സ്ത്രീകളിലെ ലൈംഗിക താല്‍പര്യമില്ലായ്മ; പുതിയ മരുന്നിന് അംഗീകാരം

By Web TeamFirst Published Jun 24, 2019, 8:02 PM IST
Highlights

ആര്‍ത്തവവിരാമം സംഭവിച്ചിട്ടില്ലാത്ത സ്ത്രീകള്‍ക്ക് ഉപയോഗപ്രദമാകുന്ന മരുന്നാണിതെന്ന് ഗവേഷകര്‍ പറയുന്നു. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന് നാല്‍പത്തിയഞ്ച് മിനുറ്റ് മുമ്പ് മരുന്നെടുക്കാം

സ്ത്രീകളിലെ ലൈംഗിക താല്‍പര്യമില്ലായ്മ വലിയ രീതിയില്‍ വര്‍ധിച്ചുവരികയാണ് എന്ന് കണ്ടെത്തിയ വിവിധ പഠനങ്ങള്‍ക്ക് പിന്നാലെ ഇതിന് പരിഹാരമായി പുതിയ മരുന്നും ഇറങ്ങുന്നു. അമേരിക്കയിലാണ് പുതിയ മരുന്നിന് അംഗീകാരം ലഭിച്ചിരിക്കുന്നത്. 

ആര്‍ത്തവവിരാമം സംഭവിച്ചിട്ടില്ലാത്ത സ്ത്രീകള്‍ക്ക് ഉപയോഗപ്രദമാകുന്ന മരുന്നാണിതെന്ന് ഗവേഷകര്‍ പറയുന്നു. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന് നാല്‍പത്തിയഞ്ച് മിനുറ്റ് മുമ്പ് മരുന്നെടുക്കാം. ഇതൊരു തരം 'സിന്തറ്റിക് ഹോര്‍മോണ്‍' ആണെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. 

'പങ്കാളിയുമൊത്തുള്ള നിമിഷങ്ങളില്‍, ലൈംഗികമായ ഇടപെടലുകളോട് കാര്യക്ഷമമായി പ്രതികരിക്കാന്‍ തലച്ചോറിനെ തയ്യാറാക്കുകയാണ് ഈ മരുന്ന് ചെയ്യുന്നത്. മാനസികമായി അടഞ്ഞിരിക്കുന്ന മനോഭാവത്തില്‍ നിന്ന് മുക്തയാകാനും പൂര്‍ണ്ണമായും ലൈംഗികബന്ധത്തില്‍ മുഴുകി, അതിനെ ആസ്വദിക്കാനും സ്ത്രീക്ക് ഇതിലൂടെ കഴിയും...'- മരുന്നിന്റെ നിര്‍മ്മാതാക്കളിലൊരാളായ ജൂലി ക്രോപ് പറയുന്നു. 

വെറും ലൈംഗികതയെ പരിപോഷിപ്പിക്കുക എന്ന ഉദ്ദേശത്തോടെയല്ല മരുന്നിന് അംഗീകാരം നല്‍കിയിരിക്കുന്നതെന്നും സ്ത്രീകളിലെ ലൈംഗിക പ്രശ്‌നങ്ങള്‍ വലിയ വിപത്തായി മാറിയിരിക്കുന്ന ഒരു കാലത്തില്‍, അവര്‍ക്ക് ജീവിക്കാനുള്ള പിന്തുണയെന്ന രീതിയിലാണ് തങ്ങള്‍ തീരുമാനവുമായി മുന്നോട്ട് പോകുന്നതെന്നും യുഎസ് 'ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍' വ്യക്തമാക്കി. 

ഇനി, വൈകാതെ മരുന്ന് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇത് ഉപയോഗിക്കുന്നതിനുള്ള മാനദണ്ഡങ്ങളും, ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങളും വരും ദിവസങ്ങളില്‍ കൂടുതല്‍ വിശദമാക്കാനാണ് അധികൃതരുടെ തീരുമാനം.

click me!