സ്വയം അവബോധം ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കണം- എന്തെല്ലാമാണ് നമ്മുടെ മനസ്സിനെ പെട്ടെന്ന് ബാധിക്കുന്ന പ്രശ്നങ്ങൾ എന്ന് തിരിച്ചറിയാൻ ശ്രമിക്കണം.
ഇത്രയും ബുദ്ധിയുള്ള ഒരാൾ എടുത്തു ചാടി ഇങ്ങനെ ചെയ്യുമെന്നു ഒരിക്കലും കരുതിയില്ല, ഇത്രയും കഴിവുള്ള ഒരാൾ കുടുംബത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നില്ല എന്നതിൽ അത്ഭുതം തോന്നുന്നു- ഇങ്ങനെ തോന്നിപോയ അവസരങ്ങൾ ഉണ്ടോ?
ഒരാളുടെ ബുദ്ധിയും ( Intellignece Quotient, IQ) അയാളുടെ വൈകാരിക അവബോധവും, മറ്റുള്ളവരെ മനസ്സിലാക്കാൻ കഴിയുക എന്നതും (Emotional Quotient, EQ) വ്യത്യസ്തമായ കഴിവുകളാണ്. ഒരാൾക്ക് പഠനത്തിൽ മികവ് പുലർത്താൻ കഴിയുക, കണക്കുകൾ ചെയ്യാൻ കഴിയുക, മികച്ച ഓർമ്മശക്തി ഉണ്ടാവുക എന്നതെല്ലാം അയാൾക്ക് മികച്ച IQ ഉണ്ട് എന്നതിന്റെ ലക്ഷണമാണ്. സ്വയം മനസ്സിലാക്കുക, മറ്റുള്ളവരോട് അനുകമ്പ തോന്നുക, എടുത്തുചാടി പ്രവർത്തിക്കാതിരിക്കുക, എങ്ങനെ മറ്റുള്ളവരെ മനസ്സിലാക്കി ഇടപെടണം എന്ന തിരിച്ചറിവ് എന്നിവ എല്ലാം ചേർന്നതാണ് ഇമോഷണൽ കോഷ്യന്റ് (EQ). ഒരു വലിയ തർക്കം നടക്കുന്ന സാഹചര്യത്തിൽ പോലും വളരെ ശാന്തമായി പ്രശ്നപരിഹാരത്തിനായി ശ്രമിക്കാൻ മികച്ച EQ ഉള്ള വ്യക്തികൾക്ക് സാധിക്കും.
എന്നാൽ നല്ല ബുദ്ധിശക്തിയുള്ള (IQ) ആളുകളിൽ നല്ല EQ വും ഉണ്ടാകണം എന്നില്ല. ചില ഉദാഹരണങ്ങൾ നോക്കാം:
● നല്ല കഴിവും നല്ല നിലയിൽ ജോലിയിൽ ശോഭിക്കുന്ന ഒരു വ്യക്തി. പക്ഷേ തന്റെ ജീവിത പങ്കാളിയെ കേൾക്കാനുള്ള ക്ഷമ ഉണ്ടാകുന്നില്ല. പറയുന്ന കാര്യങ്ങൾ എല്ലാം വളരെ നിസ്സാരമാണ് എന്ന് കരുതി അവയെ അവഗണിക്കുന്നത് അവർ തമ്മിൽ അകലാൻ കാരണമായി.
● വളരെ മികച്ച IQ ഉള്ള ആളാണ് ഒരു ജോലിസ്ഥലത്തെ മാനേജർ എന്നിരിക്കട്ടെ. പക്ഷേ അദ്ദേഹത്തിന് മികച്ച EQ ഇല്ല എങ്കിൽ തന്റെ ഒപ്പമുള്ള ആളുകളെ പ്രശ്നങ്ങൾ ഇല്ലാതെ ഒത്തൊരുമിച്ചു കൊണ്ടുപോകുന്നതിൽ ബുദ്ധിമുട്ടു നേരിട്ടും. പുതിയ ആശയങ്ങൾ പറയുമ്പോൾ അത് മറ്റുള്ളവർക്ക് മനസ്സിലാകാതെ വരുന്നു എന്നത് അവരെ രോഷാകുലരാക്കും.
● കൂടുതൽ സമയം ജോലിസ്ഥലത്ത് തുടരണം എന്ന് സ്വയം തീരുമാനിക്കുകയോ കൂടെ ജോലി ചെയ്യുന്നവരെ നിർബന്ധിക്കുകയും ചെയ്യുന്ന മേലധികാരി ജോലിയിലെ മികവിനൊപ്പം തന്നെ മാനസികാരോഗ്യവും പ്രധാനമാണെന്ന് ചിന്തിക്കാൻ കഴിയാതെപോകുന്നു.
● മികച്ച IQ ഉള്ള വ്യക്തിയാണ് എങ്കിലും എങ്ങനെ തന്റെ പ്രശ്നങ്ങൾ, ബുദ്ധിമുട്ടുകൾ ഒക്കെ മറ്റൊരാളോട് പറയണം എന്നറിയാത്ത അവസ്ഥ. ഇതുമൂലം വലിയ മാനസിക സമ്മർദ്ദമാണ് അനുഭവപ്പെടുക.
എങ്ങനെ EQ മെച്ചപ്പെടുത്താം:
● സ്വയം അവബോധം ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കണം- എന്തെല്ലാമാണ് നമ്മുടെ മനസ്സിനെ പെട്ടെന്ന് ബാധിക്കുന്ന പ്രശ്നങ്ങൾ എന്ന് തിരിച്ചറിയാൻ ശ്രമിക്കണം.
● ഡയറി എഴുതുന്നത് ശീലമാക്കാം: നമ്മുടെ മനസ്സിനെ നെഗറ്റീവ് ആയി ബാധിച്ച സാഹചര്യങ്ങളിൽ എങ്ങനെയാണ് നമ്മൾ പ്രതികരിച്ചത് എന്ന് എഴുതുക. എങ്ങനെ പ്രതികരിച്ചപ്പോഴാണ് എളുപ്പത്തിൽ പ്രശ്ന പരിഹാരം സാധ്യമായത്, എപ്പോഴാണ് കൂടുതൽ സങ്കീർണ്ണമയത് എന്നെല്ലാം വേർതിരിച്ചറിയാൻ ഇത് സാഹായിക്കും. എങ്ങനെ ആലോചന കൂടാതെയുള്ള പ്രതികരണം ഒഴിക്കാം എന്ന് ചിന്തിക്കണം. പ്രശ്നപരിഹാരം സാധ്യമാക്കാൻ കഴിയാത്ത ഒരു വ്യക്തിയാണ് എന്ന് സ്വയം വിശ്വസിക്കുന്നത് ഒഴിവാക്കണം. ആത്മവിശ്വാസം വളർത്തുന്ന രീതിയിൽ സ്വയം പിന്തുണ നൽകുന്ന രീതിയിൽ പോസിറ്റീവ് ആയി ചിന്തിക്കാൻ ശ്രമിക്കണം.
● നമ്മുടെ ഒക്കെ ജീവിതവും സ്വഭാവവും നമ്മൾ നിശ്ചയിച്ചതല്ല. ഞാൻ മറ്റൊരാളായി ജനിച്ചിരുന്നെങ്കിൽ എന്ന് നാം ആഗ്രഹിച്ചിട്ടുണ്ടാവില്ലേ. എന്നാൽ നമുക്കു കിട്ടിയ ജീവിതത്തെ മെച്ചപ്പെടുത്തുക എന്ന ഉത്തരവാദിത്വമാണ് നാം ഏറ്റെടുക്കേണ്ടതെന്ന് മനസ്സിലാക്കുക.
● നമ്മുടെ ഏറ്റവും വിശ്വസ്തരായ സുഹൃത്തുക്കളോട് നമ്മുടെ ഇപ്പോഴത്തെ സ്വഭാവരീതിയിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തെല്ലാമാണ് എന്ന് ചോദിക്കുക. അവർ ചൂണ്ടിക്കാണിക്കുന്ന ശരിയായ കാര്യങ്ങളെ അംഗീകരിച്ചുകൊണ്ട് മാറ്റങ്ങൾ വരുത്താൻ നാം പതുക്കെ ശ്രമിക്കണം.
● ബ്രീത്തിങ്ങ് എക്സർസൈസ്, മൈൻഡ്ഫുൾനെസ് എന്നിവ ഒരു സൈക്കോളജിസ്റ്റിനെ സമീപിച്ചു പഠിച്ചെടുക്കാൻ ശ്രമിക്കുക.
(തിരുവല്ലായിലെ ബ്രീത്ത് മൈൻഡ് കെയറിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റായ പ്രിയ വർഗീസാണ് ലേഖിക. ഫോൺ നമ്പർ : 8281933323)
പാരാഫീലിയ തിരിച്ചറിയാം, കുട്ടികളെ ലൈംഗിക ചൂഷണത്തിൽ നിന്നും രക്ഷിക്കാം
