
2012 ഒക്ടോബർ 9നാണ് അത് സംഭവിച്ചത്. സ്കൂൾ കഴിഞ്ഞ് സഹപാഠികൾക്കൊപ്പം സ്കൂൾ ബസിൽ വീട്ടിലേക്ക് പോവുകയായിരുന്നു ആ 15 കാരി. പെട്ടെന്നാണ് ബസ് ബ്രേക്ക് ഇട്ടു നിർത്തിയത്. എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ കുട്ടികളെല്ലാം പരിഭ്രാന്തരായി. പെട്ടെന്നൊരു തോക്കുധാരി ബസിനുള്ളിലേക്ക് കയറുകയും ഇതിൽ ആരാണ് മലാല എന്ന് ചോദിക്കുകയും ചെയ്തു. പറഞ്ഞില്ലെങ്കിൽ മുഴുവൻ പേരെയും വെടിവയ്ക്കുമെന്നായിരുന്നു ഭീഷണി. ഒടുവിൽ മലാലയെ തോക്കുധാരി തിരിച്ചറിഞ്ഞു. അവളുടെ തലയിലേക്ക് താലിബാൻ തീവ്രവാദി നിറയൊഴിച്ചു. രക്തത്തിൽ കുളിച്ച് കിടന്ന മലാല പിന്നീട് ദിവസങ്ങളോളം ജീവനുവേണ്ടി ഇംഗ്ലണ്ടിലെ ബിർമിംഗാം ക്യൂൻ എലിസബത്ത് ആശുപത്രിയിൽ പോരാടുകയായിരുന്നു. അന്ന് ലോകം മുഴുവനും ആ 15 കാരിക്ക് വേണ്ടി പ്രാർത്ഥിച്ചു. ഒടുവിൽ അവൾ ജീവിതത്തിലേക്ക് തിരിച്ചെത്തി. ആ കൊച്ചു മിടുക്കിയുടെ ജന്മദിനമാണിന്ന്.
പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങൾക്ക് വേണ്ടി താലിബാനെതിരെ പോരാടിയ മലാല എന്ന 15 വയസ്സുകാരിയെ ആരും മറക്കാനിടയില്ല. 'തലയ്ക്ക് വെടിയേറ്റ പെൺകുട്ടി' എന്നല്ല പകരം 'സ്ത്രീകളുടെ വിദ്യാഭ്യാസ അവകാശങ്ങൾക്കു വേണ്ടി പോരാടിയവൾ' എന്ന് അഭിമാനത്തോടെ പറയാനായിരുന്നു മലാലയ്ക്ക് ഇഷ്ടം. പെൺകുട്ടികൾ സ്കൂളിൽ പോകാനോ വിദ്യാഭ്യാസം നേടാനോ പാടില്ലെന്നായിരുന്നു താലിബാന്റെ കർശന താക്കീത്. ഭക്ഷണം പാകം ചെയ്യാനും കല്യാണം കഴിച്ച് കുട്ടികളെ പ്രസവിക്കുകയും ഭർത്താവിനെ നോക്കുകയുമാണ് സ്ത്രീകളുടെ ജീവിത ധർമ്മം എന്നായിരുന്നു അവരുടെ നിലപാട്. ഭീഷണിപ്പെടുത്തിയും, സ്കൂൾ കെട്ടിടങ്ങൾ പൊളിച്ചുനീക്കിയും ബോംബ് എറിഞ്ഞുമെല്ലാം അവർ ഇത് നടപ്പാക്കാൻ ശ്രമിച്ചു.
സ്കൂൾ ബാഗുകളും പുസ്തകങ്ങളും മറച്ചുവെച്ചാണ് പെൺകുട്ടികൾ പഠിക്കാൻ പോയിരുന്നത്. എന്നാൽ താലിബാന്റെ വിദ്യാഭ്യാസത്തിന് എതിരെയുള്ള നിയന്ത്രണത്തിനെതിരെ മലാലയും തന്റെ പിതാവും നിരന്തരം ശബ്ദം ഉയർത്തികൊണ്ടേയിരുന്നു. താലിബാന്റെ നീചപ്രവർത്തികൾ വിശദീകരിച്ചുകൊണ്ട് 'ഗുൽ മഖായി' എന്ന അപരനാമത്തിൽ മലാല തുറന്നെഴുതാൻ തുടങ്ങി. എഴുത്ത് വിവാദമായതോടെയാണ് മലാലയെ താലിബാൻ തിരിച്ചറിയുന്നതും മലാല അവരുടെ നോട്ടപുള്ളിയാകുന്നതും. 'ഒരു കുട്ടിക്ക്, ഒരു ടീച്ചർക്ക്, ഒരു പുസ്തകത്തിന്, ഒരു പേനയ്ക്ക് ലോകത്തെ മാറ്റിമറിക്കാൻ കഴിയുമെന്ന് മലാല ലോകത്തോട് വിളിച്ച് പറഞ്ഞു. പൊരുതി പോരാടിയ വിജയമാണ് മലാലയുടേത്.
പാക്കിസ്ഥാന്റെ അഭിമാനം, പാക്കിസ്ഥാന്റെ മദർ തെരേസ തുടങ്ങി പേരുകളിലെല്ലാം മലാലയെ അറിയപ്പെടുന്നു. 2011ൽ പാക്കിസ്ഥാൻ ദേശിയ സമാധാന സമ്മാനം നൽകി ആദരിക്കുകയും 2012ൽ മദർ തെരേസ സ്മാരക അവാർഡ് ലഭിക്കുകയും ചെയ്തു. 2013ൽ കുട്ടികൾക്കായുള്ള രാജ്യാന്തര സമാധാനസമ്മാനവും നേടി. 2014ൽ സമാധാനത്തിനുള്ള നോബൽസമ്മാനവും ലഭിച്ചു. പാക്കിസ്ഥാനിലെ സ്വാത് വാലിയിലെ മിങ്കോരയിൽ 1997 ജൂലൈ 12നാണ് മലാല യൂസഫ്സായ് ജനിച്ചത്.