'ക്യാൻസര്‍ ചികിത്സയ്ക്കിടെ മുടി കൊഴിഞ്ഞതോടെ ജോലി പോയി'; അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് ലിസ റായ്

By Web TeamFirst Published Nov 8, 2022, 4:35 PM IST
Highlights

'നിങ്ങളെങ്ങനെയാണ് ഇങ്ങനെ നില്‍ക്കുന്നത്, നിങ്ങളുടെ ബ്ലഡ് കൗണ്ട് വളരെ കുറവാണ് - ഏത് നിമിഷവും നിങ്ങള്‍ക്ക് കാര്‍ഡിയാക് അറസ്റ്റ് സംഭവിക്കാം...' -എന്നായിരുന്നു രക്തപരിശോധനാഫലം കണ്ട ഡോക്ടര്‍ ആദ്യം പ്രതികരിച്ചതെന്ന് ലിസ റായ് പറയുന്നു.

ക്യാൻസര്‍ രോഗം നമുക്കറിയാം, സമയത്തിന് കണ്ടെത്താനായാല്‍ ഫലപ്രദമായി ചികിത്സിച്ച് ഭേദപ്പെടുത്താൻ സാധിക്കും. എന്നാല്‍ പലപ്പോഴും സമയത്തിന് ക്യാൻസര്‍ രോഗം കണ്ടെത്താൻ സാധിക്കാറില്ല എന്നതാണ് സത്യം. ഒന്നുകില്‍ രോഗം ഗുരുതരമാവുകയോ അല്ലെങ്കില്‍ ചികിത്സിക്കാൻ ഏറെ ബുദ്ധിമുട്ടുള്ള ഘട്ടത്തിലെത്തുകയോ ചെയ്യുമ്പോള്‍ കടുത്ത ലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍ പരിശോധന നടത്തും. അല്ലെങ്കില്‍ മറ്റേതെങ്കിലും ആവശ്യങ്ങള്‍ക്കായി ആശുപത്രിയിലെത്തുമ്പോള്‍ ഇതുവഴി സംശയം തോന്നി പരിശോധന നടത്തും.

ഇങ്ങനെയെല്ലാമാണ് നമ്മുടെ നാട്ടില്‍ സാധാരണഗതിയില്‍ ക്യാൻസര്‍ നിര്‍ണയം നടക്കാറ്. എന്തായാലും സമയത്തിന് രോഗം കണ്ടെത്താനായാല്‍ തീര്‍ച്ചയായും ചികിത്സയിലൂടെ ഇതിനെ അതിജീവിക്കാൻ സാധിക്കുമെന്നത് തീര്‍ച്ചയാണ്. ഇത്തരത്തില്‍ നമ്മളിലേക്ക് ഏറെ പ്രചോദനം പകര്‍ന്നുതരുന്ന അനുഭവം പങ്കുവയ്ക്കുകയാണ് പ്രമുഖ നടിയും മോഡലും അവതാരകയുമെല്ലാമായ ലിസ റായ്.  

ദീപ മേത്തയുടെ 'വാട്ടര്‍' എന്ന ചിത്രത്തിലൂടെയാണ് ലിസ സിനിമാപ്രേക്ഷകര്‍ക്ക് സുപരിചിതയാകുന്നത്.  ഇതിന് ശേഷം 'കസൂര്‍', 'വീരപ്പൻ', 'ദൊബാരാ' തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. നിരവധി ടിവി ഷോകളില്‍ ലിസ തിളങ്ങിയിട്ടുണ്ട്. അവതാരക എന്ന നിലയില്‍ വലിയ ശ്രദ്ധ നേടിയൊരാള്‍ തന്നെയാണിവര്‍. 

തീര്‍ത്തും അപ്രതീക്ഷിതമായി മജ്ജയില്‍ ക്യാൻസര്‍ സ്ഥിരീകരിക്കുകയും തുടര്‍ന്ന് വര്‍ഷങ്ങളോളം അതുമായി പോരാടി വിജയിക്കുകയും ചെയ്ത തന്‍റെ ജീവിതകഥ 'ഹ്യൂമൻസ് ഓഫ് ബോബെ' പേജിലൂടെ നാഷണല്‍ ക്യാൻസര്‍ അവയര്‍നെസ് ഡേയ്ക്ക് (നവംബര്‍ 7) ലിസ പങ്കുവച്ചിരിക്കുന്നത്. 

'നിങ്ങളെങ്ങനെയാണ് ഇങ്ങനെ നില്‍ക്കുന്നത്, നിങ്ങളുടെ ബ്ലഡ് കൗണ്ട് വളരെ കുറവാണ് - ഏത് നിമിഷവും നിങ്ങള്‍ക്ക് കാര്‍ഡിയാക് അറസ്റ്റ് സംഭവിക്കാം...' -എന്നായിരുന്നു രക്തപരിശോധനാഫലം കണ്ട ഡോക്ടര്‍ ആദ്യം പ്രതികരിച്ചതെന്ന് ലിസ റായ് പറയുന്നു. മാസങ്ങളോളം ക്ഷീണം മാത്രമായിരുന്നു തനിക്കെന്നും ഇതിനൊടുവിലാണ് മജ്ജയില്‍ ക്യാൻസര്‍ ബാധിച്ചതായി കണ്ടെത്തിയതെന്നും ഇവര്‍ പറയുന്നു. 

'അതുവരെ എപ്പോഴും ഓട്ടമായിരുന്നു. അന്ന് ഞാനൊന്ന് നിന്നു. നീണ്ട ശ്വാസമെടുത്തു. എന്‍റെ സര്‍ജറി മരണത്തിന്‍റെ തൊട്ടരികില്‍ വരെ പോയി വന്നത് പോലെ ആയിരുന്നു. ഒരു പുനര്‍ജന്മം. ക്യാൻസര്‍ എന്‍റെ ജീവിതം ആകെയും മാറ്റിമറിച്ചു. ജീവിതത്തിന്‍റെ മൂല്യമെന്തെന്ന് ഞാൻ മനസിലാക്കി. എന്‍റെ അനുഭവങ്ങളെ കുറിച്ചെല്ലാം ഞാൻ എഴുതി...

...ആ സമയത്ത് മുടി മുഴുവൻ പോയിരുന്നതിനാല്‍ ഒരു ദിവസം ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാൻ പോകുമ്പോള്‍ ഞാൻ വിഗ് വച്ചു. പിന്നീട് എനിക്ക് തന്നെ നന്നായി തോന്നാതിരുന്നതിനാല്‍ ഞാനത് മാറ്റി. അന്ന് ഒരുപാട് പേര്‍ എന്നെ പുകഴ്ത്തി. മീഡിയ എല്ലാം എനിക്ക് വേണ്ടി ഹെഡ്ലൈനുകളെഴുതി. പക്ഷേ മുടിയില്ല എന്ന കാരണം കൊണ്ട് ഞാൻ ചെയ്തുവന്നിരുന്ന ഒരു ഷോയില്‍ നിന്ന് എന്നെ പുറത്താക്കി. അവര്‍ക്ക് നീണ്ട മുടിയുള്ളൊരു പെണ്‍കുട്ടിയെ ആയിരുന്നു വേണ്ടത്. എന്‍റെ ഹൃദയം തകര്‍ത്ത സംഭവമായിരുന്നു അത്...'- ലിസ പറയുന്നു. 

പിന്നീട് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ലിസയ്ക്ക് ക്യാൻസര്‍ സ്ഥിരീകരിച്ചു. അപ്പോഴേക്ക് വിവാഹം കഴിഞ്ഞിരുന്നു. ഒരു തവണ കൂടി രോഗം സ്ഥിരീകരിച്ചതോടെ താൻ തകര്‍ന്നുവെന്നും എന്നാല്‍ മാനസികമായി ഇതുള്‍ക്കൊള്ളുന്നതിന് മൂന്നാഴ്ചത്തെ ഒരു പ്രോഗ്രാമിന് പോകാനായിരുന്നു തീരുമാനിച്ചതെന്നും ലിസ പറയുന്നു. 

'ഞാൻ മെഡിറ്റേറ്റ് ചെയ്തു. ജ്യൂസുകളും സ്പ്രൗട്ടുകളും മാത്രം കഴിച്ചു. ആത്മപരിശോധന നടത്തി. ഉള്ളുകൊണ്ട് ആദ്യം എന്നെ സുഖപ്പെടുത്തി. ഇതു കഴിഞ്ഞ് മാസങ്ങള്‍ക്കകം രണ്ടാം തവണയും ഞാൻ ക്യാൻസറിനെ അതിജീവിച്ചു. സര്‍ജറി പോലുമില്ലാതെ. ഇപ്പോള്‍ 9 വര്‍ഷമാകുന്നു. എന്തെല്ലാം അനുഭവങ്ങളിലൂടെ ജീവിച്ചു. സിനിമകള്‍ ചെയ്തു. പുസ്തകമെഴുതി. ക്യാൻസര്‍ ബോധവത്കരണ പരിപാടികളില്‍ പങ്കെടുക്കുന്നു. എനിക്ക് കുട്ടികളുണ്ടായി. ഒരു ആര്‍ട്ട് പ്ലാറ്റ്ഫോം തുടങ്ങി...'- ആരിലും ജീവിതത്തോട് അടങ്ങാത്ത പ്രതീക്ഷയുയര്‍ത്തുന്ന ലിസയുടെ വാക്കുകള്‍.

നിരവധി പേരാണ് ഇവരുടെ വാക്കുകള്‍ ഏറ്റെടുത്തിരിക്കുന്നത്. ഇത്തരത്തിലുള്ള അനുഭവകഥ പങ്കുവച്ചതിന് 'ഹ്യൂമൻസ് ഓഫ് ബോംബെ'യോട് ഏവരും നന്ദി അറിയിക്കുകയും ചെയ്യുന്നു. 

 

Also Read:- കറുത്ത നിറത്തിലുള്ള ബ്രാ സ്തനാര്‍ബുദത്തിന് കാരണമാകുമോ?

tags
click me!