ഗർഭസ്ഥ ശിശുവിൻ്റെ വളർച്ചയ്ക്ക് ഗുണം ചെയ്യുന്ന 5 തരം ജ്യൂസുകൾ

By Web TeamFirst Published Jul 20, 2022, 3:19 PM IST
Highlights

​ഗർഭകാലത്ത് പച്ചക്കറികളും ജ്യൂസുകളുമാണ് പ്രധാനമായി ​ഗർഭിണികൾ കഴിക്കേണ്ടത്. ഗർഭകാലത്ത് ധാരാളം ജ്യൂസുകൾ കുടിക്കാൻ ശ്രമിക്കണം.

 ഗർഭകാലത്ത് ഭക്ഷണം കഴിക്കാൻ മിക്ക അമ്മമാർക്കും മടിയാണ്. ക്ഷീണവും ഛർദ്ദിയും ഉള്ളത് കൊണ്ട് ഭക്ഷണം കഴിക്കാൻ തോന്നുകയുമില്ല. ഛർദ്ദി പോലുള്ള അസ്വസ്ഥതകൾ ഇല്ലെങ്കിൽക്കൂടി ഗർഭസ്ഥശിശുവിന്റെ വളർച്ചയെ സംബന്ധിച്ച് അമ്മമാരുടെ ഉള്ളിൽ നൂറുനൂറ് ആധികളാണ്. ​ഗർഭകാലത്ത് പച്ചക്കറികളും ജ്യൂസുകളുമാണ് പ്രധാനമായി ​ഗർഭിണികൾ കഴിക്കേണ്ടത്. ഗർഭകാലത്ത് ധാരാളം ജ്യൂസുകൾ കുടിക്കാൻ ശ്രമിക്കണം. ​ഗർഭകാലത്ത് കുടിക്കേണ്ട അഞ്ച് തരം ജ്യൂസുകൾ ഏതൊക്കെയാണെന്ന് നോക്കാം. 

കാരറ്റ് ജ്യൂസ്

ധാരാളം കാത്സ്യം, ഇരുമ്പ്, പൊട്ടാഷ്യം,മഗ്നേഷ്യം, വിറ്റാമിൻ എന്നിവ ധാരാളം അടങ്ങിയ ഒന്നാണ് കാരറ്റ്. ​ഗർഭിണികൾ നിർബന്ധമായും കുടിക്കേണ്ട ജ്യൂസുകളിലൊന്നാണ് കാരറ്റ് ജ്യൂസ്. രക്തസമ്മര്‍ദം നിയന്ത്രിക്കാനും ദഹനം എളുപ്പമാക്കാനും കാരറ്റ് ജ്യൂസ്‌ സഹായിക്കും. നവജാതശിശുവിന്‍റെ കാഴ്ച്ചശക്തി വർധിക്കാൻ ഏറ്റവും നല്ലതാണ് കാരറ്റ് ജ്യൂസ്. ഒാരോ ദിവസവും ഒരു ​ഗ്ലാസ് ജ്യൂസ് വച്ച് കുടിക്കുക.

 വെള്ളരിക്ക ജ്യൂസ്

​ഗർഭകാലത്ത് നിർബന്ധമായും കുടിക്കേണ്ട ജ്യൂസാണ് വെള്ളരിക്ക ജ്യൂസ്.  ദിവസേന വെള്ളരിക്ക ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് നീരുവീക്കം കുറയ്ക്കും. പ്രത്യേകിച്ച് അവസാന മൂന്നു മാസങ്ങളില്‍ വെള്ളരിക്ക ജ്യൂസ്‌ നിര്‍ബന്ധമായും ഭക്ഷണക്രമത്തില്‍ ഉള്‍പെടുത്തുക. ഫോളിക് ആസിഡ് ധാരാളം അടങ്ങിയതാണ് വെള്ളരിക്ക ജ്യൂസ്. ശിശുവിന്‍റെ വളര്‍ച്ചക്ക് ഏറെ ആവശ്യമുള്ളതാണ് ഫോളിക് ആസിഡ്.

 ആപ്പിള്‍ ജ്യൂസ്

ഗര്‍ഭകാലത്ത് ചിലര്‍ നേരിടുന്ന പ്രശ്നമാണ് ഉറക്കക്കുറവ്. ഈ പ്രശ്നത്തിന്‍റെ ആക്കം കുറയ്ക്കാന്‍ ആപ്പിള്‍ കഴിക്കുന്നത്‌ സഹായിക്കും. നവജാത ശിശുവിന്‍റെ ബുദ്ധിവികാസത്തിന് ഏറെ ഗുണപ്രദമാണ് ആപ്പിള്‍ ജ്യൂസ്‌. ഗര്‍ഭിണികളില്‍ വിളര്‍ച്ച ഒഴിവാക്കാനും ഇത് സഹായിക്കും. ജ്യൂസായി മാത്രമല്ല പാലൊഴിച്ചു ഷേക്ക്‌ ആയും അല്ലാതെയും കഴിക്കാ‌ം.

 മുന്തിരി ജ്യൂസ്

ഗര്‍ഭകാലത്ത് നെഞ്ചെരിച്ചില്‍, രക്തസമ്മര്‍ദ്ധം, മലബന്ധം, മൈഗ്രെയ്ന്‍ തുടങ്ങിയ അസുഖങ്ങൾ ഉണ്ടാകാറുണ്ട്. ഇവയെ ചെറുക്കാനുള്ള കഴിവ് മുന്തിരിക്ക് ഉണ്ട്. ജൈവവളങ്ങള്‍ ഉപയോഗിച്ച് കൃഷി ചെയ്ത മുന്തിരി നോക്കി വാങ്ങുക. കാരണം അമിതരാസവളം ഉപയോഗിച്ച് കൃഷി ചെയ്ത മുന്തിരി കഴിക്കുന്നത്‌ വിപരീതഫലം ഉണ്ടാക്കും. 

ബീറ്റ് റൂട്ട് ജ്യൂസ്

ധാരാളം വിറ്റാമിനുകളും കാത്സ്യവും അടങ്ങിയ ഒന്നാണ് ബീറ്റ് റൂട്ട്. ​ഗർഭിണികൾ ബീറ്റ് റൂട്ട് കറി വച്ചോ അല്ലാതെയോ കഴിക്കാം. ബീറ്റ് റൂട്ട് കറി വച്ച് കഴിക്കാൻ മടിയുള്ളവർ ജ്യൂസായി വേണമെങ്കിലും കുടിക്കാം. ഇരുമ്പ് ധാരാളം അടങ്ങിയ ഒന്നാണ് ബീറ്റ് റൂട്ട്. അനീമിയ വരാതിരിക്കാൻ ഏറ്റവും നല്ലതാണ് ബീറ്റ് റൂട്ട്. നവജാതശിശുവിന്റെ ബുദ്ധിവളർച്ചക്ക് ഏറ്റവും നല്ലതാണ് ബീറ്റ് റൂട്ട് ജ്യൂസ്. രക്തംശുദ്ധീകരിക്കാൻ ബീറ്റ് റൂട്ട് ഏറെ സഹായിക്കുന്നു. 

click me!