'നീ പെണ്ണല്ലേ...' ഈ ചോദ്യം സ്‌ത്രീകളെ തള്ളിവിടുന്നത് വലിയ കയത്തിലേക്ക്; പുതിയ പഠനമിങ്ങനെ

By Web TeamFirst Published Sep 12, 2019, 11:41 AM IST
Highlights

യൂണിവേഴ്സിറ്റി കോളേജ് ലണ്ടണ്‍ ആണ് പഠനം നടത്തിയത്. ലണ്ടണിലെ 3000 സ്ത്രീകളിലാണ് പഠനം നടത്തിയത്. 

ലിംഗപരമായ വേർതിരിവിന് എപ്പോഴും ഇരകളാകുന്നത് സ്ത്രീകളാണ്. വീട്ടില്‍ നിന്ന് തന്നെയാണ് ഒരു പെണ്‍കുട്ടി ആദ്യമായി ഈ വേര്‍തിരിവിന് ഇരയാകുന്നത്. വീട്ടില്‍ ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയുമുണ്ടെങ്കില്‍ അവന് തോക്കും കാറും വാങ്ങി കൊടുക്കുമ്പോള്‍ അവള്‍ക്ക് ഒരു പാവക്കുട്ടിയും വാങ്ങി കൊടുത്ത് ഒരു പാവയെ പോലെ അവിടെ ഇരുത്തും. നിറത്തിലും ഭക്ഷണത്തിലും വസ്ത്രത്തിലും എല്ലാത്തിലും കാണാം ഈ വേര്‍തിരിവ്. 

അവന്‍ കഴിച്ച പാത്രം വരെ അവളെ കൊണ്ട് കഴുകിപ്പിക്കും. എന്തിനും ഏതിനും 'അവന്‍ ആണല്ലേ..' എന്ന ചോദ്യവും കൂടിയാകുമ്പോള്‍ പൂര്‍ണ്ണമാകും. ഇങ്ങനെ പോകുന്ന ഈ വേര്‍തിരിവ് സമൂഹത്തില്‍ നിന്നും പല സമയത്തും പല സാഹചര്യങ്ങളിലും അവള്‍ നേരിട്ടുവരുന്നു. ഇത്തരം  ലിംഗ വിവേചനം സ്ത്രീകളില്‍ വിഷാദരോഗം വരെയുണ്ടാക്കാം എന്നാണ് പുതിയ ഒരു പഠനം പറയുന്നത്. 

യൂണിവേഴ്സിറ്റി കോളേജ് ലണ്ടണ്‍ ആണ് പഠനം നടത്തിയത്. ലണ്ടണിലെ 3000 സ്ത്രീകളിലാണ് പഠനം നടത്തിയത്. അവരില്‍ ഭൂരിപക്ഷം പേരും ശാരീരികഘടനയുടെയോ പേരിന്‍റെയോ ഒക്കെ പേരില്‍ ലിംഗ വിവേചനത്തിന് ഇരകളായവരാണ്. ഇത്തരത്തിലുളള അപമാനങ്ങള്‍ പലപ്പോഴും മാനസിക ക്ലേശം,  വിഷാദം എന്നിവയിലൊക്കെ എത്തിച്ചിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. 

മറ്റ് സ്ത്രീകളെക്കാള്‍ ഇവരില്‍ വിഷാദം വരാനുളള സാധ്യത മൂന്ന് ശതമാനം കൂടുതലാണെന്നും പഠനം പറയുന്നു. ഹെല്‍ത്ത് സൈക്കോളജി ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത്തരം ലിംഗപരമായ വേർതിരിവ് സ്ത്രീകളില്‍ അരക്ഷിതമാണെന്ന തോന്നല്‍ ഉണ്ടാക്കുകയും പല രീതിലുളള മാനസിക പ്രശ്നങ്ങള്‍ ഇതുമൂലം ഉണ്ടാവുകയും ചെയ്യുമെന്നും പഠനം പറയുന്നു. 

കേരളത്തില്‍ ലിംഗപരമായ വേർതിരിവ് വളരെ കൂടുതലാണെന്ന്  പറയേണ്ടതില്ലല്ലോ. വീട്ടിലും സ്കൂളിലും കോളേജിലും ജോലിസ്ഥലത്തും എല്ലായിടത്തും സ്ത്രീകള്‍ ഇത്തരം വിവേചനങ്ങള്‍ അനുഭവിച്ചുവരുന്നു.  

click me!