ഇന്ത്യൻ സ്ത്രീകൾ എന്തുകൊണ്ട് പാശ്ചാത്യ വസ്ത്രം ധരിക്കുന്നു? ജയ ബച്ചന്‍റെ മറുപടി ഇങ്ങനെ...

By Web TeamFirst Published Nov 20, 2022, 3:40 PM IST
Highlights

തന്‍റെ മകൾ ശ്വേതയോടും ചെറുമകൾ നവ്യയോടുമാണ്  എന്തുകൊണ്ടാണ് പെൺകുട്ടികൾ ഇന്ന് കൂടുതലായി പാശ്ചാത്യ വസ്ത്രങ്ങൾ ധരിക്കുന്നത് എന്ന ചോദ്യം താരം ഉന്നയിച്ചത്. എനിക്ക് അറിയില്ല എന്ന് മറുപടിയാണ് ചെറുമകള്‍ നവ്യ നല്‍കിയത്.

അഭിനയരംഗത്ത് തന്റേതായ സ്ഥാനമുറപ്പിച്ച നടിയാണ് ജയ ബച്ചന്‍. പതിറ്റാണ്ടുകള്‍ നീണ്ടു നിന്ന അഭിനയജീവിതത്തിന് അവര്‍ തുടക്കം കുറിച്ചത് 15-ാം വയസ്സിലാണ്. അന്നത്തെ കാലത്ത് ഷൂട്ടിങ്ങിനിടെ നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് അടുത്തിടെ താരം തുറന്നുപറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ഇന്ത്യൻ സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് ജയ ബച്ചൻ പങ്കുവച്ച അഭിപ്രായമാണ്  ചർച്ചയാകുന്നത്. ചെറുമകളായ നവ്യ നവേലി നന്ദയുടെ പോഡ് കാസ്റ്റിലൂടെയാണ് ഇന്ത്യൻ സ്ത്രീകളുടെ മാറിവരുന്ന വസ്ത്ര സംസ്കാരത്തെക്കുറിച്ച് ജയ ബച്ചൻ സംസാരിച്ചത്. 

തന്‍റെ മകൾ ശ്വേതയോടും ചെറുമകൾ നവ്യയോടുമാണ്  എന്തുകൊണ്ടാണ് പെൺകുട്ടികൾ ഇന്ന് കൂടുതലായി പാശ്ചാത്യ വസ്ത്രങ്ങൾ ധരിക്കുന്നത് എന്ന ചോദ്യം താരം ഉന്നയിച്ചത്. എനിക്ക് അറിയില്ല എന്ന് മറുപടിയാണ് ചെറുമകള്‍ നവ്യ നല്‍കിയത്. എന്നാല്‍ ശ്വേത മറുപടി നല്‍കിയത് ഇങ്ങനെ:  'ഇത്തരം വസ്ത്രങ്ങൾ സ്ത്രീകൾക്ക് അല്‍പം കൂടി ചലനസ്വാതന്ത്ര്യം കൊടുക്കുന്നുണ്ട്. കൂടാതെ ഇന്നത്തെ കാലത്ത് വീടിനുള്ളിൽ തന്നെ കഴിയുന്ന സ്ത്രീകൾ  കുറവാണ്.  ജോലിക്കായും മറ്റുകാര്യങ്ങൾക്കായും സ്ത്രീകള്‍ പതിവായി പുറത്തു പോകുന്നുണ്ട്. ഇത്തരം അവസരങ്ങളിൽ സാരിയുടുത്ത് ഒരുങ്ങുന്നതിലും എന്തുകൊണ്ടും എളുപ്പം പാന്റ്സും ഷര്‍ട്ടും ടീഷര്‍ട്ടുമൊക്കെ ധരിക്കുന്നത് തന്നെയാണ്'. 

എന്നാല്‍ ഇതിന് ജയ ബച്ചന്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു: 'ഇത് മനഃപൂർവമായി സംഭവിച്ച ഒരു കാര്യമാണെന്ന് താൻ കരുതുന്നില്ല. പാശ്ചാത്യ വസ്ത്രങ്ങളെ ഇന്ത്യൻ സ്ത്രീകൾ അം​ഗീകരിച്ചു കഴിഞ്ഞു. ഒരു സ്ത്രീക്ക് മാൻപവർ നൽകാൻ ഈ വസ്ത്രധാരണത്തിന് കഴിയുന്നുണ്ട്. എന്നാൽ സ്ത്രീകളെ സ്ത്രീശക്തിയിൽ തന്നെ കാണാനാണ് താൻ ആഗ്രഹിക്കുന്നത്. ഇതിനർത്ഥം സ്ത്രീകളെല്ലാം സാരി ധരിക്കണം എനതല്ല. പാശ്ചാത്യ നാടുകളിൽ പോലും മുമ്പ് സ്ത്രീകൾ പാന്റ്സും ഷർട്ടും അല്ലാതെയുള്ള ഡ്രസ്സുകളാണ് കൂടുതലായും ധരിച്ചിരുന്നതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്'- ജയ ബച്ചന്‍ പറയുന്നു. 

എല്ലാ പുരുഷന്മാരും യുദ്ധത്തിന് പോകുകയും സ്ത്രീകൾ ഫാക്ടറികളിൽ ജോലി ചെയ്യാൻ തുടങ്ങുകയും ചെയ്തതോടെയാണ് പരമ്പരാ​ഗത വസ്ത്രങ്ങൾ ഉപേക്ഷിച്ച് സ്ത്രീകൾ പാന്‍റ്സും മറ്റും ധരിക്കേണ്ടി വന്നതെന്നും അതല്ലെങ്കിൽ ഭാരമേറിയ ജോലികൾ ചെയ്യാൻ സാധിക്കുമായിരുന്നില്ല എന്നുമാണ് ശ്വേതയുടെ വാദം. അതേസമയം, വസ്ത്രധാരണം സ്ത്രീശക്തി കുറയ്ക്കുന്നില്ല എന്നത് ചൂണ്ടിക്കാണിക്കാനായി വൻകിട ബിസിനസ്സുകളുടെയും കമ്പനികളുടെയും  തലപ്പത്തിരിക്കുന്ന സ്ത്രീകൾ ഇപ്പോഴും സാരി ധരിക്കുന്നുണ്ട് എന്ന കാര്യമാണ് നവ്യ ഓര്‍മ്മിപ്പിച്ചത്. 

Also Read: 'കുറ്റിക്കാടുകളുടെ മറവിൽ സാനിറ്ററി പാഡുകള്‍ മാറ്റേണ്ടിവന്നിട്ടുണ്ട്'; ജയ ബച്ചന്‍

click me!