
അച്ഛനോട് പിണങ്ങിയിരിക്കുന്ന അമ്മയോട് 12 വയസ്സുകാരി ചോദിക്കുന്നു, 'അച്ഛനോട് അമ്മ മിണ്ടിയോ? ഒരു കാരണവശാലും അച്ഛനോട് പോയിമിണ്ടരുത്, പെണ്ണുങ്ങൾ തോറ്റുകൊടുക്കാൻ പാടില്ല'. വെറും 12 വയസ്സുള്ള പെൺകുട്ടിയുടെ കാഴ്ചപ്പാട് ഇങ്ങനെ! റിട്ടയേർഡ് ആയ ഗവണ്മെന്റ് ഉദ്യോഗ്യസ്ഥയായ അമ്മ, തന്റെ റിട്ടയർമെന്റിന് കിട്ടിയ പണം മൊത്തം അച്ഛന് കൊടുത്തു, അച്ഛൻ അത് അച്ഛന്റെ ഇഷ്ടത്തിന് ബാങ്കിൽ ഇട്ടും, മറ്റുചിലവുകളും ചെയ്യുന്നു. അമ്മയുടെ സ്വകാര്യ ആവശ്യത്തിന് പോലും അച്ഛന്റെ അടുത്ത് കൈനീട്ടുന്ന 'അമ്മ, ആവശ്യങ്ങൾ വിശദമായി പറഞ്ഞാൽ മാത്രമേ പണം കൊടുക്കത്തുള്ളൂ.
ഇതൊക്കെ എന്നും കണ്ടുകൊണ്ടിരിക്കുന്ന സ്വന്തം അവകാശങ്ങളെ കുറിച്ച് ബോധവതിയായ കല്യാണ പ്രായം എത്തിയമകൾ! തിരക്ക് പിടിച്ച ജോലിയുള്ള പെൺകുട്ടിയുടെ അമ്മ, കുട്ടികളെ പരിപാലിക്കാൻ സമയം കിട്ടുന്നില്ല, ജോലിതിരക്ക് കാരണം കുട്ടികളെ ശ്രദ്ധിക്കാൻ കഴിയാത്തതുകൊണ്ട് പല ബന്ധുവീടുകളിൽ വിടുന്നു, അവിടെന്നു കുട്ടിക്കാലത്തു പെൺകുട്ടിക്ക് ഉണ്ടായിട്ടുള്ള പേടിപെടുത്തുന്ന ഓർമകൾ വേട്ടയാടിക്കൊണ്ടിരിക്കുന്ന കല്യാണപ്രായം എത്തിയയുവതി!
വിവാഹ രാത്രിയിൽ തനിക്ക് വേദനാജനകമായ ലൈംഗീക അനുഭവങ്ങൾ ഉണ്ടായി എന്ന് പറഞ്ഞു പേടിപ്പിച്ച കൂട്ടുകാരി കാരണം ലൈംഗീക ജീവിതത്തെ പേടിക്കുന്ന യുവതി, അച്ഛന്റെ പരസ്ത്രീബന്ധം കാരണം ഉണ്ടായിട്ടുള്ള കുടുംബ പ്രശ്നങ്ങൾ ,മദ്യപാനം, ഒരിക്കലും തീരാത്ത അടുക്കള ജോലികൾ, ചിലർ വിവാഹിതരായ മറ്റ് സ്ത്രീകളുടെ ജീവിതം കണ്ട് പരിഭ്രാന്തരാകുന്നു, അച്ഛന്റെ ദേഹോപദ്രവങ്ങൾ കാരണം വളരെ ചെറുപ്പത്തിലേ തന്നെ വിവാഹബന്ധം വേണ്ട എന്ന് ഉറപ്പിച്ചവർ, ബന്ധം വേർപെട്ട് ജീവിക്കുന്നവരുടെ പെൺമക്കൾ, പ്രണയതകർച്ചകൾ ഉണ്ടായിട്ടുള്ളവർ, മാനസികാരോഗ്യ പ്രശ്നങ്ങൾ, ശാരീരിക വൈകല്യങ്ങൾ തുടങ്ങിയ കാര്യങ്ങൾ വിവാഹത്തെ ഭയത്തോടെ കാണാൻ പ്രേരിപ്പിക്കുന്നു.
ഇങ്ങനെ പല സാമുഹിക മനഃശാസ്ത്രപരമായ കാഴ്ചപ്പാടുകൾ നമ്മുടെ പെൺകുട്ടികൾക്ക് ഉണ്ട്. വിവാഹം കഴിക്കുന്നത് പലപ്പോഴും ഒരു അപകടസാധ്യതയായി പെൺകുട്ടികൾ കാണുന്നു. അതിനാൽ പെൺകുട്ടികൾ സാമ്പത്തികമായി സ്ഥിരത കൈവരിക്കാൻ വേണ്ടി കൂടുതൽ വിദ്യാഭ്യാസം നേടുകയും അവരുടെ കരിയറിന് മുൻ തൂക്കം നൽകുകയും ചെയ്യുന്നു. ഇന്നത്തെ സ്ത്രീകൾ ഉന്നതവിദ്യാഭ്യാസം അഭൂതപൂർവമായ തലങ്ങൾ തേടുന്നു. സ്വന്തം വീട്ടുകാരെയും ബന്ധുക്കളെയും ഉപേഷിക്കുവാൻ ഇന്നത്തെ പെൺകുട്ടികൾ തയ്യാർ ആകുന്നില്ല എന്നതും കല്യാണം കഴിക്കാതെയിരിക്കുന്നതിനുള്ള കാരണങ്ങളിൽപ്പെടുന്നു.
മുൻകാലങ്ങളിൽ സാമ്പത്തികമുള്ള കുടുംബങ്ങളിലെ പെൺകുട്ടികൾ വിവാഹം കഴിച്ചില്ലെങ്കിൽ, വീട്ടുകാർക്ക് അത് ഒരു അഭിമാനക്കുറവ് ഉണ്ടാക്കുന്ന കാര്യവും അത്നിർബന്ധിതവുമായിരുന്നു. എന്നാൽ ഇന്നത്തെ വീട്ടുകാർക്ക് ഇത്തരത്തിലുള്ള കാഴ്ചപ്പാടുകൾമാറി. ഇന്നത്തെ പെൺകുട്ടികൾ തെറ്റായ ആളോടൊപ്പം ആയിരിക്കുന്നതിനേക്കാൾ ഒറ്റയ്ക്കായിരിക്കുന്നതാണ് നല്ലതെന്ന് വിശ്വസിക്കുന്നു. തൊഴിൽ അവസരങ്ങളും സ്വാതന്ത്ര്യവും വിവാഹത്തോടെ നഷ്ടപെട്ട് പോകുമെന്നും മാതാപിതാക്കളോടും സഹോദരങ്ങളോടുമൊപ്പം കൂടുതൽ കാലം ജീവിക്കുന്നതിന് വിവാഹജീവിതം ഒരു തടസ്സമാകുമെന്ന് ഇവർ കരുതുന്നു. കുട്ടികളെ പ്രസവിക്കുന്നതും, അവരെ പരിപാലിക്കുന്നതും വീട്ടുജോലികളിലെ ഉത്തരവാദിത്തം ഒക്കെ ഇന്നത്തെ കുട്ടികൾക്ക് വളരെ പ്രയാസം ഉണ്ടാക്കുന്നവയാണ് .
അവരുടെ സുഖസൗകര്യങ്ങൾ മാറ്റാനും ആർക്കുവേണ്ടിയും ത്യാഗം ചെയ്യാനും ഇന്നത്തെ പെൺകുട്ടികൾക്ക് താൽപ്പര്യപ്പെടുന്നില്ല. അവൾ എന്ത് ധരിക്കണം, അവൾ എങ്ങനെ നടക്കണം, അവൾക്ക് എപ്പോൾ വീട്ടിൽ കയറണം എന്നുള്ളത് അവളുടെ തന്നെ തിരുമാനങ്ങൾ ആകുന്നു. മറ്റൊരാളുടെ ഇഷ്ടത്തിന് വേണ്ടിയല്ല ജീവിക്കേണ്ടത് എന്ന അവബോധം പെൺകുട്ടികളുടെ ഇടയിൽ ഉണ്ടായിട്ടുണ്ട്. ചരിത്രത്തിലുടനീളം, ലൈംഗീകത, പ്രത്യേകിച്ച് സ്ത്രീകൾക്ക് വിവാഹവും കുട്ടികളും എന്ന രണ്ട് കാര്യങ്ങളുമായി കർശനമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ ഇന്ന് ഈ സ്ഥിതിമാറി, ലൈംഗീക താൽപര്യങ്ങൾക്ക് വിവാഹം വേണം എന്ന കാഴ്ചപാടുകൾമാറി. ഡേറ്റിംഗ് ആപ്പുകൾ, ലിവിങ് ടുഗെതർ ഒക്കെ അവരുടെ ജീവിത്തിന്റെ ഭാഗം ആകുന്നു, ലൈംഗീകതയ്ക്ക് വേണ്ടിയും, കുട്ടികളെ ഉണ്ടാക്കാനും വിവാഹം എന്ന പരമ്പരാഗത രീതിയുടെ ആവിശ്യം ഇല്ലെന്ന് ഇന്നത്തെ പെൺകുട്ടികൾക്ക് അറിയാം.
മനുഷ്യരുമായുള്ള നേരിട്ടുള്ള കൂടിക്കാഴ്ചകൾക്ക് പകരം ഓൺലൈൻ പോണോഗ്രാഫി അല്ലെങ്കിൽ വെർച്വൽ ലൈംഗീകതയിലൂടെ തൽക്ഷണ സംതൃപ്തി കിട്ടുന്ന ഈ കാലങ്ങളിൽ വിവാഹത്തിനോട് വിമുഖത കാണിക്കുന്നവരാണ് ഇന്നത്തെ തലമുറകൾ. ഏതു ബന്ധവും വിജയിക്കാൻ പ്രതിബദ്ധത ആവിശ്യമാണ്. അങ്ങനെ ഒരു പ്രതിബദ്ധത ഇല്ലാത്ത ഒരു പങ്കാളിയെയാണ് കിട്ടുന്നത് എങ്കിൽ ജീവിതം ദുസ്സഹം ആവും എന്നതും ഇന്നത്തെ പെൺകുട്ടികൾക്ക് അറിയാം. ചില ആൺകുട്ടികൾക്ക് ഇപ്പോഴും വീട്ടുജോലികൾ ചെയ്യേണ്ടത് പെൺകുട്ടിയാണ് എന്നതിൽ ഉറച്ചുനിൽക്കുന്നതായി കാണാറുണ്ട്. വീട്ടുകാര്യങ്ങളിൽ പങ്കിടുന്നുവെന്ന് കണ്ടിട്ടില്ലെങ്കിൽ, വിവാഹത്തിന് ശേഷം മറ്റുള്ളവർ തുല്യ മേൽനോട്ടം വഹിക്കാതെ ഇരിക്കുന്നത് കാണുമ്പോൾ വിവാഹത്തോട് വിരക്തി ഉണ്ടാകുന്നു.
എന്തുതന്നെയായാലും, വിവാഹം കഴിക്കാനുള്ള ശരിയായ സമയം പെൺകൂട്ടി ആഗ്രഹിക്കുമ്പോൾ മാത്രമാണെന്ന് മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്, അവരുടേ തീരുമാനം മാത്രമാണ് വിവാഹം. വിവാഹം ഒരു ജീവിതകാല പ്രതിബദ്ധതയാണ്. പെൺകുട്ടി എപ്പോൾ അല്ലെങ്കിൽ ആരെ വിവാഹം കഴിക്കണം എന്നതിൽ പെൺകുട്ടിക്ക് പങ്കുണ്ടായിരിക്കണം. വിവാഹം ഒരു വ്യക്തിപരമായ തീരുമാനമാണ്. അത് പെൺകുട്ടിക്ക് ശരിയാണെന്ന് തോന്നുന്നുണ്ടോ ഇല്ലയോ എന്നത് പെൺകുട്ടികളുടെ ഇഷ്ടമാണ്. ഒരു തീരുമാനമെടുക്കാൻ സമ്മർദ്ദം നൽകാതെ അവസാനം, 'എനിക്ക് ശരിയാണ്' എന്ന് പറയണോ വേണ്ടയോ എന്നത് പെൺകുട്ടിയുടേത് ആണെന്ന് തിരിച്ചറിയണം.
വനിതാദിനം പ്രത്യേക ആര്‍ട്ടിക്കിളുകള്‍ ഇവിടെ വായിക്കാം