Latest Videos

Mothers Day 2022 : പകരം വയ്ക്കാനാകാത്ത സ്‌നേഹം; ഇന്ന് ലോക മാതൃദിനം

By Web TeamFirst Published May 8, 2022, 8:38 AM IST
Highlights

ലോകത്തെങ്ങുമുള്ള സ്‌നേഹത്തിന്‍റെയും സഹനത്തിന്‍റെയും പ്രതീകമായ അമ്മമാര്‍ക്ക് വേണ്ടിയാണ് അന്താരാഷ്ട്ര മാതൃദിനം ലോകം ആഘോഷിക്കുന്നത്. മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് നമ്മൾ എല്ലാ വർഷവും മാതൃദിനം ആഘോഷിക്കുന്നത്.
 

ഇന്ന് മെയ് 8. ലോക മാതൃദിനം (Mother's Day). ലോകത്തെങ്ങുമുള്ള സ്‌നേഹത്തിൻറെയും സഹനത്തിൻറെയും പ്രതീകമായ അമ്മമാർക്ക് വേണ്ടിയാണ് അന്താരാഷ്ട്ര മാതൃദിനം ലോകം ആഘോഷിക്കുന്നത്. മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് നമ്മൾ എല്ലാ വർഷവും മാതൃദിനം ആഘോഷിക്കുന്നത്.

അമ്മയോടുള്ള സ്നേഹവും ആദരവും ഒരു ദിവസത്തേക്കൊതുക്കുന്നതാണോ എന്ന ചോദ്യം ഉയർന്നേക്കാം. എന്നാൽ മാതാപിതാക്കളെ വൃദ്ധസദനത്തിലാക്കുന്ന മക്കളുള്ള കാലത്തോളം മാതൃദിനത്തിന് പ്രസക്തിയുണ്ട്. തിരക്കുപിടിച്ച ജീവിതത്തിനിടയിൽ അമ്മയെന്ന പുണ്യത്തെ പതിവിലും കൂടുതൽ ഓർക്കാനൊരു ദിവസമായി ഈ ദിനത്തെ കാണാം.

പുരാതന ഗ്രീസ് ജനതയാണ് ഈ ആഘോഷം തുടങ്ങിവെച്ചതെന്നും ലോകത്തിൻറെ വിവിധ ഭാഗങ്ങളിലേക്ക് ഇത് കൈമാറിയതാണെന്നും പറയപ്പെടുന്നു. അമ്മമാർ കുടുംബത്തിനായി നൽകുന്ന ത്യാഗങ്ങളെ ഓർമ്മിക്കുക കൂടിയാണ് ഈ ദിനം. ഈ ദിവസം മക്കൾ നൽകുന്ന സ്നേഹസമ്മാനങ്ങൾ ഏതൊരമ്മയ്ക്കും സന്തോഷമാണ്. 

1905 ൽ അമ്മ മരിച്ചതിനെ തുടർന്ന് അന്ന റീവെസ് ജാർവിസ് ആണ് മാതൃദിന പ്രചാരണത്തിന് തുടക്കമിട്ടത്. 1908 ൽ ഈ പ്രചാരണം ഫലം കണ്ടു. വിർജീനിയയുടെ പടിഞ്ഞാറൻ പ്രദേശമായ ഗ്രാഫ്റ്റണിലെ സെന്റ് ആൻഡ്രൂസ് മെത്തഡിസ്റ്റ് പള്ളിയിൽ അന്ന റീവെസ് ജാർവിസ് സ്വന്തം അമ്മയുടെ ശവകുടീരത്തിന് മുകളിൽ പുഷ്‌പങ്ങൾ അർപ്പിച്ച് ഈ പ്രാർത്ഥനയ്ക്ക് തുടക്കം കുറിച്ചു. ഈ പള്ളിയാണ് ഇന്ന് രാജ്യാന്തര മാതൃദിന പള്ളിയെന്ന പദവി വഹിക്കുന്നത്.

എന്നാൽ യുകെയിലും അയർലൻഡിലും മാർച്ച് മാസത്തിലെ നാലാമത്തെ ഞായറാഴ്ചയാണ് മാതൃ ദിനമായി ആഘോഷിച്ച് പോരുന്നത്. ഗ്രീസിൽ കിഴക്കൻ ഓർത്തഡോക്‌സസ് വിശ്വാസികൾക്ക് കൂടുതൽ വിശ്വാസപരമായ ഒന്നാണ് മാതൃ ദിനം. 

click me!