എട്ട് വര്‍ഷം ഷേവ് ചെയ്‌തൊളിപ്പിച്ചു; ഇപ്പോള്‍ ആല്‍മയ്ക്ക് താടി അഴകാണ്...

By Web TeamFirst Published Aug 22, 2020, 11:21 PM IST
Highlights

പലപ്പോഴും ഷേവിംഗ് കൊണ്ട് മാത്രം പിടിച്ചുനില്‍ക്കാന്‍ കഴിയാതെയായി. അങ്ങനെ വരുമ്പോള്‍ വാക്‌സിംഗും ചെയ്യും. അങ്ങനെ എട്ട് വര്‍ഷത്തോളം ആല്‍മ തന്റെ താടിയെ മറ്റുള്ളവര്‍ കാണാതെ ഒളിപ്പിച്ചു

പതിനഞ്ചാം വയസിലാണ് ന്യൂയോര്‍ക്കിലെ ബ്രോംക്‌സ് സ്വദേശിയായ ആല്‍മ ടോറസിന്റെ ജീവിതം മാറിമറിയുന്നത്. മുഖത്ത് പുരുഷന്മാരെപ്പോലെ താടിരോമങ്ങള്‍ വളര്‍ന്നുവരുന്നതായിരുന്നു ആല്‍മയുടെ പ്രശ്‌നം. ആദ്യമൊന്നും ഇതത്ര കാര്യമാക്കിയില്ല. എന്നാല്‍ ഒരു വര്‍ഷം കൂടി കഴിഞ്ഞതോടെ സംഗതി ഗൗരവമാകാന്‍ തുടങ്ങി. 

ഒറ്റനോട്ടത്തില്‍ തന്നെ മനസിലാകത്തക്ക രീതിയില്‍ താടി വളരുന്നു. സ്‌കൂളിലാണെങ്കില്‍ കുട്ടികളുടെ വക കളിയാക്കലുകളും കുത്തുവാക്കുകള്‍ പറച്ചിലും വേറെ. മനസ് മടുത്തതോടെ ആല്‍മ, വളര്‍ന്നുവരുന്ന താടിരോമങ്ങള്‍ ഷേവ് ചെയ്തുതുടങ്ങി. 

പിന്നീട് ഷേവിംഗ് പതിവായി. എന്നാല്‍ പലപ്പോഴും ഷേവിംഗ് കൊണ്ട് മാത്രം പിടിച്ചുനില്‍ക്കാന്‍ കഴിയാതെയായി. അങ്ങനെ വരുമ്പോള്‍ വാക്‌സിംഗും ചെയ്യും. അങ്ങനെ എട്ട് വര്‍ഷത്തോളം ആല്‍മ തന്റെ താടിയെ മറ്റുള്ളവര്‍ കാണാതെ ഒളിപ്പിച്ചു. 

പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം (പിസിഒഎസ്) എന്ന അവസ്ഥയായിരുന്നു ആല്‍മയില്‍ ഈ അമിത രോമവളര്‍ച്ചയ്ക്ക് കാരണമായത്. ഹോര്‍മോണ്‍ ബാലന്‍സില്‍ വരുന്ന മാറ്റം- വണ്ണം വയ്ക്കുന്നതിനും, ആര്‍ത്തവ ക്രമക്കേടിനും, ആര്‍ത്തവകാലത്ത് ശക്തമായ വേദനയക്കും, അമിത രോമവളര്‍ച്ചയ്ക്കുമെല്ലാം കാരണമാകാറുണ്ട്. 

 

 

എന്നാല്‍ എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ അവസ്ഥയെ കുറിച്ച് കൂടുതലായി പഠിച്ചുമനസിലാക്കിയ ആല്‍മ ഇനി മുതല്‍ താടി ഷേവ് ചെയ്യുന്നില്ലെന്ന് തീരുമാനിച്ചു. സിഖ് മോഡലായ ഹര്‍നാം കൗര്‍ ആയിരുന്നു ആല്‍മയുടെ പ്രചോദനം. പിസിഒഎസിനെ തുടര്‍ന്ന് താടി വളരുന്ന അതേ പ്രശ്‌നമായിരുന്നു ഹര്‍നാമിനുമുള്ളത്. 

ആല്‍മയെപ്പോലെ തന്നെ ആദ്യമെല്ലാം ഷേവ് ചെയ്തും വാക്‌സ് ചെയ്തും താടിരോമങ്ങള്‍ ഇല്ലാതാക്കാന്‍ നോക്കിയെങ്കിലും പിന്നീട് തന്റെ അവസ്ഥയോട് സസന്തോഷം ഐക്യപ്പെടുകയായിരുന്നു ഹര്‍നാം. തുടര്‍ന്ന് അറിയപ്പെടുന്ന ഒരു മോഡലാകാനും അവര്‍ക്കായി. 

എന്തുകൊണ്ട് അവരുടെ പാത തനിക്കും പിന്തുടര്‍ന്നുകൂടായെന്ന് ആല്‍മ ചിന്തിച്ചു. പലരും ഇതിന് ആല്‍മയെ സഹായിച്ചു. ധൈര്യവും ശുഭാപ്തിവിശ്വാസവും പകര്‍ന്നു. ഇപ്പോള്‍ താടി വളര്‍ത്താന്‍ തുടങ്ങിയതിന്റെ നാലാം വര്‍ഷം ആഘോഷിക്കുകയാണ് ആല്‍മ. ജീവിതത്തില്‍ താന്‍ ഇതുവരെ ചെയ്തതില്‍ വച്ചേറ്റവും ഉചിതമായ കാര്യം താടി വളര്‍ത്താന്‍ തീരുമാനിച്ചതാണെന്ന് ആല്‍മ പറയുന്നു. 

 

 

വര്‍ഷങ്ങളോളം അനുഭവിച്ച അപകര്‍ഷതകളുടെ ഭാരം ഇന്ന് താന്‍ അനുഭവിക്കുന്നില്ലെന്നും ജൈവികമായി തന്റെ ശരീരം എങ്ങനെയാണോ അതിനെ സ്‌നേഹിക്കാനും പരിചരിക്കാനുമാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും ആല്‍മ വ്യക്തമാക്കുന്നു. ബോഡി ഷെയിമിംഗിന്റെ പേരില്‍ മനം മടുത്ത് എല്ലായിടത്ത് നിന്നും സ്വയം ഒളിപ്പിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഉത്തമ മാതൃകയാവുകയാണ് ഹര്‍നാമും ആല്‍മയുമെല്ലാം. തന്റേതായ സവിശേഷതകളെയെല്ലാം ഉള്‍ക്കൊള്ളാനുള്ള മനസുണ്ടെങ്കില്‍ ജീവിതത്തില്‍ മറ്റെന്ത് പ്രതിസന്ധി എന്നാണ് ശക്തരായ ഈ യുവതികള്‍ തങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിലൂടെ ചോദിച്ചുവയ്ക്കുന്നത്. 

Also Read:- പി‌സി‌ഒ‌എസ് ഉള്ള സ്ത്രീകൾക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം...

click me!