
വര്‍ഗത്തിന്‍റെയും നിറത്തിന്‍റെയും മതത്തിന്‍റെയുമൊക്കെ പേരില്‍ ലോകത്ത് അങ്ങോളം ഇങ്ങോളം വിവേചനം നടക്കുമ്പോഴും ചരിത്രം കുറിച്ച് സൗന്ദര്യമത്സരങ്ങള്‍. ചരിത്രത്തില്‍ ആദ്യമായി മിസ് അമേരിക്ക, മിസ് യുഎസ്എ, മിസ് ടീന്‍ യുഎസ്എ , മിസ് യൂണിവേഴ്സ് എന്നിവ കരസ്ഥമാക്കിയിരിക്കുകയാണ് കറുത്ത വര്‍ഗക്കാര്‍. നിറമല്ല സൗന്ദര്യത്തിന്‍റെ മാനദണ്ഡം എന്നുകൂടി ഇത് ഓര്‍മിപ്പിക്കുന്നു.
കഴിഞ്ഞ ദിവസമാണ് ദക്ഷിണാഫ്രിക്കന്‍ സുന്ദരിയായ സോസിബിനി ടുന്‍സി മിസ് യൂണിവേഴ്സായി തെരഞ്ഞെടുത്തത്. ഫ്രാങ്ക്ലിന്‍ , ചെസ്ലെ , കാലി ഗാരീസ് എന്നിവരാണ് മിസ് അമേരിക്ക, മിസ് യുഎസ്എ, മിസ് ടീന്‍ യുഎസ്എ എന്നിവ സ്വന്തമാക്കിയത്.
യുവതലമുറയിലെ പെണ്‍കുട്ടികള്‍ക്ക് നാം പഠിപ്പിച്ചുകൊടുക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്താണ്? മിസ് യൂണിവേഴ്‌സ് മത്സരത്തിലെ ചോദ്യോത്തര റൗണ്ടില്‍ ദക്ഷിണാഫ്രിക്കന്‍ സുന്ദരി സോസിബിനി ടുന്‍സി നേരിട്ട ചോദ്യമാണിത്.
'അത് നേതൃപാടവമാണ്. വളരെക്കാലമായി യുവതലമുറയിലെ പെണ്‍കുട്ടികളിലും സ്ത്രീകളിലും വളരെ കുറവാണ് അതുകണ്ടുവരുന്നത്. ഞങ്ങള്‍ അത് ആഗ്രഹിക്കാത്തതുകൊണ്ടല്ല, മറിച്ച് സമൂഹം സ്ത്രീകള്‍ അങ്ങനെയായിരിക്കണം എന്ന് അടയാളപ്പെടുത്തിയതുകൊണ്ടാണ്. ഞാന്‍ കരുതുന്നത് ലോകത്തെ ഏറ്റവും കരുത്തര്‍ ഞങ്ങളെന്നാണ്'- സോസിബിനി മറുപടി നല്‍കി.
ദക്ഷിണാഫ്രിക്കയിലെ സോലോ സ്വദേശിനിയായ സോസിബിനി സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി സജീവമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. സ്ത്രീയെന്നതിന്റെ പേരില്‍ നേരിടുന്ന വിവേചനത്തെയും അടിച്ചമര്‍ത്തലുകളെയും അതിക്രമങ്ങളെയും തടയുന്നതിന് വേണ്ടി നിരവധി സോഷ്യല്‍ മീഡിയാ കാമ്പെയിനുകള്‍ സോസിബിനി നടത്തിയിട്ടുണ്ട്. തന്റെ ബാഹ്യരൂപം എങ്ങനെയാണോ അതിനെ അപ്രകാരം തന്നെ ഉള്‍ക്കൊള്ളാനും സ്‌നേഹിക്കാനും പഠിക്കണമെന്നാണ് സോസിബിനിയുടെ അഭിപ്രായം.
ഞായറാഴ്ച അറ്റ്‌ലാന്റയില്‍ നടന്ന മത്സരത്തില്‍ സ്വിംസ്യൂട്ട്, ഈവനിങ് ഗൗണ്‍, ചോദ്യോത്തരം എന്നീ റൗണ്ടുകളിലൂടെയാണ് തൊണ്ണൂറോളം മത്സരാര്‍ഥികളില്‍ നിന്ന് മിസ് യൂണിവേഴ്‌സിനെ ജഡ്ജസ് കണ്ടെത്തിയത്.