
പെണ്‍കുട്ടികള്‍ മാത്രമിരിക്കുന്ന സദസ്സില്‍ അച്ചടക്കത്തെക്കുറിച്ച് സംസാരിക്കുന്ന അധ്യാപികയുടെ പ്രസംഗത്തിനെതിരെ വ്യാപക പ്രതിഷേധം. കഴിഞ്ഞ ദിവസമാണ് അധ്യാപിക പ്രസംഗിക്കുന്ന വീഡിയോ ഫേസ്ബുക്കില്‍ പ്രചരിച്ചത്.
പഠിച്ച് ഉയര്‍ന്നുവരണമെന്ന് പറയുന്നതിനൊപ്പം തന്നെ ലിംഗവിവേചനത്തെ സൂചിപ്പിക്കുന്ന തരത്തില്‍ പെണ്‍കുട്ടികളോട് അടങ്ങിയൊതുങ്ങി ജീവിക്കണമെന്ന് കൂടിയാണ് അധ്യാപിക പറയുന്നത്.
'അച്ചടക്കത്തോട് കൂടി പെണ്‍കുട്ടികള്‍ വളര്‍ന്നുവരണം. സ്ത്രീയും പുരുഷനുമൊക്കെ സമമാണെന്നൊക്കെ വാചകത്തിലേ ഉള്ളൂ. പക്ഷേ ഒരു പുരുഷനും ചാടിമറിഞ്ഞു നടക്കുന്ന പെമ്പിള്ളാരെ ഇഷ്ടപ്പെടില്ല. അതോര്‍ക്കണം...'- അധ്യാപികയുടെ പ്രസംഗത്തിലെ പ്രസക്തഭാഗം ഇങ്ങനെയാണ്.
വേദിയിലിരിക്കുന്ന ഡോക്ടറായ യുവതിയെ ചൂണ്ടി, അവരുടെ ഉന്നമനത്തിന് പിന്നിലും അച്ചടക്കമാണെന്ന് അധ്യാപിക സൂചിപ്പിക്കുന്നു. അതുപോലെയാണ് പെണ്‍കുട്ടികള്‍ വളരേണ്ടത് എന്ന മാതൃകയും അവര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.
ഏത് സ്‌കൂളിലാണ് ഈ പരിപാടി നടന്നതെന്നോ ആരാണ് ഈ അധ്യാപകയെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. എന്നാല്‍ പെണ്‍കുട്ടികളെ ഈ രീതിയില്‍ പരിശീലനം നല്‍കുന്നത് അത്യന്തം പ്രതിഷേധാര്‍ഹമാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വാദങ്ങള്‍. നിരവധി പേരാണ് പ്രതിഷേധമറിയിച്ചുകൊണ്ട് വീഡിയോ ഇതിനോടകം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
വീഡിയോ കാണാം...
"