രാത്രി ഉറക്കമില്ലാതെ ഫോണില്‍ നോക്കിയിരിക്കുന്ന പെണ്‍കുട്ടികള്‍ അറിയാന്‍...

By Web TeamFirst Published Sep 20, 2019, 4:00 PM IST
Highlights

രാത്രിയില്‍ ഫോണിന്റെ അമിതോപയോഗം മൂലം ഉറക്കം നഷ്ടപ്പെടുന്നവരിലുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചായിരുന്നു പഠനം. ഇതിനായി മുതിര്‍ന്നവരേയും കൗമാരക്കാരേയും സ്ത്രീകളേയും പുരുഷന്മാരേയുമെല്ലാം ഗവേഷകർ വെവ്വേറേ പഠിച്ചു. പല നിഗമനങ്ങളിലുമാണ് ഒടുവില്‍ ഇവരെത്തിയത്. അതില്‍ സുപ്രധാനമായ ഒന്നിനെക്കുറിച്ചാണ് ഇനി പറയുന്നത്

രാത്രി മുഴുവന്‍ ഫോണില്‍ നോക്കിയിരുന്ന് ഉറക്കം നഷ്ടപ്പെടുത്തുന്ന എത്രയോ പേരെ നമുക്ക് ഇന്നത്തെ തലമുറയില്‍ കാണാം. നമുക്കറിയാം, ഉറക്കത്തിന് നമ്മുടെ ആരോഗ്യകാര്യങ്ങളില്‍ എത്രമാത്രം സ്വാധീനം ചെലുത്താനാകുമെന്ന്. കൃത്യമായ ഉറക്കം കിട്ടിയില്ലെങ്കില്‍ അത് പല അസുഖങ്ങളിലേക്കുമാണ് ക്രമേണ നമ്മളെ കൊണ്ടെത്തിക്കുക. 

ഈ വിഷയവുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകര്‍ ഒരു പഠനം സംഘടിപ്പിച്ചു. 'JAMA പീഡിയാട്രിക്‌സ്' എന്ന പ്രസിദ്ധീകരണത്തിലാണ് ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നത്. 

രാത്രിയില്‍ ഫോണിന്റെ അമിതോപയോഗം മൂലം ഉറക്കം നഷ്ടപ്പെടുന്നവരിലുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചായിരുന്നു ഇവരുടെ പഠനം. ഇതിനായി മുതിര്‍ന്നവരേയും കൗമാരക്കാരേയും സ്ത്രീകളേയും പുരുഷന്മാരേയുമെല്ലാം ഇവര്‍ വെവ്വേറേ പഠിച്ചു. പല നിഗമനങ്ങളിലുമാണ് ഒടുവില്‍ ഇവരെത്തിയത്. അതില്‍ സുപ്രധാനമായ ഒന്നിനെക്കുറിച്ചാണ് ഇനി പറയുന്നത്.

അതായത്, രാത്രിയില്‍ ഉറങ്ങാതെ ഫോണ്‍ നോക്കി മണിക്കൂറുകള്‍ നഷ്ടപ്പെടുത്തുന്ന പെണ്‍കുട്ടികളുടെ ശരീരഭാരം നാള്‍ക്കുനാള്‍ വര്‍ധിക്കുമത്രേ. കൗമാരക്കാരായ പെണ്‍കുട്ടികളാണ് ഇക്കാര്യം ഏറെ ശ്രദ്ധിക്കേണ്ടതെന്നും പഠനം ഓര്‍മ്മിപ്പിക്കുന്നു. വെറുതെ വണ്ണം കൂട്ടുമെന്ന് മാത്രം കരുതേണ്ട. ഇക്കൂട്ടത്തില്‍ പലതരം അസുഖങ്ങളും തീര്‍ച്ചയാണെന്നും പഠനം പറയുന്നു. 

എന്നാല്‍ ആണ്‍കുട്ടികളിലോ പുരുഷന്മാരിലോ ഇത്തരമൊരു പ്രവണത കണ്ടെത്താന്‍ പഠനത്തിനായിട്ടില്ല. ഉറങ്ങാതെ ഫോണ്‍ നോക്കിയിരിക്കുന്നത് കണ്ണിന് ഗുരുതരമായ പ്രശ്‌നമുണ്ടാക്കാനും, ചിലരില്‍ രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനം വരാനും, ഉറക്കമില്ലായ്മ മൂലം സ്‌ട്രെസ് ഉണ്ടാകാനുമെല്ലാം കാരണമാകുന്നുണ്ട്. ഈ വിഷയങ്ങളിലൊന്നും സ്ത്രീ-പുരുഷ വ്യത്യാസം കാര്യമായി കാണുന്നില്ല. 

എന്നാല്‍ ശരീരഭാരം വര്‍ധിക്കുന്ന കാര്യത്തിലും, അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന അസുഖങ്ങളുടെ കാര്യത്തിലും പെണ്‍കുട്ടികള്‍ കരുതുക തന്നെ വേണമെന്നാണ് പഠനം ഓര്‍മ്മിപ്പിക്കുന്നത്.

click me!