
കുഞ്ഞുപെണ്ണ്. പേര് കേൾക്കുമ്പോൾ കൗതുകം തോന്നുമെങ്കിലും ആൾക്ക് പ്രായം 75 ആണ്. പുരുഷന്മാർക്ക് മാത്രമേ ചെയ്യാൻ സാധിക്കുകയുള്ളു എന്ന് കരുതുന്ന പല മേഖലകളിലും ഇന്ന് സ്ത്രീകൾ മുൻപന്തിയിൽ നിൽക്കുന്നുണ്ട്. കാലം മാറുന്നതിന് അനുസരിച്ച് കോലം മാറണമെന്ന പഴയ ഡയലോഗിന് ഇവിടെ പ്രസക്തിയില്ല. കാലം മാറുന്നതിന് മുന്നേ തന്നെ കുഞ്ഞുപെണ്ണ് മാറിക്കഴിഞ്ഞിരുന്നു. ഇന്ന് 2000 ലേറെ കിണറുകൾ സ്വന്തമായി കുഴിച്ച കിണറ് പണിക്കാരിയാണ് കുഞ്ഞുപെണ്ണ്.
ജീവിത സാഹചര്യങ്ങൾ കൊണ്ട് ഒരുപാടൊന്നും സ്കൂളിൽ പോയി പഠിക്കാൻ കഴിഞ്ഞില്ല. ചെറുപ്പത്തിലെ അമ്മ വളരെ കഷ്ടപ്പെട്ടാണ് എന്നെ വളർത്തിയത്. അതിനാൽ തന്നെ അറിവ് വെച്ച കാലം മുതൽ ജോലി ചെയ്യാൻ തുടങ്ങിയതാണ്. മുപ്പതാമത്തെ വയസിലാണ് ഞാൻ ആദ്യമായി കിണറ് കുത്തുന്നത്. ആദ്യമൊക്കെ വാനം വെട്ടാനും, കക്കൂസിന് കുഴിയെടുക്കാനുമൊക്കെ പോകുമായിരുന്നു. അങ്ങനെ ഒരു ദിവസം ജോലിക്കിടെ കിണർ കുത്തുന്നത് കണ്ട് വിസ്മയത്തോടെ നോക്കി നിന്നു. എന്നാൽ താനൊരു പെണ്ണാണെന്നും കിണർ കുഴിക്കുന്നത് പെണ്ണുങ്ങൾ കാണാൻ പാടില്ലെന്നും പറഞ്ഞ് അവിടെ ഉണ്ടായിരുന്ന ആണുങ്ങൾ എന്നെ ആട്ടിയോടിച്ചു. അന്നുമുതലാണ് കിണറ് കുത്താനുള്ള ആഗ്രഹം എന്റെ മനസ്സിൽ വന്നത്.
പീടികത്താഴെ പള്ളീലച്ചനാണ് ഞാൻ ഇന്ന് അറിയപ്പെടുന്ന കിണറ് പണിക്കാരിയായതിന് പിന്നിൽ. അച്ഛന്റെ വീട്ടിലെ കിണറാണ് ആദ്യമായി ഞാൻ കുഴിച്ചത്. കണ്ടും കേട്ടും മാത്രം പരിചയമുള്ള കാര്യങ്ങൾ ചെയ്യാൻ തുടങ്ങിയപ്പോഴും മനസ്സിൽ ഭയം ഉണ്ടായിരുന്നില്ല.എനിക്ക് അത് ചെയ്യാൻ സാധിക്കുമെന്ന പൂർണ ആത്മവിശ്വാസത്തോടെയാണ് ഞാൻ കിണറ് കുഴിക്കാൻ തുടങ്ങിയത്. അന്ന് എന്റെ തെറ്റുകുറ്റങ്ങൾ ക്ഷമിക്കുകയും അച്ഛൻ എന്നെ അനുഗ്രഹിക്കുകയും ചെയ്തു. അതുകൊണ്ട് മാത്രമാണ് ഇന്ന് ഇതൊരു തൊഴിലാക്കാൻ എനിക്ക് സാധിച്ചത്.
മകൻ ഒപ്പമുണ്ട്
മകൻ കിഷോറാണ് എന്റെ സഹായി, എന്റെ ധൈര്യം. മകൻ ഇല്ലായിരുന്നെങ്കിൽ ഒരിക്കലും എനിക്ക് ഇതുവരെ എത്താൻ കഴിയുമായിരുന്നില്ല. പണമില്ലാത്തതുകൊണ്ട് തന്നെ പത്താം ക്ലാസ് കഴിഞ്ഞതിന് ശേഷം മകനെ പഠിപ്പിക്കാൻ കഴിഞ്ഞില്ല. അന്ന് മുതൽ മകൻ എനിക്കൊപ്പം കിണറ് പണിക്ക് വരുന്നുണ്ട്. പല ജില്ലകളിലും ഞങ്ങൾ കിണറ് കുഴിക്കാൻ പോകാറുണ്ട്. കിണറ് പണിക്ക് പോയപ്പോൾ കണ്ടുമുട്ടിയ ഒരു തമിഴ്നാട്ടുകാരനെയാണ് ഞാൻ വിവാഹം കഴിച്ചത്. എന്നാൽ മകൻ ജനിച്ചതിന് ശേഷമാണ് അയാൾക്ക് തമിഴ്‌നാട്ടിൽ മറ്റൊരു ഭാര്യയും കുട്ടികളും ഉണ്ടെന്ന് അറിഞ്ഞത്. അതോടെ ബന്ധം വേണ്ടന്ന് വെക്കുകയായിരുന്നു. ഇപ്പോൾ മകനും ഭാര്യയും കുട്ടികളുമുള്ള ചെറിയ കുടുംബമാണ് എന്റേത്.
ധൈര്യം ഉണ്ടെങ്കിൽ പേടിക്ക് സ്ഥാനമില്ല
ധൈര്യം ഉണ്ടെങ്കിൽ എന്തും നമുക്ക് ചെയ്യാൻ സാധിക്കും. അവിടെ പേടിക്ക് ഒരു സ്ഥാനവുമില്ല. 75മത്തെ വയസിലും ആവേശത്തോടെ തന്നെയാണ് ഈ ജോലി ചെയ്യുന്നത്. ഇതുവരെ കുഴിച്ചതിൽ ഒരു കിണറിലും വെള്ളം വരാത്ത സാഹചര്യം ഉണ്ടായിട്ടില്ല. താഴേക്കിറങ്ങുന്നതിന് അനുസരിച്ച് നമുക്ക് ശ്വാസം കിട്ടാതെയാകും. അത്തരം സാഹചര്യങ്ങളിൽ ഫാനും കൊണ്ടാണ് താഴേക്ക് ഇറങ്ങാറുള്ളത്. പലരും എന്നെ കളിയാക്കിയിട്ടുണ്ട്. ആണുങ്ങൾ ചെയ്യുന്ന ജോലിക്ക് പോകാൻ നിനക്ക് നാണമില്ലേന്ന് പലരും ചോദിച്ചിട്ടുണ്ട്. പക്ഷെ ഞാൻ അതിലൊന്നും തളർന്നില്ല. സന്തോഷത്തോടെ തന്നെ ഇതൊരു തൊഴിലായി സ്വീകരിക്കുകയായിരുന്നു. ചെറിയൊരു വീട്ടിലാണ് ഇപ്പോൾ താമസം. മകനും കുടുംബത്തിനും സ്വസ്ഥമായി ഉറങ്ങാൻ കഴിയുന്ന ഒരു വീടാണ് എന്റെ മനസ്സിലിപ്പോൾ.