നവവധു ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ ; സ്ത്രീധനം, കളിയാക്കലുകൾ എന്നിവ മാത്രമല്ല, വെറെയുമുണ്ട് കാരണങ്ങൾ

Published : Jan 23, 2025, 05:55 PM ISTUpdated : Jan 23, 2025, 06:00 PM IST
 നവവധു ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ ; സ്ത്രീധനം, കളിയാക്കലുകൾ എന്നിവ മാത്രമല്ല, വെറെയുമുണ്ട് കാരണങ്ങൾ

Synopsis

വിവാഹശേഷം പെൺകുട്ടികൾ വീട്ടിലേക്കു പോകാൻ പാടില്ല, വീടുമായി എല്ലാ ബന്ധവും ഉപേക്ഷിക്കണം എന്ന വല്ലാതെ വാശി കാണിക്കുന്ന രീതി അപകടം ഉണ്ടാക്കിയേക്കും. അത് ഒറ്റപ്പെടൽ തോന്നാൻ കാരണമാകും. 

നവവധു ആത്മഹത്യ ചെയ്തു എന്ന വാർത്ത ഈയിടെയായി നമ്മൾ കാണുന്നതാണ്. ഒരുപാട് പ്രതീക്ഷകളോടെ വിവാഹജീവിതത്തിലേക്ക് കടന്നതിനുശേഷം പിന്നീട് പ്രതീക്ഷ നഷ്ടപ്പെട്ടു ആത്മഹത്യയിലേക്ക് പെൺകുട്ടികളെ നയിക്കുന്ന കാരണങ്ങൾ പരിശോധിക്കാം.

സാമൂഹികമായ കാരണങ്ങൾ

പൊതുവെ വിവാഹം കഴിഞ്ഞു വരന്റെ വീട്ടിലേക്കുവരുന്ന പെൺകുട്ടിയെക്കുറിച്ചു വളരെ അമിത പ്രതീക്ഷകൾ വെക്കുന്ന ഒരു രീതി നമ്മുടെ സമൂഹത്തിൽ ഉണ്ട്. അത് ഭർത്തവും ഭർത്താവിന്റെ വീട്ടുകാരുമായി പൊരുത്തപ്പെടുന്നതുമുതൽ, അത്രയും കാലം ജീവിച്ചുവന്ന രീതികൾ എല്ലാം മാറ്റം വരുത്തണം എന്ന നിലയിൽ ആയിരിക്കും.  ഓരോ ചെറിയ കാര്യങ്ങളിലും വ്യത്യാസങ്ങൾ വരുത്തേണ്ടതായി വരുമ്പോൾ അത് പെൺകുട്ടികളിൽ വലിയ മാനസിക സമ്മർദ്ദം ഉണ്ടാക്കാൻ സാധ്യത കൂടുതലാണ്. സ്വന്തം കാര്യങ്ങളിൽ (പഠനം, ജോലി എന്നിവ) തീരുമാനം എടുക്കാൻ അനുവാദം ഇല്ലാത്ത സാഹചര്യമാണ് ഭർത്താവിന്റെ വീട്ടിൽ ഉള്ളതെങ്കിൽ അതവരെ വളരെ അധികം മാനസികമായി തകർക്കും. 

ചിലർക്ക് കുട്ടികൾ ഉടനെ വേണം എന്ന നിർബന്ധം ഭർത്താവിൽ നിന്നും കുടുംബത്തിൽ നിന്നും വന്നേക്കാം. അതിനായി മാനസികമായി തയ്യാറെടുക്കാൻ ഇനിയും സമയം ആവശ്യമായി വരുന്ന പെൺകുട്ടികൾക്ക് മാനസിക സമ്മർദ്ദം ഉണ്ടാകും. ആർത്തവം ക്രമമല്ലാതെ ഇരിക്കുക, ഗർഭാശയ രോഗങ്ങൾ, ഉദാ: പി സി ഒ ഡി പോലെയുള്ള അവസ്ഥകൾ ഉള്ള പെൺകുട്ടികൾക്ക് സ്ട്രെസ് കൂടുതലായി അനുഭവപ്പെടും. 

നിറത്തിന്റെ പേരിൽ കളിയാക്കുക, രൂപമോ, ശരീര ഭാരമോ ഒക്കെ ബന്ധപ്പെട്ട കമെന്റ് കേൾക്കേണ്ടിവരുമ്പോൾ വളരെ സ്ട്രോങ്ങ് ആയ മാനസികാവസ്ഥ ഇല്ലാത്ത പെൺകുട്ടിയാണ് എങ്കിൽ അവർക്കത് സഹിക്കാവുന്നതിലും അപ്പുറമായിരിക്കും. 

ഗാർഹിക പീഡനം

ഭർത്താവ് ഭാര്യയെ ഉപദ്രവിക്കുന്നത് സർവ്വ സാധാരണമാണ് എന്ന തെറ്റായ മനോഭാവം ഇപ്പോഴും ചില ആളുകൾക്കുണ്ട്. ദേഷ്യം നിയന്ത്രിക്കാൻ കഴിയാതെ ഭാര്യയെ ഉപദ്രവിക്കുന്ന രീതി ഭർത്താവിന്റെ സ്വഭാവത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തേണ്ടതായുണ്ട്  എന്നതിന്റെ ലക്ഷണമാണ്. ഭാര്യ തന്നെ പ്രകോപിപ്പിച്ചതാണ് തന്റെ ദേഷ്യത്തിനു കാരണം എന്നു പറഞ്ഞൊഴിയാൻ കഴിയില്ല. ദേഷ്യമുള്ളത് ഭർത്താക്കന്മാർക്ക് മാത്രമാണ് ഭാര്യമാർക്ക് ദേഷ്യം ഇല്ല എന്നല്ല ഇതിനർദ്ധം. ദേഷ്യം അനിയന്ത്രിതമായി മാറുന്നത് കൊലപാതകത്തിൽ വരെ കാര്യങ്ങൾ കൊണ്ടെത്തിക്കുന്ന അവസ്ഥയുണ്ട് എന്ന് മനസ്സിലാക്കുക. ഭർത്താവിൽ നിന്നും ദേഹോപദ്രവം ഏൽക്കുക, ഭാര്യ ആത്മഹത്യ ചെയ്യുക എന്നെല്ലാമുള്ളത് ഈ കാലഘട്ടത്തിൽ പലപ്പോഴായും നടക്കുന്നതായി നാം കാണുന്നുണ്ട്. ഗാർഹിക പീഡനങ്ങൾ സഹിച്ചു നില്ക്കാൻ പെൺകുട്ടികളെ നിർബന്ധിക്കുന്ന രീതി തുടരുന്നത് പ്രതീക്ഷ നഷ്ടപ്പെട്ട് ആത്മഹത്യയെക്കുറിച്ചു ചിന്തിക്കാൻ കാരണമാകും.

ഭർത്താവിൽ നിന്നും റേപ്പ് നേരിടുക

ഭർത്താവ് ലൈംഗിക വൈകൃതമുള്ള ആളാണ് എങ്കിൽ അത് പെൺകുട്ടിയിൽ വലിയ മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. 

ഭർത്താവിന്റെ സംശയരോഗം

എപ്പോഴും ഭാര്യയുടെ ഫോൺ പരിശോധിക്കുക അവരെ സംശയിക്കുക എന്ന രീതി ചിലരിൽ ഉണ്ടായിരിക്കും. താൻ തെറ്റായി ഒന്നും ചെയ്യുന്നില്ല എന്നിരിക്കെ ഇല്ലാത്ത ആരോപണങ്ങൾ തന്നെ കുറിച്ചു പറയുക, ആരോടാണ് ഫോണിൽ ചാറ്റ് ചെയുന്നത് എന്ന് സംശയിക്കുക, ആരെയും ഫോൺ ചെയ്യാൻ അനുവദിക്കാതിരിക്കുക എന്നിവ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കും. 

ഒറ്റപ്പെടൽ അനുഭവപ്പെടുക

വിവാഹശേഷം പെൺകുട്ടികൾ വീട്ടിലേക്കു പോകാൻ പാടില്ല, വീടുമായി എല്ലാ ബന്ധവും ഉപേക്ഷിക്കണം എന്ന വല്ലാതെ വാശി കാണിക്കുന്ന രീതി അപകടം ഉണ്ടാക്കിയേക്കും. അത് ഒറ്റപ്പെടൽ തോന്നാൻ കാരണമാകും. ഭർത്താവിന്റെ വീടും സാഹചര്യങ്ങളുമായി ഇണങ്ങാൻ സമയം വേണമെന്ന കാര്യം മനസ്സിലാക്കാതെ ഇനി സ്വന്തം വീടുമായി അടുപ്പം വേണ്ട എന്ന് കർശന നിയം വെക്കുന്ന രീതി എല്ലാ പെൺകുട്ടികൾക്കും അംഗീകരിക്കാൻ കഴിഞ്ഞു എന്നു വരില്ല.

സ്ത്രീധനം

സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, കളിയാക്കലുകൾ, പണത്തിന്റെ പേരിൽ കുടുംബങ്ങളെ താരതമ്യം ചെയ്യുന്ന രീതി എല്ലാം ദോഷകരമായി ബാധിക്കും. 

പെൺകുട്ടികൾ കല്യാണം കഴിഞ്ഞാൽ പിന്നെ ഭർത്താവിനോട് ആവശ്യങ്ങൾ പറഞ്ഞാൽ മതി എന്ന രീതി പെൺകുട്ടികളുടെ വീട്ടുവകർക്കും ഉണ്ട്. എന്തു പ്രശ്നം വന്നാലും അഡ്ജസ്റ്റ് ചെയ്യാൻ പെൺകുട്ടികളെ ഉപദേശിക്കുന്നത് എല്ലാ സാഹചര്യങ്ങളിലും ഫലപ്രദമായിരിക്കില്ല. അങ്ങനെ വരുമ്പോൾ തന്നെ കേൾക്കാനും സഹായിക്കാനും ആരുമില്ല എന്ന നിസ്സഹായാവസ്ഥ വിഷാദത്തിലേക്കും ആത്മഹത്യാ ചിന്തകളിലേക്കും പെൺകുട്ടികളെ നയിക്കാൻ സാധ്യത കൂടുതലാണ്.

(തിരുവല്ലായിലെ ബ്രീത്ത് മൈൻഡ് കെയറിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റായ പ്രിയ വർഗീസാണ് ലേഖിക. ഫോൺ നമ്പർ : 8281933323)

ഐക്യൂ ഇക്യൂവും എന്താണ് ? ഉയർന്ന ഇക്യൂ എന്തിനെ സൂചിപ്പിക്കുന്നു?

 

PREV
click me!

Recommended Stories

മകളുടെ ആദ്യ ആർത്തവം ആചാരത്തോടെ ആഘോഷമാക്കി കുടുംബം; ഏറ്റെടുത്ത് സമൂഹമാധ്യമം
ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍