചും പ്രകൃതിയോട് ഇണങ്ങിയതുമാണ്. ഈ പാഡുകള്‍ ഇപ്പോള്‍ ധാരാളം സ്ത്രീകള്‍ ഉപയോഗിച്ചുവരുന്നു. ഒരു ബോക്സ് പാഡിന് 180 രൂപയാണ് വില. 

 

4. സൌക്യം( Saukhyam)

കേരളത്തില്‍ നിര്‍മ്മിച്ച പാഡുകളാണ് ഇവ. കോട്ടണും  വാഴ നൂലും കൊണ്ടാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്. വാഴ നൂലിന് രക്തത്തെ പെട്ടെന്ന് ഒപ്പിയെടുക്കാനുളള കഴിവുഡെന്ന് ഗവേഷകരും വിലയിരുത്തുന്നു. പത്ത് മിനിറ്റ് വെളളത്തില്‍ മുക്കി വെച്ചതിന് ശേഷം കഴുകി വെയിലത്ത് ഉണക്കി വീണ്ടും ഉപയോഗിക്കാം. 60 രൂപ മുതല്‍ ഇവ വിപണിയില്‍ ലഭിക്കും.


 

click me!