ഹൃദയാഘാത സാധ്യത സ്ത്രീകളില്‍ കൂടിവരുന്നു; ശ്രദ്ധിക്കേണ്ട ചിലത്...

By Web TeamFirst Published Sep 29, 2020, 7:26 PM IST
Highlights

തിരക്ക് പിടിച്ച ജീവിതത്തില്‍ വ്യായാമത്തിനോ ആരോഗ്യം കാത്തുസൂക്ഷിക്കാനുള്ള മുന്നൊരുക്കങ്ങള്‍ക്കോ സമയം കണ്ടെത്താന്‍ സ്ത്രീകള്‍ക്ക് കഴിയാത്തതും ഇവര്‍ക്കിടയില്‍ ഹൃദ്രോഗം വ്യാപകമാകുന്നതിന് കാരണമാകുന്നു. കൊളസ്‌ട്രോള്‍, അമിതവണ്ണം എന്നിവയെല്ലാമാണ് വ്യായാമമില്ലാത്തതിന്റെ ഫലമായി സ്ത്രീകള്‍ നേരിടേണ്ടി വരുന്ന രണ്ട് പ്രധാന പ്രശ്‌നങ്ങള്‍. ഈ രണ്ട് അവസ്ഥയും ഹൃദയാരോഗ്യത്തെ മോശമായാണ് ബാധിക്കുന്നത്

ഹൃദ്രോഗങ്ങള്‍, പ്രത്യേകിച്ച് ഹൃദയാഘാതം പുരുഷന്മാരിലാണ് മുമ്പ് ഏറെയും കണ്ടുവന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ അവസ്ഥകള്‍ മാറിമറിയുകയാണ് സ്ത്രീകളിലും പുരുഷന്മാരിലേതിന് സമാനമായി ഹൃദ്രോഗ സാധ്യതകള്‍ നിര്‍ണയിക്കപ്പെടുന്ന സാഹചര്യമാണുള്ളത്. 

ജീവിതരീതികളില്‍ വന്ന മാറ്റങ്ങളാണ് ഇതിന് കാരണമാകുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. മോശം ഭക്ഷണരീതി (ജങ്ക് ഫുഡിന്റെ അമിതോപയോഗം) അമിതവണ്ണം, ശരീരത്തില്‍ കൊഴുപ്പടിയുന്ന അവസ്ഥ, അതുമൂലമുണ്ടാകുന്ന കൊളസ്‌ട്രോള്‍, പ്രമേഹം, പുകവലി എന്നിവയാണ് സ്ത്രീകളില്‍ ഹൃദയത്തെ പ്രതികൂലമായി ബാധിക്കാനിടയാക്കുന്ന പ്രധാന കാരണങ്ങള്‍. 

പുകവലിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടിവരുന്നുവെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇത് ക്യാന്‍സര്‍- ഹൃദ്രോഗങ്ങള്‍ എന്നിവ സ്ത്രീകളില്‍ വര്‍ധിക്കാന്‍ ഇടയാക്കുന്നു. പൊതുവേ പുകവലിക്കുന്നവരുടെ ശരീരത്തില്‍ 'ഓക്‌സിജന്‍' അളവ് കുറഞ്ഞിരിക്കും. ഒപ്പം തന്നെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് അളവ് കൂടിയുമിരിക്കും. ഇത് ഹൃദയത്തിന് സമ്മര്‍ദ്ദം കൂട്ടുന്നു. 

വര്‍ധിച്ചുവരുന്ന മാനസിക സമ്മര്‍ദ്ദവും സ്ത്രീകളുടെ ഹൃദയാരോഗ്യത്തെ മോശമായി ബാധിക്കുന്നു. 'സ്‌ട്രെസ്' രക്തസമ്മര്‍ദ്ദത്തിന് ഇടയാക്കുകയും ഇത് പിന്നീട് ഹൃദയത്തെ ബാധിക്കുകയുമാണ് ചെയ്യുന്നത്. 

തിരക്ക് പിടിച്ച ജീവിതത്തില്‍ വ്യായാമത്തിനോ ആരോഗ്യം കാത്തുസൂക്ഷിക്കാനുള്ള മുന്നൊരുക്കങ്ങള്‍ക്കോ സമയം കണ്ടെത്താന്‍ സ്ത്രീകള്‍ക്ക് കഴിയാത്തതും ഇവര്‍ക്കിടയില്‍ ഹൃദ്രോഗം വ്യാപകമാകുന്നതിന് കാരണമാകുന്നു. കൊളസ്‌ട്രോള്‍, അമിതവണ്ണം എന്നിവയെല്ലാമാണ് വ്യായാമമില്ലാത്തതിന്റെ ഫലമായി സ്ത്രീകള്‍ നേരിടേണ്ടി വരുന്ന രണ്ട് പ്രധാന പ്രശ്‌നങ്ങള്‍. ഈ രണ്ട് അവസ്ഥയും ഹൃദയാരോഗ്യത്തെ മോശമായാണ് ബാധിക്കുന്നത്. 

ബാലന്‍സ്ഡ് ആയ ഡയറ്റ്, ആരോഗ്യകരമായ ജീവിതരീതി എന്നിവയിലൂടെ സ്ത്രീകള്‍ക്ക് ഹൃദ്രോഗ സാധ്യതയെ വലിയൊരു പരിധി വരെ മറികടക്കാനാകും. ശരീരത്തിന്റെ മാത്രമല്ല, മനസിന്റെ ആരോഗ്യത്തേയും ഒരുപോലെ കൊണ്ടുപോകാന്‍ സാധിക്കേണ്ടതുണ്ട്. അതിനാല്‍ മോശം ശീലങ്ങള്‍ ഉപേക്ഷിക്കുന്നതിനൊപ്പം തന്നെ, സന്തോഷം നല്‍കുന്ന പ്രവര്‍ത്തികളില്‍ കൂടുതലായി ഏര്‍പ്പെടാനും സ്ത്രകള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രായം കൂടിവരുന്നതിന് അനുസരിച്ചാണ് ഇക്കാര്യങ്ങളില്‍ സ്ത്രീകള്‍ ജാഗ്രത പാലിക്കേണ്ടതെന്നും ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു.

Also Read:- നിങ്ങളുടെ ഹൃദയം അപകടത്തിലാണോ? മുപ്പതുകളിലെ ഈ സൂചനകള്‍ ശ്രദ്ധിക്കാതെ പോകരുത്...

click me!