സ്തനങ്ങളിലെ വേദന; ഈ പത്ത് കാരണങ്ങള്‍ അറിയാം...

By Web TeamFirst Published May 30, 2019, 4:15 PM IST
Highlights

പൊതുവേ ആര്‍ത്തവത്തോനുബന്ധിച്ചാണ് സ്ത്രീകളിൽ സ്തനങ്ങളിൽ വേദനയുണ്ടാകാറ്. അതല്ലെങ്കില്‍ സ്തനാര്‍ബുദത്തിന്റെ ലക്ഷണമായും ഇത് കണക്കാക്കാറുണ്ട്. എന്നാല്‍ സ്തനങ്ങളിലെ വേദന സ്തനാര്‍ബുദത്തിന്റെ ലക്ഷണമായി മാത്രം വരുന്നതായിരിക്കണമെന്നില്ല

പല സ്ത്രീകള്‍ക്കും മിക്കവാറും സമയങ്ങളില്‍ സ്തനങ്ങളില്‍ വേദനയനുഭവപ്പെടുന്ന അവസ്ഥയുണ്ടാകാറുണ്ട്. പൊതുവേ ആര്‍ത്തവത്തോനുബന്ധിച്ചാണ് ഇതുണ്ടാകാറ്. അതല്ലെങ്കില്‍ സ്തനാര്‍ബുദത്തിന്റെ ലക്ഷണമായും ഇത് കണക്കാക്കാറുണ്ട്. എന്നാല്‍ സ്തനങ്ങളിലെ വേദന സ്തനാര്‍ബുദത്തിന്റെ ലക്ഷണമായി മാത്രം വരുന്നതായിരിക്കണമെന്നില്ല. ഇതിന് പിന്നിലുണ്ടായേക്കാവുന്ന പത്ത് കാരണങ്ങള്‍ അറിയാം. 

ഒന്ന്...

ആദ്യം സൂചിപ്പിച്ചത് പോലെ ആര്‍ത്തവത്തോടനുബന്ധിച്ച് സ്തനങ്ങളില്‍ വേദന അനുഭവപ്പെടാം. ആര്‍ത്തവസമയത്തെ ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് ഇതിന് കാരണമാകുന്നത്. പ്രത്യേകിച്ച് ആര്‍ത്തവത്തിന് ഒരാഴ്ച മുമ്പാണ് ഈ വേദന തുടങ്ങുക. 

രണ്ട്...

ഏതെങ്കിലും തരത്തിലുള്ള ഫംഗല്‍ബാധയുണ്ടായാലും സ്തനങ്ങളില്‍ വേദന അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. വലിയ സ്തനങ്ങളുള്ളവരില്‍ ഇതിനുള്ള സാധ്യത കൂടുതലായിരിക്കും. എന്നാല്‍ ചൊലിക്ക് പുറമേക്ക് നിറവ്യത്യാസമോ ചൊറിച്ചിലോ ഒക്കെ അനുഭവപ്പെട്ടാല്‍ ഡോക്ടറെ കണ്ട് ഉചിതമായ നിര്‍ദേശങ്ങള്‍ തേടുന്നതായിരിക്കും നല്ലത്. 

മൂന്ന്...

ഹോര്‍മോണ്‍ ചികിത്സകളെ തുടര്‍ന്നും സ്തനങ്ങളില്‍ വേദന അനുഭവപ്പെട്ടേക്കാം. 

നാല്...

ഗര്‍ഭനിരോധന ഗുളികകളോ മറ്റോ കഴിക്കുന്ന സാഹചര്യങ്ങളിലും സ്തനങ്ങളില്‍ വേദനയുണ്ടാകാന്‍ സാധ്യതയുണ്ട്. ഈസ്ട്രജന്‍- പ്രൊജസ്‌ടെറോണ്‍ ഹോര്‍മോണുകളുടെ അളവിലുണ്ടാകുന്ന മാറ്റമാണ് ഇതിന് കാരണമാകുന്നത്. 

അഞ്ച്...

വര്‍ക്കൗട്ട് ചെയ്യുന്ന സ്ത്രീകള്‍ ചിലനേരങ്ങളില്‍ സ്തനങ്ങളില്‍ വേദന വരുന്നതായി പരാതിപ്പെടാറുണ്ട്. ഇത് അമിതമായി വര്‍ക്കൗട്ട് ചെയ്യുന്നത് മൂലമോ, വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ അനുയോജ്യമായ വസ്ത്രങ്ങള്‍ ധരിക്കാത്തത് മൂലമോ ആകാം.

ആറ്...

വലിയ സ്തനങ്ങളുള്ളവര്‍ക്കും ചിലപ്പോഴൊക്കെ വേദന അനുഭവപ്പെടാറുണ്ട്. സ്തനങ്ങളുടെ കനം മൂലം അകത്തുള്ള ലിഗമെന്റുകള്‍ വലിയുമ്പോഴാണ് ഇത്തരത്തില്‍ വേദനയനുഭവപ്പെടുന്നത്. 'സപ്പോര്‍ട്ടിംഗ് ബ്രാ'കള്‍ ഉപയോഗിക്കുന്നതിലൂടെ ഈ പ്രശ്‌നം ഒരു പരിധി വരെ പരിഹരിക്കാവുന്നതാണ്. 

ഏഴ്...

മേല്‍ സൂചിപ്പിച്ചത് പോലെ, ബ്രാ ഉപയോഗിക്കുമ്പോഴും നല്ലരീതിയില്‍ ശ്രദ്ധ പുലര്‍ത്തുക. അളവ് കൃത്യമല്ലെങ്കില്‍ ഇതും സ്തനങ്ങളില്‍ വേദനയുണ്ടാക്കാന്‍ കാരണമാകും. 

എട്ട്...

സ്ഥിരമായി കനമുള്ള ബാഗ് തൂക്കുന്ന സ്ത്രീകളിലും പുറം വേദനയോടൊപ്പം സ്തനങ്ങളില്‍ വേദനയുണ്ടാകാറുണ്ട്. ഇതും ഒരല്‍പം കരുതുക. 

ഒമ്പത്...

ഇരിപ്പിലും, കിടപ്പിലുമുള്ള പ്രശ്‌നങ്ങളും ചില സ്ത്രീകളില്‍ സ്തനങ്ങളില്‍ വേദനയുണ്ടാക്കാറുണ്ട്. ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവര്‍, കസേരയുടെ 'സപ്പോര്‍ട്ട്' കൃത്യമല്ലാതിരിക്കല്‍,- ഇവയെല്ലാം ഇതിന് കാരണമാണ്. 

പത്ത്...

ഗര്‍ഭിണിയായിരിക്കുമ്പോഴും ചില സ്ത്രീകള്‍ക്ക് സ്തനങ്ങളില്‍ വേദന അനുഭവപ്പെടാറുണ്ട്. ഇതും ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ക്ക് പുറത്താണ് സംഭവിക്കുന്നത്.
 

click me!