'ഗര്‍ഭിണികള്‍ ഈ മരുന്ന് കഴിക്കുമ്പോള്‍ ശ്രദ്ധിക്കണം; കാരണം...'

Published : Aug 04, 2019, 09:40 PM IST
'ഗര്‍ഭിണികള്‍ ഈ മരുന്ന് കഴിക്കുമ്പോള്‍ ശ്രദ്ധിക്കണം; കാരണം...'

Synopsis

'ദ ലാന്‍സെറ്റ്' എന്ന പ്രമുഖ ആരോഗ്യ പ്രസിദ്ധീകരണത്തിലാണ് യുകെയില്‍ നടന്ന പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നത്. യുകെയില്‍ ഓരോ വര്‍ഷവും അയ്യായിരത്തിലധികം ഗര്‍ഭിണികളില്‍ ഐസിപി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടത്രേ

ഗര്‍ഭാവസ്ഥയിലിരിക്കുന്ന ഒരു സ്ത്രീയുടെ ആരോഗ്യം സാധാരണ സ്ത്രീയില്‍ നിന്ന് വളരെ വ്യത്യസ്തമായിരിക്കും. പലപ്പോഴും പല അസുഖങ്ങളും ഗര്‍ഭാവസ്ഥയില്‍ പുതുതായി വന്നേക്കാം. എന്നാല്‍ ഇതില്‍ മിക്കവാറും പ്രശ്‌നങ്ങള്‍ പ്രസവത്തോടെ അവസാനിക്കുകയും ചെയ്യുകയാണ് പതിവ്.

ഇത്തരത്തില്‍ ഗര്‍ഭാവസ്ഥയില്‍ കരളിനെ ബാധിക്കുന്ന ഒരു പ്രശ്‌നമാണ് 'Intrahepatic cholestasis pf pregnancy' (ഐസിപി). എന്നാല്‍ ഐസിപിക്ക് നിലവില്‍ നല്‍കിവരുന്ന മരുന്നുകള്‍ ഒരുപക്ഷേ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കാമെന്നാണ് പുതിയൊരു പഠനം അവകാശപ്പെടുന്നത്. 

'ദ ലാന്‍സെറ്റ്' എന്ന പ്രമുഖ ആരോഗ്യ പ്രസിദ്ധീകരണത്തിലാണ് യുകെയില്‍ നടന്ന പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നത്. യുകെയില്‍ ഓരോ വര്‍ഷവും അയ്യായിരത്തിലധികം ഗര്‍ഭിണികളില്‍ ഐസിപി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടത്രേ. എന്നാല്‍ ഇതിന് നല്‍കിവരുന്ന മരുന്നുകളാകട്ടെ, രോഗം ഭേദപ്പെടുത്തുന്നില്ലെന്ന് മാത്രമല്ല, പല അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ടെന്നും പഠനം വിശദീകരിക്കുന്നു. 

അതായത്, ഐസിപിക്ക് നല്‍കിവരുന്ന മരുന്നുകള്‍ നേരത്തേയുള്ള പ്രസവം, കുഞ്ഞിന്റെ മരണം, നവജാത ശിശുവിനെ ബാധിക്കുന്ന അസുഖങ്ങള്‍ - എന്നിവയ്‌ക്കെല്ലാം സാധ്യതകളുണ്ടാക്കുന്നുവെന്നാണ് പഠനം പറയുന്നത്. അതിനാല്‍ത്തന്നെ ഗര്‍ഭാവസ്ഥയില്‍ ഈ രോഗത്തെ ചെറുക്കാന്‍ പുതിയ മരുന്നുകള്‍ കണ്ടെത്തേണ്ടത് അടിയന്തരമായി ചെയ്യേണ്ട കാര്യമാണെന്നും ഇവര്‍ വാദിക്കുന്നു. 

രക്തത്തില്‍ ബൈല്‍ ആസിഡ് ഉണ്ടാകുന്ന അവസ്ഥയാണ് ഈ രോഗമുണ്ടാക്കുന്നത്. ഇത് ഗര്‍ഭിണിയില്‍ കഠിനമായ ചൊറിച്ചിലുണ്ടാക്കും. സാധാരണഗതിയിലുണ്ടാകുന്ന ചൊറിച്ചിലിനെക്കാള്‍ അസഹ്യമായിരിക്കും ഇത്. അതിനാല്‍ മിക്കവാറും പേരും എളുപ്പത്തില്‍ തന്നെ മരുന്നിലേക്ക് അഭയം പ്രാപിക്കുകയും ചെയ്യുന്നു- പഠനം പറയുന്നു.

PREV
click me!

Recommended Stories

ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍
ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ