നേവിയുടെ വിമാനച്ചിറകില്‍ പാലക്കാട്ടുകാരി ക്രീഷ്മയും പറക്കും

By Web TeamFirst Published Sep 22, 2020, 5:02 PM IST
Highlights

യുദ്ധക്കപ്പലുകളുടെ ഡെക്കിൽ നിന്ന് ഹെലികോപ്റ്ററുകൾ പറത്തുന്ന, ആദ്യത്തെ വനിതാ എയർബോൺ ടാക്റ്റീഷ്യൻസായി സബ് ലെഫ്റ്റനന്റ് കുമുദിനി ത്യാഗി, സബ് ലെഫ്റ്റനന്റ് രീതി സിംഗ് നേവിയുടെ ഒബ്സര്‍വര്‍ കോഴ്സ് പൂര്‍ത്തിയാക്കിയത് ചരിത്രമായിരുന്നു

കൊച്ചി: തിങ്കളാഴ്ച നാവികസേനയുടെ വൈമാനിക നിരീക്ഷകരായവരുടെ കൂട്ടത്തിലെ ഏക മലയാളിയായി ക്രീഷ്മ ആര്‍‌. പാലക്കാട്ടുകാരിയാണെങ്കിലും ക്രീഷ്മ ജനിച്ചതും വളര്‍ന്നതും ചെന്നൈയിലാണ്. പാലക്കാട് കടമ്പഴിപ്പുറം എ കെ രവികുമാറിന്‍റെയും ഇന്ദ്രാണിയുടേയും മകളാണ് ക്രീഷ്മ. ചെന്നൈയിലെ സെന്‍റ് ജോസഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജയില്‍ നിന്ന് എന്‍ജിനിയറിങ് പഠനം പൂര്‍ത്തിയായ ശേഷമാണ് ക്രീഷ്മ സേനയില്‍ ചേരുന്നത്. കരസേനയിലേക്കും നാവിക സേനയിലേക്കും സെലക്ഷന്‍ ലഭിച്ചെങ്കിലും നാവിക സേനയില്‍ തുടരാനാണ് ക്രീഷ്മയുടെ തീരുമാനം.

യുദ്ധക്കപ്പലുകളുടെ ഡെക്കിൽ നിന്ന് ഹെലികോപ്റ്ററുകൾ പറത്തുന്ന, ആദ്യത്തെ വനിതാ എയർബോൺ  ടാക്റ്റീഷ്യൻസായി സബ് ലെഫ്റ്റനന്റ് കുമുദിനി ത്യാഗി, സബ് ലെഫ്റ്റനന്റ് രീതി സിംഗ് നേവിയുടെ ഒബ്സര്‍വര്‍ കോഴ്സ് പൂര്‍ത്തിയാക്കിയത് ചരിത്രമായിരുന്നു. യുദ്ധക്കപ്പലിന്റെ ടേക്കിൽ നിന്ന് അസോൾട്ട് ചോപ്പറുകൾ പറത്തുന്ന ആദ്യത്തെ രണ്ടു വനിതാ പൈലറ്റുകളാവാന്‍  രീതി സിങ്ങും, കുമുദിനി ത്യാഗിയും തയ്യാറെടുക്കുമ്പോള്‍ നാവിക സേനാ വിമാനങ്ങളാവും ക്രീഷ്മ പറത്തുക. 

ഇന്ത്യൻ നാവിക സേനയിൽ ലിംഗസമത്വം ഊട്ടിയുറപ്പിക്കുന്നത്തിനുള്ള ആദ്യ നടപടികളിൽ ഒന്നായാണ് യുദ്ധക്കപ്പലിന്റെ ടേക്കിൽ നിന്ന് അസോൾട്ട് ചോപ്പറുകൾ പറത്താന്‍ വനിതകള്‍ പരിശീലന് പൂര്‍ത്തിയാവുന്നതിനെ വിലയിരുത്തുന്നത്. ഇന്ത്യൻ നേവിയിൽ ഇപ്പോൾ തന്നെ നിരവധി സ്ത്രീകൾ ഓഫീസർമാരായ ഉണ്ടെങ്കിലും, കോംബാറ്റ്‌ റോളുകളിൽ, അതായത് യുദ്ധം വരുന്ന സാഹചര്യത്തിൽ നേരിട്ട് ഇടപെടേണ്ടി വരുന്ന തരത്തിലുള്ള ഉത്തരവാദിത്തങ്ങളിൽ സ്ത്രീ പ്രാതിനിധ്യം തുലോം തുച്ഛമാണ്. ഇതുവരെ സ്ത്രീകൾ കടന്നു ചെന്നിട്ടില്ല എന്നതുകൊണ്ടുതന്നെ, പടക്കപ്പലുകൾ അടക്കമുള്ള സ്ഥലങ്ങളിൽ സ്ത്രീകൾക്കുവേണ്ടിയുള്ള ടോയ്‍ലെറ്റുകൾ, ചേഞ്ചിങ് റൂമുകൾ പോലെയുള്ള സൗകര്യങ്ങളും ഇപ്പോൾ ഇല്ലെന്നുതന്നെ പറയാം.

ഈ രണ്ടുപേരുടെ നിയമനത്തോടെ ആ അവസ്ഥയ്ക്ക് മാറ്റമുണ്ടാകാൻ പോവുകയാണ്. ആ അർത്ഥത്തിൽ ഇത് കേവലം രണ്ടു സ്ത്രീകളുടെ നിയമനം മാത്രമായല്ല കാണേണ്ടത്, ഒരു വ്യവസ്ഥിതിയിൽ ഉണ്ടാകാൻ പോകുന്ന വിപ്ലവകരമായ മാറ്റങ്ങൾ എന്ന രീതിയിൽ തന്നെയാണ്. ഈ രണ്ടു വനിതകൾ പടക്കപ്പലുകളിൽ നിയുക്തരാകുമ്പോൾ അവിടെ അതോടൊപ്പം സ്ത്രീകൾക്കുവേണ്ടിയുള്ള പ്രത്യേക സൗകര്യങ്ങളും  അവിടങ്ങളിൽ സ്ഥാപിതമാകും. അത് ഇന്ത്യൻ നാവികസേനയിൽ വനിതകൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന ഒരു വലിയ മാറ്റമാകും. 

click me!