പിസിഒഡി ചില്ലറക്കാരനല്ല; സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ടത്...

By Web TeamFirst Published Jan 6, 2020, 11:29 PM IST
Highlights

സ്ത്രീകളില്‍ പുരുഷ ഹോര്‍മോണായ 'ആന്‍ട്രോജെനു'കളുടെ അളവ് അനിയന്ത്രിതമായി കൂടുകയും തല്‍ഫലമായി അണ്ഡോത്പാദനം തകരാറിലാവുകയും അത് ആര്‍ത്തവ ക്രമക്കേടുകള്‍ക്ക് കാരണമാവുകയും ചെയ്യുന്ന അവസ്ഥയെയാണ് പിസിഒഡി എന്ന് പറയുന്നത്. ഇത്തരം അവസ്ഥയിലൂടെ കടന്നുപോകുന്ന സ്ത്രീകള്‍ക്ക് ഗര്‍ഭധാരണത്തിന് ബുദ്ധിമുട്ടുണ്ടാവുകയും ചിലപ്പോഴൊക്കെ അത് മാനസിക ബുദ്ധിമുട്ടുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുന്നു

നമ്മുടെ സമൂഹത്തില്‍ സ്ത്രീകള്‍ക്കിടയില്‍ ഏറ്റവുമധികം കാണപ്പെടുന്ന ആരോഗ്യപ്രശ്‌നമാണ് പിസിഒഡി (പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം). ഹോര്‍മോണുകളുടെ വ്യതിയാനം മൂലമുണ്ടാകുന്ന പിസിഒഡി ഏതാണ്ട് 22.5 ശതമാനം സ്ത്രീകളിലും കാണപ്പെടുന്നുണ്ട്.

സ്ത്രീകളില്‍ പുരുഷ ഹോര്‍മോണായ 'ആന്‍ട്രോജെനു'കളുടെ അളവ് അനിയന്ത്രിതമായി കൂടുകയും തല്‍ഫലമായി അണ്ഡോത്പാദനം തകരാറിലാവുകയും അത് ആര്‍ത്തവ ക്രമക്കേടുകള്‍ക്ക് കാരണമാവുകയും ചെയ്യുന്ന അവസ്ഥയെയാണ് പിസിഒഡി എന്ന് പറയുന്നത്. ഇത്തരം അവസ്ഥയിലൂടെ കടന്നുപോകുന്ന സ്ത്രീകള്‍ക്ക് ഗര്‍ഭധാരണത്തിന് ബുദ്ധിമുട്ടുണ്ടാവുകയും ചിലപ്പോഴൊക്കെ അത് മാനസിക ബുദ്ധിമുട്ടുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുന്നു.

പിസിഒഡിയുണ്ടാക്കുന്ന മാനസിക ബുദ്ധിമുട്ടുകള്‍

സാധാരണഗതിയില്‍ പിസിഒഡി കൊണ്ടുണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകളെ കുറിച്ച് പല സ്ത്രീകളും അജ്ഞരാണ്. അഗര്‍വാള്‍, റാഥര്‍ എന്നീ പ്രമുഖ ഗവേഷകര്‍ നടത്തിയ പഠനപ്രകാരം പിസിഒഡിയുള്ള സ്ത്രീകളില്‍ 22 മുതല്‍ 36 ശതമാനം വരെ മാനസിക പിരിമുറുക്കങ്ങളും, 28 മുതല്‍ 39 ശതമാനം വരെ ഉത്കണ്ഠാരോഗങ്ങളും, 11 മുതല്‍ 25 ശതമാനം വരെ വിഷാദരോഗങ്ങളും കാണപ്പെടുന്നു. പിസിഒഡിയുള്ള പല സ്ത്രീകളും തങ്ങളുടെ ഗര്‍ഭധാരണത്തിനുള്ള കഴിവിനെക്കുറിച്ച് ഓര്‍ത്ത് ഉത്കണ്ഠപ്പെടുകയയും അസ്വസ്ഥതപ്പെടുകയും ചെയ്‌തേക്കാം.

ഇതിന് പുറമെ, പുരുഷ ഹോര്‍മോണുകളുടെ അതിപ്രസരം കാരണം ചില സ്ത്രീകളില്‍ ക്രമാതീതമായി ശരീരഭാരം വര്‍ധിക്കുകയും അമിതമായി രോമവളര്‍ച്ച കാണപ്പെടുകയും മുഖക്കുരു പതിവാകുകയും ചെയ്‌തേക്കാം. ഇതും മാനസിക പിരിമുറുക്കങ്ങള്‍ക്ക് ഇടയാക്കും.

വന്ധ്യതയാണ് പിസിഒഡി ഉയര്‍ത്തുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇതിന് പുറമെ മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ചിലരില്‍ കാണപ്പെടാറുണ്ട്. അതുപോലെ തന്നെ ഉറക്കസംബന്ധമായ പ്രശ്‌നങ്ങളും നേരിട്ടേക്കാം.

ചില കുടുംബങ്ങളിലാണെങ്കില്‍, പിസിഒഡിയുണ്ടാക്കുന്ന പ്രശ്‌നങ്ങളെച്ചൊല്ലി ദാമ്പത്യത്തില്‍ തന്നെ അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുക്കാനും ഇത് പുതിയ മാനസിക സമ്മര്‍ദ്ദങ്ങളും ഉത്കണ്ഠകളും രൂപപ്പെടാനും വഴിയൊരുക്കുന്നു. ചില സന്ദര്‍ഭങ്ങളിലെങ്കിലും ഇത്തരം വിഷയങ്ങള്‍ ആരോഗ്യകരമായി പരിഹരിക്കാനാകാതെ ദമ്പതികള്‍ വിവാഹമോചനത്തില്‍ വരെയെത്തുന്നുണ്ട്.

പലപ്പോഴും ശാരീരികപ്രശ്‌നങ്ങളും, അതിനെച്ചൊല്ലി കുടുംബാന്തരീക്ഷത്തിലുണ്ടാകുന്ന വഴക്കുകളുമെല്ലാം പിസിഒഡിയുള്ള സ്ത്രീകളെ എളുപ്പത്തില്‍ കടുത്ത വിഷാദത്തിലേക്ക് നയിക്കാറുണ്ട്. അത്തരക്കാരില്‍ അപകടകരമായ രീതിയില്‍ ആത്മഹത്യാപ്രവണതയും കണ്ടുവരുന്നു.

എന്തൊക്കെ മുന്‍കരുതലുകളാകാം?

സാധാരണഗതിയില്‍ ഗൈനക്കോളജി ഒ.പിയില്‍ പിസിഒഡിയുമായി എത്തുന്ന സ്ത്രീകള്‍ക്ക് പരിശോധനകളോടൊപ്പം തന്നെ മാനസിക അസ്വസ്ഥതകളില്ല എന്ന് ഉറപ്പുവരുത്തുന്നതിനായി ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സഹായം തേടാം. ഒപ്പം പിസിഒഡിയുള്ള സ്ത്രീകളിലെ മാനസിക പ്രയാസങ്ങളെ അറിഞ്ഞ് മനസിലാക്കാന്‍ കുടുംബത്തിലെ ഓരോ അംഗത്തിനും ആവശ്യമായ അവബോധം നല്‍കാം.

ചികിത്സയെ കുറിച്ച്...

പിസിഒഡി മൂലമുണ്ടാകുന്ന മാനസിക പ്രശ്‌നങ്ങള്‍ പല തീവ്രതകളില്‍ കാണപ്പെടാറുണ്ട്. അത്ര തന്നെ തീവ്രതയില്ലാത്ത കേസുകളാണെങ്കില്‍ സിബിടി, ആര്‍ഇബിടി, ജെപിഎംആര്‍ തുടങ്ങിയ സൈക്കോതെറാപ്പികള്‍ മതിയാകും. ഇതിന് ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെ സമീപിക്കാവുന്നതാണ്. അതേസമയം തീവ്രത കൂടിയ പ്രശ്‌നങ്ങളാണെങ്കില്‍ മരുന്നുപയോഗിച്ചുള്ള ചികിത്സയാണ് അഭികാമ്യം. ഇതിന് ഒരു സൈക്യാട്രിസ്റ്റിന്റെ സഹായവും തേടാവുന്നതാണ്.

ലേഖനം തയ്യാറാക്കിയത്: ആല്‍ബിന്‍ എല്‍ദോസ്, കണ്‍സള്‍ട്ടന്റ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (ഡിസ്ട്രിക്ട് മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം, ഇടുക്കി)

click me!