ആൺകുഞ്ഞുള്ള അമ്മമാർക്ക് പോസ്റ്റ്പാർട്ടം ഡിപ്രഷന് കൂടുതൽ സാധ്യത

By Web TeamFirst Published Jul 26, 2022, 10:59 AM IST
Highlights

ആൺകുഞ്ഞിന് ജന്മം നൽകുന്ന സ്ത്രീകൾക്ക് പോസ്റ്റ്പാർട്ടം ഡിപ്രഷൻ ഉണ്ടാകാനുള്ള സാധ്യത 71 മുതൽ എന്ന് പഠനം. യു.കെയിൽ നടന്ന ഒരു ​ഗവേഷണത്തിലാണ് കണ്ടെത്തൽ

ആണ്‍കുഞ്ഞിന് ജന്മം നല്‍കുന്ന സ്ത്രീകള്‍ക്ക് പോസ്റ്റ്പാർട്ടം ഡിപ്രഷന്‍ ഉണ്ടാകാനുള്ള സാധ്യത 71 മുതല്‍ 79 ശതമാനം വരെ കൂടുതലെന്ന് പുതിയ പഠനം. യുകെയിലെ യൂണിവേഴ്‌സിറ്റി ഓഫ് കെന്‍റ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

കൂടാതെ ഗര്‍ഭകാലത്ത് ശാരീരികമായി കൂടുതല്‍ സങ്കീര്‍ണതകള്‍ അനുഭവപ്പെടുന്ന സ്ത്രീകള്‍ക്ക് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ ഉണ്ടാകാനുള്ള സാധ്യത 174 ശതമാനം കൂടുതലായിരിക്കുമെന്നും പഠനം പറയുന്നു. പ്രസവ ശേഷം സ്ത്രീകളെ ബാധിക്കുന്ന കടുത്ത വിഷാദ രോഗമാണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍. പ്രസവ സമയത്തുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കൊണ്ടും ഈ രോഗം വരാമെന്ന് ഡോ.ജോണ്‍ പറയുന്നു.  

 ടെന്‍ഷന്‍, മാനസികസമ്മര്‍ദം എന്നിവ നേരത്തെ ഉണ്ടായിരുന്നവര്‍ക്ക് പ്രസവ ശേഷം  പോസ്റ്റ്പാർട്ടം ഡിപ്രഷന്‍ വരാനുളള സാധ്യത കൂടുതലാണ്. ഇത്തരക്കാര്‍ക്ക് പ്രസവശേഷം ആദ്യ ആഴ്ചകളില്‍ തന്നെ കൂടുതല്‍ കരുതലും പരിചരണവും നല്‍കിയാല്‍ ഒരു പരിധിവരെ ഡിപ്രഷന്‍ തടയാന്‍ കഴിയുമെന്നും ഗവേഷകര്‍ പറയുന്നു. 296 അമ്മമാരിലാണ് പഠനം നടത്തിയത്. ജേണല്‍ ഓഫ് സോഷ്യല്‍ സയന്‍സ് ആന്‍റ് മെഡിസിനില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

എന്താണ് പോസ്റ്റ്പാർട്ടം ഡിപ്രഷന്‍? 

പ്രസവ ശേഷം സ്ത്രീകളെ ബാധിക്കുന്ന കടുത്ത വിഷാദ രോഗമാണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍. ഉത്കണ്ഠ, അകാരണമായി സങ്കടപ്പെടുക, ആശങ്ക, ഉറക്കക്കുറവ്, ഓര്‍മക്കുറവ്, ശ്രദ്ധക്കുറവ്, മറ്റുള്ളവരുമായി സംസാരിക്കാതെ അകന്നുനില്‍ക്കുക, അകാരണമായ പൊട്ടിക്കരച്ചിലുകള്‍,  കുട്ടിയെ പരിചരിക്കാന്‍ താല്‍പര്യം കുറയുക, കുട്ടിയെ ഉപദ്രവിക്കുക എന്നിവയെല്ലാമാണ് രോഗ ലക്ഷണങ്ങള്‍.  

വീട്ടുകാരുടെ ഭാഗത്തുനിന്നുളള സ്നേഹപൂര്‍ണമായ സമീപനവും പരിചരണവും ആവശ്യത്തിന് വിശ്രമവും ലഭിച്ചാല്‍ രോഗം മാറും. രണ്ടാഴ്ച കഴിഞ്ഞിട്ടും ഇത്തരം ലക്ഷണങ്ങള്‍ കാണിച്ചാല്‍ ഒരു ഡോക്ടറുടെ നിര്‍ദ്ദേശം സ്വീകരിക്കുന്നത് നല്ലതാണ്. 

click me!