പൊളിച്ചെഴുതേണ്ടത് ഈ വിദ്യാഭ്യാസ മേഖല മുഴുവനും; ഷെഹ്ലയുടെ മരണം നമ്മെ ഓർമ്മിപ്പിക്കുന്നത്, സരിത ശങ്കറിന്റെ കുറിപ്പ് വായിക്കാം

By Web TeamFirst Published Nov 23, 2019, 2:44 PM IST
Highlights

യൂണിസെഫ് പുറത്തു വിട്ട കണക്കു പ്രകാരം പുതു യുഗത്തിന്റെ ജോലി സാധ്യതകൾക്ക് വേണ്ടി കുട്ടികളെ പ്രാപ്തരാക്കുന്നതല്ല നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം. 

വയനാട് സുൽത്താൻ ബത്തേരിയിൽ സ്‌കൂളിൽ പാമ്പുകടിയേറ്റ് വിദ്യാർത്ഥിനി മരിച്ച വാർത്തയാണ് ഇന്ന് മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്നത്. പാമ്പുകടിയേറ്റിട്ടും ആശുപത്രിയിൽ കൊണ്ട് പോകാൻ വെെകിയതാണ് മരണത്തിന് ഇടയാക്കിയത്. ഇനിയും ഇത് പോലൊരു മരണം സംഭവിക്കാതിരിക്കാനാണ് നാം ശ്രദ്ധിക്കേണ്ടത്. അതിന് രക്ഷിതാക്കൾ തന്നെയാണ് കൂടുതൽ ശ്രദ്ധ നൽകേണ്ടതും. 

 തന്റെ കുട്ടി മിനിമം സൗകര്യങ്ങൾ എങ്കിലും ഉള്ള വിദ്യാലയത്തിലാണോ പഠിക്കുന്നത് എന്ന് ഉറപ്പു വരുത്തേണ്ട ചുമതല മാതാപിതാക്കൾക്കും ഉണ്ട്. അധ്യാപക രക്ഷ കർത്തൃ സംഗമങ്ങൾ കുട്ടിയുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ ഉള്ള വഴക്കു പറച്ചിലുകൾക്കു അപ്പുറത്തേക്ക് ഉയരേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് സരിത ശങ്കർ തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു. 

യൂണിസെഫ് പുറത്തു വിട്ട കണക്കു പ്രകാരം പുതു യുഗത്തിന്റെ ജോലി സാധ്യതകൾക്ക് വേണ്ടി കുട്ടികളെ പ്രാപ്തരാക്കുന്നതല്ല നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം. ചെറു പ്രായത്തിൽ തീവ്ര മത ചിന്തകൾ കുത്തി വയ്ക്കുന്ന സ്കൂളുകളുടെ എണ്ണവും മാറുന്ന സാമൂഹിക സാഹചര്യങ്ങളിലേക്ക് ആണ് വിരൽ ചൂണ്ടുന്നതെന്നും സരിത തന്റെ പോസ്റ്റിൽ പറഞ്ഞു.

സരിത ശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് താഴേ ചേർക്കുന്നു...

കുഞ്ഞു മരണങ്ങൾ ഉറക്കം കെടുത്താറുണ്ട് ...അതി കഠിനമായ വിഷാദത്തിന്റെ ദിവസങ്ങളെ തോൽപിച് ഉറക്കം ഉണരണം എന്ന് വിഷമിക്കാറുള്ള എന്നെ പോലെ ഉള്ളവരെ ഷെഹ്ലയുടെ മരണം കുറെ നാളത്തേക്കെങ്കിലും ബുദ്ധിമുട്ടിക്കും ..എങ്കിലും വിദ്യാഭ്യാസ രീതിയെ പറ്റി അല്ലെങ്കിൽ അധ്യാപന ജോലിയുടെ over rating നെ പറ്റി ചിന്തിക്കാൻ സന്ദർഭങ്ങൾ ഉപയോഗിക്കേണ്ടതാണ്.

1. വിദ്യാഭ്യാസവും അടിസ്ഥാന സൗകര്യ വികസനവും

ലോകത്തിൽ ഒന്നാമത് ഇന്ത്യയിൽ ഒന്നാമത് എന്നൊക്കെ ഊറ്റം കൊള്ളുമ്പോഴും ഇതൊക്കെ എത്ര സത്യമാണ് എന്നൊന്നും പിന്തിരിഞ്ഞു നോക്കുന്നത് നല്ലതാണു. തന്റെ കുട്ടി മിനിമം സൗകര്യങ്ങൾ എങ്കിലും ഉള്ള വിദ്യാലയത്തിലാണോ പഠിക്കുന്നത് എന്ന് ഉറപ്പു വരുത്തേണ്ട ചുമതല മാതാപിതാക്കൾക്കും ഉണ്ട്. അധ്യാപക രക്ഷ കർത്തൃ സംഗമങ്ങൾ കുട്ടിയുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ ഉള്ള വഴക്കു പറച്ചിലുകൾക്കു അപ്പുറത്തേക്ക് ഉയരേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. കൂടാതെ എസ് എസ് എ പ്രകാരം അനുവദിച്ചിട്ടുള്ള തുകയുടെ കൃത്യമായ tracking ഉം നടന്നേ പറ്റൂ. ഇല്ലെങ്കിൽ ഇത്തരത്തിൽ ഉള്ള സംഭവങ്ങൾ ഇനിയും ഉണ്ടാകും. നല്ല രീതിയിൽ നടക്കുന്ന govt സ്കൂളുകളെ വിസ്മരിക്കുന്നില്ല എങ്കിലും കണ്ണടച്ചു ഇരുട്ടാക്കാൻ സാധിക്കില്ലല്ലോ. കുട്ടികളുടെ എണ്ണം കുറവുള്ള സ്കൂളുകളെ അല്ല അടിസ്ഥാന സൗകര്യങ്ങൾ വികസിക്കാത്ത സ്കൂളുകളുടെ അംഗീകാരമാണ് എടുത്തു മാറ്റേണ്ടത് ..

2.അധ്യാപനം അഥവാ ഓവർ റേറ്റഡ് ആയ ഒരു തൊഴിൽ

സ്നേഹിക്കുന്ന അധ്യാപകർ എനിക്കും ഉണ്ടായിരുന്നു എങ്കിലും ചിലപ്പോഴെങ്കിലും കുറച്ചു ഓവർ റേറ്റഡ് അല്ലെ എന്ന് തോന്നാറുണ്ട് .കുട്ടികൾക്ക് അങ്ങോട്ട് പോലെ അധ്യാപകർക്കും ചില ചുമതലകൾ ഉണ്ടെന്നു പറയാതെ വയ്യ. കഷ്ടപെട്ടല്ല ഇഷ്ടപെട്ടാണ് പഠിക്കേണ്ടത് എന്ന പുതിയ ചിന്ത എന്നും തലയ്ക്കു അരികിൽ കൂടി പോയിട്ടില്ലാത്ത ചിലർ ഈ തൊഴിൽ മേഖലയിൽ ഉണ്ട് എന്നത് ഭയപെടുത്തുന്നുണ്ട്. ബിരുദാനന്ദര ബിരുദം കഴിഞ്ഞു വീട്ടിൽ ഇരിക്കാൻ വയ്യാത്തത് കൊണ്ട് മാത്രം അധ്യാപകർ ആകേണ്ടി വരുന്നവരോട് അനുകമ്പയും തോന്നുന്നുണ്ട്.

സിവിൽ സർവിസ് മലയാളം ക്ലാസിലെ മിനി ടീച്ചറെ മാറ്റി നിർത്തിയാൽ inspire ചെയ്ത അധ്യാപകരുടെ എണ്ണം എനിക്കും കുറവായിരുന്നു. മാർക്ക് വാങ്ങാൻ ഉള്ള പ്രോഡക്റ്റ് എന്നതിന് അപ്പുറത്തേക്ക് കുട്ടിയുടെ സർഗ്ഗ ശേഷിയും curiosity യും വളർത്താൻ ആണ് അധ്യാപകർ ശ്രമിക്കേണ്ടത് ..ഫിൻലാൻഡ് ന്റെ വിദ്യാഭ്യാസരീതി ഇഷ്ടപ്പെട്ടു കുട്ടിയെ അവിടെ പഠിപ്പിക്കാൻ മാത്രം മൈഗ്രേറ്റ് ചെയ്യാൻ പോകുന്ന ഒരു സുഹൃത് ഉണ്ട് എനിക്ക് .cbse ,സ്റ്റേറ്റ് ,icse ,igcse എന്നിങ്ങനെ പല തരത്തിൽ പൗരന്മാരെ വാർത്തെടുക്കുന്ന ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായം പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ..വിദ്യാലയങ്ങൾ രണ്ടാം വീടാകുക എന്ന ഉട്ടോപ്യൻ ആശയം എന്നെങ്കിലും നടപ്പിലാകുമെന്നു പ്രത്യാശിക്കാനേ കഴിയൂ

3.പ്രതീക്ഷ

ഷെഹ്ലക്കു വേണ്ടി വാദിച്ച കൂട്ടുകാരിയെ കണ്ടപ്പോൾ പ്രതീക്ഷകൾ അസ്തമിക്കാറായിട്ടില്ലെന്നു തോന്നി..survival of the fittest എന്ന ഡാർവിൻ സിദ്ധാന്തം പോലെ . വിദ്യാഭ്യാസത്തിന്റെ ആത്യന്തികമായ ലക്ഷ്യം എന്നത് അവകാശങ്ങളെ പറ്റിയുള്ള അറിവ് തന്നെ ആണ് എങ്കിൽ പൊതു വിദ്യാഭ്യാസ രീതി പ്രതീക്ഷകൾക്ക് വക നൽകുന്നുണ്ട്.
ഐ ഐ ടി , ജെ ഇ ഇ മുട്ടകൾ അട വെച്ച വിരിയിക്കാൻ മാത്രം വിധിക്കപ്പെട്ട സ്വകാര്യ സ്കൂളുകൾ സാമൂഹിക ബോധമുള്ള പൗരന്മാരെ വാർത്തെടുക്കുന്നതിൽ കനത്ത പരാജയം എന്ന് സമ്മതിക്കേണ്ടി വരും. വിദ്യാഭ്യാസം എന്നത് കുട്ടികളിലെ ക്യൂറിയോസിറ്റി യെ നില നിർത്തുക എന്നതാണ് എന്നു മനസിലായത് കൊണ്ടാവാം പല മാതാ പിതാക്കളും ഹോം സ്കൂളിംഗിനെ പറ്റി ചിന്തിക്കുന്നു എന്നത് വിദ്യാഭ്യാസ മേഘലയുടെ പരാജയം തന്നെ ആണ്..ബ്രിട്ടീഷ് ഗുമസ്തന്മാരെ നിയമിക്കാൻ തുടങ്ങി വെച്ച വിദ്യാഭ്യാസ രീതിയിൽനിന്നും, മെക്കാളെയുടെ മിനിട്സിൽ നിന്നും അണുവിട പോലും നാം മുന്നോട്ടു പോയിട്ടില്ല എന്ന് തുറന്നു സമ്മതിക്കുക അല്ലാതെ നിവർത്തി ഇല്ല. യൂണിസെഫ് പുറത്തു വിട്ട കണക്കു പ്രകാരം പുതു യുഗത്തിന്റെ ജോലി സാധ്യതകൾക്ക് വേണ്ടി കുട്ടികളെ പ്രാപ്തരാക്കുന്നതല്ല നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം. ചെറു പ്രായത്തിൽ തീവ്ര മത ചിന്തകൾ കുത്തി വയ്ക്കുന്ന സ്കൂളുകളുടെ എണ്ണവും മാറുന്ന സാമൂഹിക സാഹചര്യങ്ങളിലേക്ക് ആണ് വിരൽ ചൂണ്ടുന്നത്.

കടിച്ച പാമ്പിനേക്കാൾ വിഷം ഉള്ളവർ മുകളിൽ ഉള്ളപ്പോൾ കുറ്റവാളികൾ ആയ അധ്യാപകർ ശിക്ഷിക്കപ്പെടും എന്ന ധാരണ ഒന്നും ഇല്ല എങ്കിലും ഇനിയും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ...പൊളിച്ചെഴുതേണ്ടത് ഈ വിദ്യാഭ്യാസ മേഖല മുഴുവനുമാണ്..

click me!