സൈന്യത്തില്‍ ചേരാന്‍ ലക്ഷക്കണക്കിന് വനിതകള്‍; അമ്പരന്ന് അധികൃതര്‍

By Web TeamFirst Published Jul 7, 2019, 7:45 AM IST
Highlights

ഓഫിസര്‍മാരായി മാത്രമായിരുന്നു ഇതുവരെ സൈന്യം സ്ത്രീകളെ നിയമിച്ചിരുന്നത്. യുദ്ധവിമാനങ്ങളില്‍ നിന്നും യുദ്ധക്കപ്പലുകളില്‍ നിന്നുമൊക്കെ ഇവരെ മാറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു. സിഎംപിയുടെ ഭാഗമായി 100 വനിതകളെ നിയമിക്കുന്നതോടെ ഇതിന് മാറ്റം വരും. 

ദില്ലി: സൈന്യത്തില്‍ ജോലി ചെയ്യാന്‍ ആഗ്രഹിച്ച് അപേക്ഷ സമര്‍പ്പിച്ചത് രണ്ടു ലക്ഷം വനിതകള്‍. കോപ്സ് ഓഫ് മിലിട്ടറി പൊലീസ് (സിഎംപി) വിഭാഗത്തില്‍ അടുത്തിടെ വിജ്ഞാപനം ചെയ്ത 100 ഒഴിവുകളിലേക്കാണ് ഇത്രയധികം സ്ത്രീകള്‍ അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷ അയച്ചു കാത്തിരിക്കുന്ന രണ്ടുലക്ഷത്തിലധികം വരുന്ന യുവതികള്‍ക്കു വേണ്ടി ഈ മാസം അവസാനത്തോടെ ബല്‍ഗാമിലാണ് റിക്രൂട്ട്മെന്‍റ് റാലി നടത്താന്‍ പോകുന്നത്.

ഓഫിസര്‍മാരായി മാത്രമായിരുന്നു ഇതുവരെ സൈന്യം സ്ത്രീകളെ നിയമിച്ചിരുന്നത്. യുദ്ധവിമാനങ്ങളില്‍ നിന്നും യുദ്ധക്കപ്പലുകളില്‍ നിന്നുമൊക്കെ ഇവരെ മാറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു. സിഎംപിയുടെ ഭാഗമായി 100 വനിതകളെ നിയമിക്കുന്നതോടെ ഇതിന് മാറ്റം വരും. സിഎംപിയുടെ ബെംഗളൂരു കേന്ദ്രത്തിലായിരിക്കും തിരഞ്ഞെടുക്കപ്പെടുന്ന വനിതാ സൈനികര്‍ക്ക് പരിശീലനം നല്‍കുക. ശേഷം ജമ്മു കശ്മീരിലെ പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്ന വനിതകളെ നിയന്ത്രിക്കാനും മറ്റുമുള്ള ഡ്യൂട്ടിയില്‍ നിയോഗിക്കും. 

പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്ന സ്ത്രീകളെ നിയന്ത്രണത്തില്‍ കൊണ്ടു വരുന്നത് സൈന്യത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ടായിരുന്നു. വനിതകളെ നിയമിക്കുന്നതിലൂടെ ഈ പ്രശ്നത്തിനും പരിഹാരം കാണാനാകുമെന്നാണ് നിഗമനം. ഇതിനൊപ്പം, പീഡനം, സ്ത്രീകള്‍ക്കെതിരായ അക്രമം എന്നീ കേസുകളിലും വനിതാ ജവാന്‍മാരുടെ സേവനം പ്രയോജനപ്പെടുത്താനാകും. 

കൂടാതെ ടെറിട്ടോറിയല്‍ ആര്‍മിയില്‍ 'മഹിള പ്രൊവോസ്റ്റ് യൂണിറ്റ്' എന്നൊരു പുതിയ വിഭാഗം രൂപീകരിക്കാനുള്ള ശ്രമത്തിലാണ് നിലവില്‍ സൈന്യമെന്നും റിപ്പോര്‍ട്ടുണ്ട്. രണ്ട് ഓഫിസര്‍മാരും മൂന്നു ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസര്‍മാരും 40 സൈനികരും അടങ്ങിയതായിരിക്കും പുതിയ യൂണിറ്റെന്നുമാണ് റിപ്പോര്‍ട്ട്.

click me!