ആര്‍ത്തവത്തിന് മുന്‍പുള്ള 'മൂഡ്' പ്രശ്നങ്ങളെ നിസാരവത്കരിക്കുന്നത് അപകടം...

Web Desk   | others
Published : Aug 30, 2020, 03:02 PM IST
ആര്‍ത്തവത്തിന് മുന്‍പുള്ള 'മൂഡ്' പ്രശ്നങ്ങളെ നിസാരവത്കരിക്കുന്നത് അപകടം...

Synopsis

പിഎംഎഎസിനെപ്പോലെ തന്നെ ആര്‍ത്തവത്തിന് ഒരാഴ്ച മുമ്പ് തുടങ്ങി, ബ്ലീഡിംഗ് ആരംഭിച്ച് ഒന്നോ രണ്ടോ ദിവസം വരേക്ക് നീണ്ടുനില്‍ക്കാവുന്നതാണ് പിഎംഡിഡിയുടെ പ്രശ്നങ്ങളും. ആര്‍ത്തവകാലത്തുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളോടുള്ള ശരീരത്തിന്റെ അസാധാരണമായ പ്രതികരണമായാണ് വിദഗ്ധര്‍ പിഎംഡിഡിയെ കണക്കാക്കുന്നത്

ആര്‍ത്തവത്തിന് മുമ്പായി ഹോര്‍മോണ്‍ വ്യതിയാനങ്ങളെ തുടര്‍ന്നുണ്ടാകുന്ന മാനസിക വിഷമതകളെ പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം അഥവാ പിഎംഎസ് എന്നാണ് നമ്മള്‍ പറയാറ്. ഇന്ന് മിക്കവാറും സ്ത്രീകളിലും പിഎംസിന്റെ അംശങ്ങള്‍ കണ്ടുവരാറുണ്ട്. മോശം ജീവിതരീതി, വര്‍ധിച്ച മാനസിക സമ്മര്‍ദ്ദം എന്നിവയെല്ലാമാണ് പ്രധാനമായും പിഎംഎസിലേക്ക് നയിക്കുന്നത്. 

എന്നാല്‍ പിഎംഎസ് അല്‍പം കൂടി ഗുരുതരമാകുന്ന ഒരു സാഹചര്യം കൂടിയുണ്ട്. പ്രീമെന്‍സ്ട്രല്‍ ഡിസ്ഫോറിക് ഡിസോര്‍ഡര്‍ (പിഎംഡിഡി) എന്നാണ് ഈ അവസ്ഥയുടെ പേര്. മിക്കവരും ഈ പേര് പോലും കേട്ടുകാണാന്‍ സാധ്യതയില്ല. കടുത്ത 'മൂഡ്' മാറ്റങ്ങളും, തീവ്രമായ മാനസികാവസ്ഥയുമെല്ലാമാണ് ഈ അവസ്ഥയില്‍ സ്ത്രീകള്‍ നേരിടുന്നത്. 

എളുപ്പത്തില്‍ മൂഡ് വ്യത്യാസം സംഭവിക്കുക, കടുത്ത ക്ഷീണം, വിശപ്പില്‍ അസാധാരണമായ വ്യത്യാസങ്ങള്‍, തലവേദന, സന്ധിവേദന, പേശിവേദന, ഉത്കണ്ഠ, ആശങ്ക, അസ്വസ്ഥത, നെഞ്ചെരിച്ചില്‍ ഇങ്ങനെ നിത്യജീവിതത്തില്‍ നാം ചെയ്യുന്ന പ്രവര്‍ത്തികളെയെല്ലാം മോശമായി ബാധിക്കുന്ന പല ലക്ഷണങ്ങളും പിഎംഡിഡിയുടേതായി ഉണ്ടാകാം. 

പിഎംഎഎസിനെപ്പോലെ തന്നെ ആര്‍ത്തവത്തിന് ഒരാഴ്ച മുമ്പ് തുടങ്ങി, ബ്ലീഡിംഗ് ആരംഭിച്ച് ഒന്നോ രണ്ടോ ദിവസം വരേക്ക് നീണ്ടുനില്‍ക്കാവുന്നതാണ് പിഎംഡിഡിയുടെ പ്രശ്നങ്ങളും. ആര്‍ത്തവകാലത്തുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളോടുള്ള ശരീരത്തിന്റെ അസാധാരണമായ പ്രതികരണമായാണ് വിദഗ്ധര്‍ പിഎംഡിഡിയെ കണക്കാക്കുന്നത്. 

സന്തോഷം, ഉറക്കം എന്നിങ്ങനെയുള്ള ഘടകങ്ങളെ നിയന്ത്രിക്കുന്ന 'സെറട്ടോണിന്‍' എന്ന ഹോര്‍മോണിന്റെ അളവിലുണ്ടാകുന്ന ഗണ്യമായ കുറവാണത്രേ ഇത്രയും തീവ്രമായ മാനസികാവസ്ഥയിലേക്ക് സ്ത്രീകളെ എത്തിക്കുന്നത്. 

എന്നാല്‍ പലപ്പോഴും സ്ത്രീകളുടെ ഇത്തരം പ്രശ്നങ്ങള്‍ക്ക് വേണ്ടവിധത്തിലുള്ള പരിഗണന ചുറ്റുപാടുകളില്‍ നിന്ന് ലഭിക്കാറില്ല. ഇങ്ങനെ പിഎംഎസ്- പിഎംഡിഡി പോലുള്ള അവസ്ഥകളില്‍ നിന്നുണ്ടാകുന്ന മാനസിക വിഷമതകളെ കൂടെയുള്ളവര്‍ നിസാരവത്കരിക്കുന്നത് വലിയ അപകടത്തിലേക്ക് വരെ സാധ്യത ചൂണ്ടുന്നുവെന്നാണ് മനശാസ്ത്ര വിദഗ്ധര്‍ സൂചിപ്പിക്കുന്നത്.

തങ്ങള്‍ കടന്നുപോകുന്ന പ്രതിസന്ധികളെ ചുറ്റമുള്ളവര്‍ നിസാരമായി കണക്കാക്കുമ്പോള്‍ അത് കൂടുതല്‍ പിരിമുറുക്കത്തിലേക്ക് സ്ത്രീയെ എത്തിക്കുമെന്നും ഒരുവേള ആത്മഹത്യാപ്രവണത വരെ ഈ ഘട്ടത്തില്‍ അവര്‍ കാണിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ ആര്‍ത്തവത്തിന് മുന്നോടിയായി സംഭവിക്കുന്ന 'മൂഡ്' വ്യതിയാനങ്ങളെ, അര്‍ഹിക്കുന്ന പരിഗണന നല്‍കി പരിചരിക്കാന്‍ ചുറ്റുമുള്ളവരും സ്ത്രീകള്‍ സ്വയവും തന്നെ ശ്രദ്ധിക്കേണ്ടതായിട്ടുണ്ടെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു. 

Also Read:- ആര്‍ത്തവ വേദനയകറ്റാന്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 6 ഭക്ഷണങ്ങൾ...

PREV
click me!

Recommended Stories

ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ
ജോലിക്കിടെയിലും സ്വപ്നം പിന്തുടർന്നു! മലപ്പുറംകാരി രചിച്ച ചരിത്രം; മിസ് ഇന്ത്യ വേൾഡ്‌വൈഡ് മത്സരത്തിൽ വിജയം നേടി മലയാളി