വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുകയാണോ? എങ്കിലറിയണം...

By Web TeamFirst Published Apr 21, 2019, 9:37 PM IST
Highlights

ജീവിതരീതിയില്‍ ഉള്‍പ്പെടുത്താവുന്ന ഘടകങ്ങളാണ് മദ്യപാനവും പുകവലിയും. പുരുഷനെ അപേക്ഷിച്ച് സ്ത്രീകള്‍ പുകവലിക്കുന്നത് കുറവാണ്. എങ്കിലും മുന്‍കാലങ്ങളെ അപേക്ഷിച്ച് പുകവലിക്കുന്ന സ്ത്രീകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിരിക്കുന്നുവെന്ന് കാണിക്കുന്ന പല റിപ്പോര്‍ട്ടുകളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്

വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നവര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടത്, ആരോഗ്യമുള്ള ഒരു കുഞ്ഞ് പിറക്കാന്‍ എന്തെല്ലാം ചെയ്യണമെന്നും എന്തെല്ലാം തയ്യാറെടുപ്പുകള്‍ ആകാമെന്നുമാണ്. ഇതില്‍ ഭക്ഷണം, ജീവിതരീതി, മാനസികാന്തരീക്ഷം- ഇവയെല്ലാം പ്രധാനം തന്നെ. 

ജീവിതരീതിയില്‍ ഉള്‍പ്പെടുത്താവുന്ന ഘടകങ്ങളാണ് മദ്യപാനവും പുകവലിയും. പുരുഷനെ അപേക്ഷിച്ച് സ്ത്രീകള്‍ പുകവലിക്കുന്നത് കുറവാണ്. എങ്കിലും മുന്‍കാലങ്ങളെ അപേക്ഷിച്ച് പുകവലിക്കുന്ന സ്ത്രീകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിരിക്കുന്നുവെന്ന് കാണിക്കുന്ന പല റിപ്പോര്‍ട്ടുകളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് 'JAMA Network Open' എന്ന ആരോഗ്യ പ്രസിദ്ധീകരണത്തില്‍ വന്ന ഒരു പഠനറിപ്പോര്‍ട്ട് പ്രസക്തമാകുന്നത്. നിങ്ങള്‍ പുകവലിക്കുന്ന ശീലമുള്ളവരാണെങ്കില്‍ അത്, നിങ്ങളുടെ പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് മാത്രമല്ല, കുഞ്ഞിന്റെ ജീവന് തന്നെ  ഭീഷണിയാകാന്‍ അത് കാരണമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. 

അതായത് പുകവലിക്കുന്നവരില്‍ പ്രസവം നേരത്തേയാകാനുള്ള സാധ്യത കൂടുതലാകുമത്രേ. ഇത് പൂര്‍ണ്ണവളര്‍ച്ചയെത്തും മുമ്പേ കുഞ്ഞിന് പുറത്തെത്തേണ്ട അവസ്ഥയുണ്ടാക്കുന്നു. 'പ്രീ മെച്വര്‍ ഡെലിവറി' കുഞ്ഞുങ്ങളെ സാരമായി രീതിയില്‍ ബാധിച്ചേക്കാന്‍ സാധ്യതയുണ്ട്. ജീവന്‍ തിരിച്ചുകിട്ടിയാല്‍ പോലും വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും ഇതിന്റെ പ്രതിഫലനങ്ങള്‍ അവരില്‍ കണ്ടേക്കാം. രോഗപ്രതിരോധ ശേഷിയിലുണ്ടാകുന്ന കുറവ് ഇതിനൊരു ഉദാഹരണമായി ചൂണ്ടിക്കാട്ടാവുന്നതാണ്. 

സിഗരറ്റ് വലിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടിവരികയാണെങ്കിലും, ഗര്‍ഭധാരണത്തോടെ അത് ഉപേക്ഷിക്കുന്നവരാണ് മിക്കവരുമെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഗര്‍ഭധാരണത്തോടെയും പുകവലി ഉപേക്ഷിക്കാത്ത സ്ത്രീകള്‍, ഗര്‍ഭാവസ്ഥയില്‍ പതിവില്‍ നിന്ന് അധികമായി ഇതിന് അടിപ്പെടുന്നുണ്ടെന്നും പഠനം കണ്ടെത്തി. 

ഗര്‍ഭിണിയോടൊപ്പമുള്ള പങ്കാളിയായ പുരുഷന്‍ പുകവലിക്കുന്നതും കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ ദോഷകരമായാണ് ബാധിക്കുക. ഇക്കാര്യവും ഏറെ ശ്രദ്ധ നല്‍കേണ്ട ഒന്നാണെന്ന് ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.

click me!