ആറ് വയസുള്ളപ്പോൾ മുതല്‍ ഗായത്രിക്കും അവളുടെ അനിയനും അമ്മ മാത്രമായിരുന്നു എല്ലാം. അമ്മയുടെ വിവാഹം നടത്തിയ അനുഭവം ആലപ്പുഴ സ്വദേശിയായ അഡ്വ. ഗായത്രി കൃഷ്ണ പറയുന്നു.

ആറ് വയസുള്ളപ്പോൾ മുതല്‍ ഗായത്രിക്കും അവളുടെ അനിയനും അമ്മ മാത്രമായിരുന്നു എല്ലാം. വിവാഹത്തിന്‍റെ കയ്പുനീർ കുടിച്ചെങ്കിലും 20 വർഷം സിംഗിൾ മദറായി മക്കളെ ഈ നിലയില്‍ എത്തിക്കാന്‍ നിഷ എന്ന 46കാരിക്ക് കഴിഞ്ഞു. ഒടുവില്‍ അമ്മയെ പുതുജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റാന്‍ ഗായത്രിയും അനിയൻ അഭിനവും തന്നെ മുന്‍കൈയെടുക്കുകയായിരുന്നു. അമ്മയുടെ വിവാഹം നടത്തിയ അനുഭവം ആലപ്പുഴ സ്വദേശിയായ അഡ്വ. ഗായത്രി കൃഷ്ണ പറയുന്നു.

20 വർഷം സിംഗിൾ മദർ

ഞങ്ങള്‍ കുട്ടികളായിരുന്ന സമയത്തു തന്നെ രണ്ടാം വിവാഹത്തിനായി കുറേ ആലോചനകൾ അമ്മയ്ക്ക് വന്നിരുന്നു. പക്ഷേ ഇനി വിവാഹം വേണ്ട, മക്കൾക്ക് വേണ്ടിയാണ് ജീവിതം എന്നായിരുന്നു അമ്മയുടെ തീരുമാനം. 20 വർഷം അമ്മ സിംഗിൾ പാരന്‍റ് ആയിരുന്നു. അമ്മ മറ്റൊരു വിവാഹം കഴിക്കണം എന്ന് കോളേജില്‍ പഠിക്കുന്ന കാലം മുതലേ ഞാന്‍ പറയുന്നുണ്ടായിരുന്നു. അന്നൊന്നും അമ്മ അത് സമ്മതിച്ചിരുന്നില്ല. ഇതിനിടെ ഞാൻ ജേണലിസം പഠനത്തില്‍ നിന്നും എൽഎൽബിക്കു ചേർന്നു. ഞാനും അനിയനും സാമ്പത്തികമായി മെച്ചപ്പെട്ട് നില്‍ക്കുന്ന സമയത്താണ് വീണ്ടും അമ്മയോട് ഇക്കാര്യം സംസാരിക്കുന്നത്. മക്കൾ അമ്മയ്ക്ക് കെയറും സാമ്പത്തിക പിന്തുണയുമൊന്നും കൊടുത്തിട്ട് കാര്യമില്ല, പാർട്ണർഷിപ് എന്നത് വളരെ പ്രധാനമാണ്. അങ്ങനെയിരിക്കുമ്പോള്‍ ചെന്നൈയിൽ നിന്നു ബിസിനസുകാരനായ ഒരാളുടെ വിവാഹാലോചന വരുകയായിരുന്നു. ബിസിനസും തിരക്കുമൊക്കെയായി വിവാഹം കഴിക്കാൻ ഏറെ വൈകിപ്പോയ ഒരാളായിരുന്നു അദ്ദേഹം. ആദ്യം അമ്മ എതിര്‍ത്തു. പിന്നെ ഞങ്ങള്‍ എല്ലാവരും നിര്‍ബന്ധിച്ചപ്പോഴാണ് അമ്മ ഇതിന് സമ്മതം നല്‍കിയത്. അതും നമ്മള്‍ ആയിട്ട് അദ്ദേഹം വളരെ കംഫർട്ടബിൾ ആണെന്ന് തോന്നിയ ഒരു പോയിന്റിലാണ് അമ്മ ഇതിന് സമ്മതം പറ‍ഞ്ഞത്.

അമ്മയ്ക്ക് ഒരു കൂട്ട്

ഡിവോഴ്സും രണ്ടാം വിവാഹവുമൊക്കെ സര്‍വ്വ സാധാരണമായി നടക്കുന്ന ഒരു കാലത്ത് നല്ലൊരു പാർട്ണറെ കിട്ടുക എന്നുള്ളത് തന്നെ വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. ഞങ്ങള്‍ക്ക് വേണ്ടിയാണ് അമ്മ അമ്മയുടെ ജീവിതം മാറ്റി വച്ചത്. എല്ലാം പറയാനും പങ്കുവയ്ക്കാനും ഒരു കൂട്ട് അമ്മയ്ക്കു വേണം എന്ന് ഞങ്ങള്‍ക്ക് ഒരു പോയിന്‍റില്‍ തോന്നി. അങ്ങനെ ഞങ്ങള്‍ മുന്‍കൈയെടുത്താണ് ഇത് നടന്നത്. ഞങ്ങള്‍ അദ്ദേഹവുമായി സംസാരിച്ചു കഴിഞ്ഞപ്പോള്‍ മമ്മിയായിട്ട് ഒരു കെമിസ്ട്രി ഉണ്ടാവുമെന്ന് തോന്നി, അങ്ങനെയാണ് ഇത് വിവാഹത്തിലെത്തിയത്.

വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷം

ഫസ്റ്റ് വെഡ്ഡിംഗ് ആനിവേഴ്സറിയുടെ അന്നാണ് വിവാഹ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ റീപോസ്റ്റ് ചെയ്തത്. വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷമായി. വീഡിയോ പങ്കുവച്ചതിന് ശേഷം നല്ല അഭിപ്രായങ്ങളാണ് ലഭിച്ചത്. നെഗറ്റീവ് കമന്‍റുകളെ ഉണ്ടായിരുന്നില്ല എന്ന് തന്നെ പറയാം. കൂടാതെ ചില സെലിബ്രിറ്റികള്‍ എനിക്ക് മെസ്സേജ് അയക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. സ്വാസിക തമിഴിൽ ഇതിന് സമാനമായ ഒരു സിനിമ ചെയ്തു. അത് റിലീസ് ആകാൻ പോവുകയാണ്. അത് കാണണം എന്നൊക്കെ പറഞ്ഞ് എനിക്ക് മെസ്സേജ് അയച്ചിട്ടുണ്ടായിരുന്നു.

മക്കള്‍ പാര്‍ട്നറിന് പകരമാകില്ല

എത്ര മക്കള്‍ ഉണ്ടെന്ന് പറഞ്ഞാലും ഒരു പാര്‍ട്നര്‍ ഒപ്പമുള്ളതു പോലെ വരില്ലല്ലോ. സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാര്‍ക്കും അങ്ങനെ തന്നെയാണ്. ഭാര്യ മരിച്ചുപോയാൽ, അല്ലെങ്കില്‍ ഭാര്യ ഡിവോഴ്സ് ചെയ്തിട്ട് ഒറ്റയ്ക്ക് ജീവിക്കുന്ന ഒരുപാട് പുരുഷന്മാരുമുണ്ട്. ഒരു കൂട്ട് വേണം അല്ലെങ്കിൽ അവരെ മനസ്സിലാക്കുന്ന, എല്ലാം തുറന്നു പറയാന്‍ ഒരാള്‍ ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നത് ഒരു തെറ്റല്ല, അതിന് പ്രായം ഒരു തടസവുമല്ല. നമ്മൾ എത്ര പൈസ കൊടുത്തു എന്ന് പറഞ്ഞാലും ഒരു കമ്പാനിയൻ അല്ലെങ്കിൽ അവരെ മനസ്സിലാക്കുന്ന ഒരു സുഹൃത്ത് കൂടെയുള്ളത് പോലെ ആകില്ലല്ലോ.

ചോറും കറിയും വെച്ച് കൊടുക്കാനല്ല!

അടുത്തിടെ ഇതുപോലെ ഒരു ദമ്പതികളുടെ വീഡ‍ിയോ വൈറലായപ്പോള്‍ മക്കള്‍ അവരുടെ ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ വേണ്ടിയാണ് ഇങ്ങനെ ഒരു കാര്യത്തിലേക്ക് തള്ളിവിട്ടത് എന്നൊക്കെയായിരുന്നു കമന്‍റ് ബോക്സ്. ഇനി അയാൾക്ക് ചോറും കറിയും വെച്ച് കൊടുക്കാൻ മക്കള്‍ കെട്ടിച്ചു വിടുന്നു എന്ന് പറയുന്ന രീതിയിലുള്ള കമന്റുകളും കണ്ടിരുന്നു. ശരിക്കും പറഞ്ഞിട്ടുണ്ടെങ്കിൽ അത് അങ്ങനെയല്ല. ഒരു ഇമോഷണല്‍ സപ്പോര്‍ട്ടാണ് ഇത്തരം വിവാഹം കൊണ്ട് ഉദ്ദേശിക്കുന്നത്. മക്കൾ ഉണ്ടെന്ന് കരുതി ഒരു പങ്കാളി ഉള്ളതു പോലെ വരില്ല. അത് പലപ്പോഴും മനസ്സിലാക്കാത്ത മക്കള്‍ ഇന്നത്തെ കാലത്തുമുണ്ട്. നമ്മുക്കായി ജീവിതം മാറ്റിവച്ച അവര്‍ക്ക് വേണ്ടി എന്തെങ്കിലുമൊക്കെ തിരിച്ചു കൊടുക്കണം എന്നുള്ള ഒരു പോയിന്റ് വരുമല്ലോ. അവിടെ നമ്മൾ നാട്ടുകാർ എന്ത് ചിന്തിക്കും, വീട്ടുകാർ എന്ത് ചിന്തിക്കും, എന്റെ അമ്മയുടെ സ്ഥാനത്ത്, എന്റെ അച്ഛന്റെ സ്ഥാനത്ത് വേറെ ആരെയും കൊണ്ടുവരാൻ പറ്റത്തില്ല എന്നുള്ള ചിന്തകള്‍ മാറ്റി വയ്ക്കുകയാണ് വേണ്ടത്.

നിയമം പഠിപ്പിച്ചു കൊടുക്കാന്‍ ആരെങ്കിലും വേണ്ടേ?

ഞാനൊക്കെ എൽഎൽബിക്ക് പഠിക്കുന്ന സമയത്ത് നമുക്ക് എന്തെങ്കിലും റെഫറൻസ് ഒക്കെ നോക്കാൻ വേണ്ടി കേരളത്തിൽ അങ്ങനെ കണ്ടെന്റ് ക്രിയേറ്റേഴ്സ് ഒന്നും ഉണ്ടായിരുന്നില്ല. അങ്ങനെയാണ് ഞാന്‍ കണ്ടെന്‍റ് ക്രിയേറ്റിങ്ങിലേക്കെത്തിയത്. നിയമം പഠിപ്പിച്ചു കൊടുക്കാനും ആരെങ്കിലുമൊക്കെ വേണ്ടേ? നിയമവുമായി ബന്ധപ്പെട്ട അറിവുകള്‍ പകരുന്ന വീഡിയോകളാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നത്. വീഡിയോയില്‍ എന്‍റെ കൂടെ വരുന്നത് അമ്മയുടെ ഫ്രെണ്ടാണ്. പിന്നെ എന്‍റെ ടീച്ചറും കൂടിയാണവര്‍.