Paternity Leave: പറ്റേണിറ്റി ലീവ് എടുക്കാന്‍ ട്വിറ്റര്‍ സി.ഇ.ഒ; അഭിനന്ദിച്ച് അനുഷ്‌ക ശര്‍മ്മയും

Published : Feb 19, 2022, 09:19 AM ISTUpdated : Feb 19, 2022, 09:24 AM IST
Paternity Leave: പറ്റേണിറ്റി ലീവ് എടുക്കാന്‍ ട്വിറ്റര്‍ സി.ഇ.ഒ; അഭിനന്ദിച്ച് അനുഷ്‌ക ശര്‍മ്മയും

Synopsis

കുഞ്ഞ് ജനിച്ചാല്‍ അച്ഛന്‍ അവധിയെടുക്കുന്ന പതിവ് നമ്മുടെ നാട്ടില്‍ ഇപ്പോഴും ഇല്ലെന്ന് വേണമെങ്കില്‍ പറയാം. കൂടാതെ കുഞ്ഞിനെ നോക്കുന്ന ഉത്തരവാദിത്വം അമ്മയ്ക്ക് മാത്രമാണെന്ന് കരുതുന്നവരാണ് ഭൂരിഭാഗവും.

ഏത് തൊഴില്‍മേഖലയിലായാലും പ്രസവിച്ച സ്ത്രീകള്‍ക്ക് ആറ് മാസത്തെ മറ്റേണിറ്റി അവധി (Maternity leave) നല്‍കാറുണ്ട്. ശമ്പളത്തോടുകൂടിയായിരിക്കും ഈ അവധി. എന്നാല്‍ കുഞ്ഞ് ജനിച്ചാല്‍ അച്ഛന്‍ അവധിയെടുക്കുന്ന (paternity leave) പതിവ് നമ്മുടെ നാട്ടില്‍ ഇപ്പോഴും ഇല്ലെന്ന് വേണമെങ്കില്‍ പറയാം. കൂടാതെ കുഞ്ഞിനെ നോക്കുന്ന ഉത്തരവാദിത്വം അമ്മയ്ക്ക് മാത്രമാണെന്ന് കരുതുന്നവരാണ് ഭൂരിഭാഗവും.

എന്നാല്‍, ക്രിക്കറ്റ് താരമായ വിരാട് കോലി, സിനിമാതാരം സെയ്ഫ് അലി ഖാന്‍ എന്നിവര്‍ ആഴ്ചകളോളം പറ്റേണിറ്റി ലീവ് എടുത്തത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇപ്പോഴിതാ തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തിന്‌ ശേഷം താന്‍ പറ്റേണിറ്റി ലീവിലായിരിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് ട്വിറ്റര്‍ സി.ഇ.ഒ.യും ഇന്ത്യന്‍ വംശജനുമായ പരാഗ് അഗര്‍വാള്‍. കുഞ്ഞ് ജനിച്ചു കഴിഞ്ഞ് ഭാര്യ വിനീതയ്‌ക്കൊപ്പം ഏതാനും ആഴ്ച താന്‍ അവധിയിലായിരിക്കുമെന്നാണ് പരാഗ് തന്റെ സഹപ്രവര്‍ത്തകരെ അറിയിച്ചത്. 

 

 

പരാഗിന്റെ തീരുമാനത്തെ അഭിനന്ദിച്ച് നിരവധിപ്പേര്‍ രംഗത്തെത്തിയിട്ടുണ്ട്. പരാഗിന്റെ നടപടി ഏറെ അഭിനന്ദനം അര്‍ഹിക്കുന്നതായി ബോളിവുഡ് നടി അനുഷ്‌ക ശര്‍മ പറഞ്ഞു. പരാഗ് പറ്റേണിറ്റി അവധിയെടുക്കുന്നതെന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി താരം പങ്കുവച്ചു. ഇത് ഒരു സാധാരണ സംഭവമായി മാറിത്തുടങ്ങി എന്നും അനുഷ്‌ക കുറിച്ചു.   


Also Read: ഭാര്യയുടെ കുടുംബപ്പേര് സ്വന്തം പേരിനൊപ്പം സ്വീകരിച്ച പുരുഷന് മറ്റ് പുരുഷന്മാരോട് ചിലത് പറയാനുണ്ട്...

അതേസമയം മുമ്പ് കോലി പിതൃത്വ അവധിയെടുത്തത് വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതില്‍ നിലപാട് വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്കറും അന്ന് രംഗത്തെത്തിയിരുന്നു. 1975-76ല്‍ ഇന്ത്യയുടെ ന്യൂസിലന്‍ഡ് പര്യടനത്തിലായിരുന്ന കാലത്താണ് ഗവാസ്കര്‍ക്ക് മകന്‍ രോഹന്‍ ഗവാസ്കര്‍ ജനിച്ചത്. എന്നാല്‍ ഭാര്യയുടെ പ്രസവ സമയത്തോ കുഞ്ഞിനെ കാണാനോ ഗവാസ്കര്‍ ഇന്ത്യയിലേക്ക് വന്നിരുന്നില്ല. ഇക്കാര്യം മുന്‍ നായകനായ കപില്‍ദേവും ചൂണ്ടിക്കാട്ടിയിരുന്നു.

മിഡ് ഡേ പത്രത്തിലെഴുതിയ കോളത്തിലാണ് കോലിയുടെ പിതൃത്വ അവധി സംബന്ധിച്ച് ഗവാസ്കര്‍ നിലപാട് വ്യക്തമാക്കിയത്. 1975-76 കാലത്ത് ന്യൂസിലന്‍ഡിനും വെസ്റ്റ് ഇന്‍ഡീസിനുമെതിരായ പരമ്പരകളില്‍ കളിക്കാനായി വിദേശത്തായിരുന്നു ഞാന്‍. ന്യൂസിലന്‍ഡിനെതിരായ പരമ്പരക്കിടെയാണ് മകന്‍ രോഹന്‍ ഗവാസ്കര്‍ ജനിക്കുന്നത്. എന്നാല്‍ അന്ന് എനിക്ക് ബിസിസിഐ പിതൃത്വ അവധി അനുവദിക്കുകയോ ഞാന്‍ അതിനായി അപേക്ഷിക്കുകയോ ചെയ്തിട്ടില്ല. അനുവദിച്ചാലും രാജ്യത്തിനായി കളിക്കാനായിരുന്നു എന്‍റെ തീരുമാനം. ഭാര്യയും എന്‍റെ തീരുമാനത്തെ പിന്തുണച്ചിരുന്നു.

ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റിനിടെ പരിക്കേറ്റതിനെത്തുടര്‍ന്ന് നാലാഴ്ച പൂര്‍ണ വിശ്രമം അനുവദിച്ചപ്പോള്‍ മാത്രമാണ് ഞാന്‍ നാട്ടില്‍ പോയി ഭാര്യയെയും മകനെയും കാണാന്‍ അനുവദിക്കാമോ എന്ന് ടീം മാനേജരായിരുന്ന പോളി ഉമ്രിഗറോട് ആവശ്യപ്പെട്ടത്. ഏതാനും ദിവസത്തേക്ക് എന്‍റെ സ്വന്തം ചെലവില്‍ നാട്ടില്‍ പോയി വരാമെന്നും വെസ്റ്റ് ഇന്‍ഡീസില്‍ ടീമിനൊപ്പം ചേരാമെന്നുമായിരുന്നു ഞാന്‍ അദ്ദേഹത്തോട് പറഞ്ഞത്.

പരിക്ക് കാരണം നഷ്ടമാകുന്ന ടെസ്റ്റ് അല്ലാതെ മറ്റ് കാരണങ്ങള്‍ കൊണ്ട് മത്സരം നഷ്ടമാകുകയുമില്ല. കാരണം പരിപൂര്‍ണ വിശ്രമം നിര്‍ദേശിച്ചിരുന്നതിനാല്‍ നാലാഴ്ചയോളം എനിക്ക് പരിശീലനം നടത്താന്‍ പോലും കഴിയുമായിരുന്നില്ല. വെസ്റ്റ് ഇന്‍‍ഡീസിനെതിരായ അടുത്ത പരമ്പരക്ക് മൂന്നാഴ്ച സമയമുണ്ടായിരുന്നു. ഡോക്ടര്‍മാര്‍ ഒരാഴ്ച കൂടി വിശ്രമം വേണമെന്ന് പറഞ്ഞെങ്കിലും വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ താന്‍ കളിക്കുകയും ചെയ്തുവെന്ന് ഗവാസ്കര്‍ കോളത്തില്‍ വ്യക്തമാക്കി.

PREV
click me!

Recommended Stories

ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ
ജോലിക്കിടെയിലും സ്വപ്നം പിന്തുടർന്നു! മലപ്പുറംകാരി രചിച്ച ചരിത്രം; മിസ് ഇന്ത്യ വേൾഡ്‌വൈഡ് മത്സരത്തിൽ വിജയം നേടി മലയാളി