
ക്യാന്‍സര്‍ ഉള്‍പ്പെടെ പല അസുഖങ്ങള്‍ക്കും സ്ത്രീയിലും പുരുഷനിലുമുള്ളത് പലപ്പോഴും ഒരേ സാധ്യതകളല്ലെന്നാണ് പുതിയ പല പഠനങ്ങളും സൂചിപ്പിക്കുന്നത്. ഇതിനെ സമര്‍ത്ഥിക്കും വിധത്തില്‍ ഒരു പുതിയ പഠനവുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കയില്‍ നിന്നുള്ള ചില ഗവേഷകര്‍.
അത്ര സാധാരണമായി കണ്ടുവരാത്ത തരം ക്യാന്‍സറാണ് മൂത്രാശയ ക്യാന്‍സര്‍. എന്നാല്‍ ഇത് വന്നുകഴിഞ്ഞാല്‍ മറ്റ് പല ക്യാന്‍സറുകളെയും പോലെ മരണം വരെ നമ്മളെ കൊണ്ടെത്തിക്കാന്‍ ഇതിനാകും. മൂത്രാശയ ക്യാന്‍സറിനുള്ള സാധ്യതകളെ മുതിര്‍ന്ന സ്ത്രീകള്‍ക്ക് ശീലങ്ങളിലൂടെ ഒരു പരിധി വരെ തടയാനാകുമെന്നാണ് പഠനത്തിന്റെ കണ്ടെത്തല്‍.
അതായത് പുകവലിക്കുന്ന സ്ത്രീകള്‍ക്ക് ഈ ശീലം ഒഴിവാക്കുന്നതിലൂടെ, മൂത്രാശയ ക്യാന്‍സര്‍ വരാനുള്ള സാധ്യതയെ 25 ശതമാനത്തോളം കുറയ്ക്കാനാകുമത്രേ. മൂത്രാശയ ക്യാന്‍സറും പുകവലിയും തമ്മിലുള്ള ബന്ധമെന്താണെന്ന് പഠനം വിശദീകരിക്കുന്നില്ലെങ്കിലും, സ്ത്രീകളിലെ പുകവലി മൂത്രാശയ ക്യാന്‍സറിനുള്ള പ്രധാന കാരണമാകുന്നുവെന്ന് ഇവര്‍ അവകാശപ്പെടുന്നു.
ആര്‍ത്തവവിരാമം സംഭവിച്ച സ്ത്രീകളിലാണ് ഇതിനുള്ള സാധ്യതകള്‍ ഏറെയും കിടക്കുന്നതെന്നും പഠനം വിശദീകരിക്കുന്നു. 'ക്യാന്‍സര്‍ പ്രിവന്‍ഷന്‍ റിസര്‍ച്ച്' എന്ന പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്.