അന്ന് ആ പതിനാറുകാരി തീരുമാനിച്ചു, 'ചുറ്റുമുള്ളവരെന്തും പറഞ്ഞോട്ടെ, എനിക്കെന്‍റെ അമ്മയ്‍ക്കൊരു താങ്ങായാല്‍ മതി'

By Rini RaveendranFirst Published Mar 8, 2020, 9:40 AM IST
Highlights

ആദ്യമായി എനിക്ക് കിട്ടിയ വരുമാനം 75 രൂപയാണ്. ആ പൈസ എന്‍റെ അമ്മയുടെ കയ്യില്‍ക്കൊണ്ടുകൊടുത്തു. അന്ന് തന്നെ രണ്ടുമൂന്ന് നാടകം വന്നിട്ടുണ്ടായിരുന്നു. അതുകൊണ്ട് നാടകം കിട്ടുമെന്ന വിശ്വാസമുണ്ടായിരുന്നു. അങ്ങനെ ഞാന്‍ അമ്മയോട് പറഞ്ഞു, 'അമ്മ ഇനി ജോലിക്കൊന്നും പോണ്ട. അമ്മയെ ഞാന്‍ നോക്കിക്കോളാം' എന്ന്.

വര്‍ഷങ്ങള്‍ക്ക് മുമ്പാണ്... അന്ന് ആ പെണ്‍കുട്ടിക്ക് വയസ്സ് വെറും പതിനാറ്. പഠിക്കാനോ പഠിപ്പിക്കാനോ ഉള്ള വകയില്ലാത്തതുകൊണ്ട് പത്താം ക്ലാസോടെ പഠനമവസാനിച്ച് നില്‍ക്കുന്ന നില്‍പ്പാണ്. പഠിക്കാനുള്ള ആഗ്രഹങ്ങളെയപ്പാടെ അവള്‍ മനസില്‍ത്തന്നെ കുഴിച്ചുമൂടി. മനസ്സില്‍ അപ്പോള്‍ ഒറ്റ ആഗ്രഹമേ ഉള്ളൂ, അച്ഛന്‍ മരിച്ചതാണ്. പാവം അമ്മ കൂലിപ്പണി ചെയ്‍താണ് മക്കളെ പോറ്റുന്നത്, ആ അമ്മയ്ക്കൊരു കൈത്താങ്ങാവണം. അപ്പോഴാണ് അപ്രതീക്ഷിതമായി നാടകത്തിലഭിനയിക്കാന്‍ ഒരവസരം കിട്ടുന്നത്. പെണ്‍കുട്ടികള്‍ നാടകത്തില്‍ പോയാല്‍ വഴിതെറ്റിപ്പോകുമെന്ന് ചിന്തിക്കുന്ന കാലമാണ്, സമൂഹം ചുറ്റിലുംനിന്ന് വലിച്ചുകീറിയേക്കാം... പക്ഷേ, ഒറ്റ ചിന്തയേ രജിതയെന്ന ആ പതിനാറുകാരിയുടെ ഉള്ളിലുള്ളൂ, അമ്മയെ സഹായിക്കണം... അങ്ങനെ, അഭിനയിക്കാന്‍ കിട്ടിയ ആ അവസരത്തോട് അവര്‍ 'യെസ്' പറഞ്ഞു. 

രജിത മധുവെന്ന് പറഞ്ഞാല്‍ അറിയാത്തവര്‍ പോലും ചിലപ്പോള്‍ 'അബൂബക്കറിന്‍റെ ഉമ്മ' എന്ന് പറഞ്ഞാലറിയും. കയ്യൂര്‍ സമരനായകനായ, 1943 മാർച്ച്‌ 29-ന്‌ കണ്ണൂർ സെൻട്രൽ ജയിലിൽ തൂക്കിലേറ്റപ്പെട്ട അബൂബക്കറിന്‍റെ ഉമ്മയായി ചുവന്ന കൊടിയുമേന്തി അവര്‍ നെഞ്ചുപൊട്ടി ഇങ്ക്വിലാബ് വിളിച്ചപ്പോള്‍ കോരിത്തരിച്ച് കണ്ടുനിന്നവരാണ് പലരും. അതെ, രജിത മധു എന്ന നടിയുടെ ഏറ്റവും കരുത്തുറ്റ കഥാപാത്രമാണ് അബൂബക്കറിന്‍റെ ഉമ്മ... 2800 -ലധികം വേദികളിലാണ് അവര്‍ അബൂബക്കറിന്‍റെ ഉമ്മയായി തകര്‍ത്താടിയത്. ഓരോ വേദിയും കയ്യടികൊണ്ടും ദീര്‍ഘനിശ്വാസം കൊണ്ടും കയ്യൂര്‍ രക്തസാക്ഷിയുടെ ഉമ്മയെ നെഞ്ചേറ്റി. യൂണിവേഴ്‍സല്‍ റെക്കോര്‍ഡ് ഫോറം 2016 -ല്‍ ലോകത്തിലെ തന്നെ ഏറ്റവുമധികം വേദികള്‍ ചെയ്‍ത 'അബൂബക്കറിന്‍റെ ഉമ്മ പറയുന്നു' എന്ന സോളോ പെര്‍ഫോമന്‍സിനു പിന്നിലെ നടിയെ ആദരിച്ചു.

ഈ വനിതാ ദിനത്തില്‍ നാടകത്തിലേക്ക് വന്ന കാലത്തെ കുറിച്ച്, അബൂബക്കറിന്‍റെ ഉമ്മയെ കുറിച്ച്, തന്‍റെ ജീവിതത്തെ കുറിച്ച് രജിത മധു ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് മനസ് തുറക്കുന്നു. 

 

സരസ്വതിയേച്ചിയാണ് നാടകത്തിലേക്ക് കൈ പിടിച്ചത്

നാട്ടിലെ കലാസമിതിയുടെ പരിപാടികള്‍ക്കും മറ്റും നാടകം കാണാറുണ്ട്. എന്നാല്‍, നാകമെന്താണെന്നോ അഭിനയമെന്താണെന്നോ ഒന്നും അന്ന് രജിതയ്ക്കറിയില്ല. പക്ഷേ, വരാനുള്ളത് നമ്മെത്തേടി വരികതന്നെ ചെയ്യും എന്നാണല്ലോ പറയാറ്. അത് രജിതയുടെ കാര്യത്തില്‍ ശരിയായി. സുഹൃത്തായ സരസ്വതിയിലൂടെയാണ് നാടകം വന്ന് രജിതയെ വിളിച്ചത്. 

''പള്ളിക്കുന്നിലൊരു സരസ്വതിയേച്ചിയുണ്ട്. അവര്‍ അന്നേ നാടകരംഗത്ത് പ്രവര്‍ത്തിക്കുകയാണ്. അമ്മ നാടന്‍പണിക്കൊക്കെ പോകുന്ന സമയത്ത് ഞാന്‍ ഈ സരസ്വതിയേച്ചിയുടെ വീട്ടില്‍ ചെന്നിരിക്കും. സ്വന്തം മോളെപ്പോലെത്തന്നെയായിരുന്നു അവര്‍ക്ക് ഞാന്‍. ഒരുദിവസം അവിടെയിരിക്കുമ്പോള്‍ നാടകത്തിലേക്ക് സരസ്വതിയേച്ചിയെ വിളിക്കാന്‍ കുറച്ചാളുകള്‍ വന്നു. ഒരു ചെറിയ പെണ്‍കുട്ടിയെക്കൂടി അവര്‍ക്ക് നാടകത്തിലേക്ക് ആവശ്യമുണ്ടായിരുന്നു. അങ്ങനെ സരസ്വതിയേച്ചി എന്നോട് ചോദിച്ചു നീയും വരുന്നോ നാടകത്തിലേക്ക് എന്ന്. അപ്പൊ മറ്റൊന്നും ആലോചിച്ചില്ല. കാരണം, നാടകത്തില്‍ പോയാല്‍ കിട്ടുന്ന ചെറിയൊരു വരുമാനം, അതെന്‍റെ അമ്മയ്ക്കൊരു സഹായമാകുമല്ലോ എന്ന് മാത്രമേ ചിന്തിച്ചുള്ളൂ. അമ്മയ്ക്കാണെങ്കില്‍ ഇടക്കിടെ അസുഖമാണ്. ആ കഷ്‍ടപ്പാട് മുഴുവന്‍ കാണുന്നത് ഞാനും. അതുകൊണ്ട് അമ്മയെ സംരക്ഷിക്കുക എന്നത് മാത്രമേ മനസില്‍ തെളിഞ്ഞുള്ളൂ. അങ്ങനെയാണ് അമ്മയോട് അനുവാദം വാങ്ങി ആദ്യമായി ഒരു നാടകത്തില്‍ അഭിനയിക്കുന്നത്. കാസര്‍കോട് വച്ചായിരുന്നു നാടകം. സി എല്‍ ജോസ് സംവിധാനം ചെയ്‍ത 'ജ്വലനം'.''

അത് അമച്വര്‍ നാടകങ്ങളുടെ ഉത്സവകാലമായിരുന്നു. നാടകത്തില്‍ ചെറിയ പെണ്‍കുട്ടികളധികമില്ലാത്ത കാലവും. ഈ ഒരൊറ്റ നാടകത്തിലൂടെ രജിതയെത്തേടി പിന്നെയും അവസരങ്ങളെത്തി. സരസ്വതിയെ വിളിക്കാനെത്തുന്നവര്‍ കൂടെയുള്ള പെണ്‍കുട്ടിയെക്കൂടി അഭിനയിക്കാന്‍ വിളിക്കും. സരസ്വതിയാണെങ്കില്‍ മോളെപ്പോലെയാണ് രജിതയെ നോക്കിയിരുന്നത്. ആ ഒരു ധൈര്യത്തില്‍ രജിത പിന്നെയും പിന്നെയും നാടകം ചെയ്‍തു. 

ആദ്യത്തെ ശമ്പളം 75 രൂപ 

നാടകാഭിനയത്തെ കുറിച്ച് ഒന്നുമറിയില്ല. പക്ഷേ, നൃത്തം ചെയ്യുമായിരുന്നു രജിത. പക്ഷേ, വീട്ടില്‍ കഷ്‍ടപ്പാടും ദാരിദ്ര്യവും മാത്രമേയുള്ളൂ. ആ കഴിവ് കാണാനോ പ്രോത്സാഹിപ്പിക്കാനോ ആരുമുണ്ടായിരുന്നില്ല. അതേ നൃത്തം അവളെ നാടകാഭിനയത്തില്‍ തുണച്ചു. അതവള്‍ക്ക് ആത്മവിശ്വാസമേകി.

''സംവിധായകന്‍ പറഞ്ഞുതരുന്നതുപോലെയെല്ലാം ഞാന്‍ അഭിനയിച്ചു. അതുകൊണ്ട് ആദ്യത്തെ നാടകം തന്നെ നന്നായി ചെയ്യാനായി. അതിനുശേഷം ഒരുപാട് നാടകങ്ങള്‍ വന്നു. പിന്നെപ്പിന്നെ ഞാന്‍ നാടകത്തെ കുറിച്ച് കൂടുതലറിയാനും പഠിക്കാനും തുടങ്ങി. പത്താം ക്ലാസിനുശേഷം തുടര്‍ന്നുപഠിക്കാന്‍ പറ്റാത്തത് വേദനയായി എപ്പോഴും എന്‍റെ ഉള്ളിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ സ്ക്രിപ്റ്റ് കയ്യില്‍ കിട്ടുമ്പോള്‍ അത് ആവേശത്തോടെ പെട്ടെന്ന് പഠിക്കാന്‍ തുടങ്ങി. ഒരു നടിയില്ലാത്തിന് പകരമായി ചെന്നപ്പോള്‍ ഒരു മണിക്കൂര്‍ കൊണ്ടൊക്കെ ഞാനൊരു നാടകം പഠിച്ചിട്ടുണ്ട്. ധൈര്യമായിരുന്നു കൂട്ട്... വളരെ ഗൗരവത്തോടെയാണ് ഓരോ നാടകവും ഓരോ കഥാപാത്രവും ചെയ്‍തത്. അങ്ങനെ നാടകത്തില്‍ത്തന്നെ ഉറച്ചുനില്‍ക്കാന്‍ തീരുമാനിച്ചു.'' 

 

''ആദ്യമായി എനിക്ക് കിട്ടിയ വരുമാനം 75 രൂപയാണ്. ആ പൈസ എന്‍റെ അമ്മയുടെ കയ്യില്‍ക്കൊണ്ടുകൊടുത്തു. അന്ന് തന്നെ രണ്ടുമൂന്ന് നാടകം വന്നിട്ടുണ്ടായിരുന്നു. അതുകൊണ്ട് നാടകം കിട്ടുമെന്ന വിശ്വാസമുണ്ടായിരുന്നു. അങ്ങനെ ഞാന്‍ അമ്മയോട് പറഞ്ഞു, 'അമ്മ ഇനി ജോലിക്കൊന്നും പോണ്ട. അമ്മയെ ഞാന്‍ നോക്കിക്കോളാം' എന്ന്. ആദ്യത്തെ നാടകത്തിന്‍റെ വരുമാനം അമ്മയുടെ കയ്യില്‍കൊടുത്ത അന്ന് നിര്‍ത്തിയതാണ് അമ്മ പണിക്ക് പോകുന്നത്. അമ്മയെ പിന്നെ ഞാന്‍ ജോലിക്ക് പറഞ്ഞുവിട്ടിട്ടേയില്ല. 13 വര്‍ഷങ്ങള്‍ക്ക് മുമ്പ് അമ്മ മരിക്കുന്നതുവരെയും അമ്മയെ ഞാന്‍ നന്നായി നോക്കി. എന്‍റെ കൂടെത്തന്നെ നിര്‍ത്തി.'' - രജിതയുടെ ശബ്‍ദത്തില്‍ നിറഞ്ഞുനില്‍ക്കുന്നത് ഒരുപക്ഷേ അന്നേയുള്ള അതേ ആത്മവിശ്വാസം തന്നെയാണ്. 

നാടകത്തിലഭിനയിക്കാനിറങ്ങുമ്പോള്‍

അല്ലെങ്കിലും നമ്മുടെ ചുറ്റുമുള്ള ചിലര്‍ക്ക് പ്രത്യേകിച്ച് പണിയൊന്നുമില്ല. അവര്‍ മറ്റു മനുഷ്യരുടെ ജീവിതത്തിലേക്ക് ഒരു കാര്യവുമില്ലാതെ കടന്നുകയറും. അവര്‍ക്ക് പറയാനുള്ളതൊക്കെ പറഞ്ഞിട്ടുപോകും. കേള്‍ക്കുന്നവന്‍റെ മനസ് നീറുന്നത് പറയുന്നവന് വിഷയമല്ലല്ലോ... രജിതയ്ക്കും കേള്‍ക്കേണ്ടിവന്നു അന്ന് കുറേ...

''നാടകത്തിലഭിനയിക്കാന്‍ പോകുന്ന പെണ്ണെന്ന് കേള്‍ക്കുമ്പോള്‍ തന്നെ മുഖം ചുളിക്കുന്ന ആളുകളാണന്ന് ചുറ്റിലും. നാടകത്തിന് പോയാല്‍ സ്ത്രീകള്‍ മുഴുവന്‍ മോശമായിപ്പോകും. അവര് വേറെന്തിനോ വേണ്ടിയാണ് പോകുന്നത് പോലെയുള്ള ചിന്തയൊക്കെ അന്നുണ്ടായിരുന്നു. നാടകം കാണുന്നതൊക്കെ ഇഷ്‍ടമാണ്. പക്ഷേ, നാടകത്തിലഭിനയിക്കുന്ന സ്ത്രീകളെ ഇഷ്‍ടമല്ല പലര്‍ക്കും. വൈകുന്നേരമാണല്ലോ നാടകത്തിന് പോകേണ്ടത്. അപ്പോള്‍, 'ആ, ബാഗും കൊണ്ട് ഇറങ്ങിയല്ലോ...' എന്നൊക്കെ ആളുകള് പറയും. പക്ഷേ, അതിലൊന്നും വീണില്ല. കാരണം, സരസ്വതിയേച്ചി നേരത്തെതന്നെ എനിക്ക് പറഞ്ഞുതന്നിട്ടുണ്ടായിരുന്നു, 'പല കമന്‍റും കേള്‍ക്കും. അതിലൊന്നും തളരാന്‍ പാടില്ല. നമ്മള്‍ പോകുന്നത് നമ്മുടെ കുടുംബം പോറ്റാനാണ് അത് മാത്രം ഓര്‍ത്താല്‍ മതി. മറ്റാരെന്ത് പറഞ്ഞാലും അതൊന്നും നിന്‍റെ മനസിനെ സ്‍പര്‍ശിക്കരുത്' എന്നൊക്കെ.'' 

വിശന്ന് കരഞ്ഞ് ജീവിക്കുമ്പോള്‍ ഒരുപിടി അരി കൊണ്ടുത്തരാനോ, കണ്ണീരൊപ്പാനോ വരാത്തവരാണ്, നാടകത്തിന് പോയി നന്നായി ഭക്ഷണം കഴിക്കാനും നന്നായി വസ്ത്രം ധരിക്കാനും നന്നായി ജീവിക്കാനും തുടങ്ങിയപ്പോള്‍ കുറ്റം പറയാനെത്തിയത്. 'നിനക്കിനിയൊരു ജീവിതമുണ്ടാവില്ല, നിന്‍റെ കാലം കഴിഞ്ഞു, നിന്നെയിനിയാരും കല്ല്യാണം കഴിക്കില്ല' എന്നൊക്കെയായിരുന്നു ചുറ്റുമുള്ള സ്ത്രീകളൊക്കെ പറഞ്ഞിരുന്നത് എന്നും രജിത പറയുന്നു. 

പ്രേമലേഖനവും മറ്റുചില നാടകങ്ങളും

ഏതായാലും രജിത എന്ന നടി അങ്ങനെ ഒരു പരിഹാസവാക്കിലും തളരാനൊരുക്കമായിരുന്നില്ല. അരങ്ങവര്‍ക്ക് ജീവനും ജീവിതവുമായി. കഥാപാത്രങ്ങളുടെ പരകായ പ്രവേശങ്ങളില്‍ അവരിലെ നടി ആനന്ദം കണ്ടെത്തി. തന്നെ മുഴുവനായും നാടകത്തിനായി നല്‍കി. 

''ഒരുപാടൊരുപാട് അമച്വര്‍ നാടകങ്ങള്‍ ആ സമയത്തുണ്ടായി. അങ്ങനെയിരിക്കെയാണ് 'അന്നൂര്‍ നാടകവീട്ടി'ല്‍ വൈക്കം മുഹമ്മദ് ബഷീറിന്‍റെ പ്രേമലേഖനം ചെയ്യാനായി ബാബു അന്നൂര്‍ വിളിക്കുന്നത്. അന്നുവരെയുള്ളതില്‍നിന്നും വ്യത്യസ്‍തമായി കുറച്ചുകൂടി ഗൗരവമായ നാടകങ്ങളിലേക്കെത്തുന്നത് പ്രേമലേഖനം മുതലാണ്. പ്രിയനന്ദനനാണ് ആ നാടകം സംവിധാനം ചെയ്യുന്നത്.  ആ നാടകക്യാമ്പ് എന്നെ സംബന്ധിച്ച് വലിയൊരറിവ് തന്നെയായിരുന്നു. അത് 130 -തോളം വേദികളില്‍ അവതരിപ്പിച്ചു. അതിനുശേഷം എന്‍. ശശിധരന്‍ മാഷിന്‍റെ അടുക്കള, അതും നാടകവീട് തന്നെയാണ് ചെയ്‍തത്. മഹാപ്രസ്ഥാനം, ചേരിനിലം തുടങ്ങി നാടകവീടിന്‍റെ അഞ്ചാറ് നാടകങ്ങള്‍ ചെയ്‍തു. പിന്നെ, സുവീരന്‍ സംവിധാനം ചെയ്‍ത അഗ്നിയും വര്‍ഷവും എന്ന നാടകത്തിലെ വിശാഖയെന്ന കഥാപാത്രം... ആ നാടകത്തിന് സംഗീത നാടക അക്കാദമിയുടെ അഞ്ചാറ് അവാര്‍ഡുകളൊക്കെ കിട്ടി.''  

അബൂബക്കറിന്‍റെ ഉമ്മ

പിന്നീടാണ് രജിത മധുവനെന് നടിയുടെ ജീവിതത്തിലെ ഏറ്റവും കരുത്തുറ്റ കഥാപാത്രമായ അബൂബക്കറിന്‍റെ ഉമ്മ അവരെത്തേടിയെത്തുന്നത്. കരിവെള്ളൂര്‍ മുരളിയുടേതായിരുന്നു നാടകം. 

''ആ സമയത്താണ് കരിവെള്ളൂര്‍ മുരളിയേട്ടന്‍ ഒരു തെരുവുനാടകം ചെയ്യാന്‍ വിളിക്കുന്നത്. ആ ഒരു തെരുവ് നാടകം ചെയ്‍തു. അതിനുശേഷം 2002 -ല്‍ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി 'അബൂബക്കറിന്‍റെ ഉമ്മ' എന്ന തെരുവ് നാടകം ചെയ്യുന്നു. അതിലന്ന് മുരളിയേട്ടനടക്കം നാല്‍പ്പതോളം പേര്‍ അഭിനയിച്ചിട്ടുണ്ട്. കേന്ദ്രകഥാപാത്രം അബൂബക്കറിന്‍റെ ഉമ്മ തന്നെയായിരുന്നു. പിന്നെ സംഗീതവും എല്ലാമടക്കം നാല്‍പത്തഞ്ചോളം ആളുകള്‍ പോയിട്ടാണ് ആ നാടകം ചെയ്‍തിരുന്നത്. പകല്‍ സമയങ്ങളിലാണ് നാടകം. സ്റ്റേജില്‍പ്പോലുമല്ല ആളുകളുടെ നടുവിലാണ് അവതരിപ്പിക്കുന്നത്. ആളുകളുടെ പ്രതികരണം നമുക്ക് അപ്പോത്തന്നെ കാണാം. കയ്യൂര്‍ സമരത്തെ കുറിച്ചൊക്കെ പറയുമ്പോള്‍ അവരുടെ മുഖത്തുണ്ടാവുന്ന ഭാവങ്ങള്‍ എന്നെ വല്ലാതെ അദ്ഭുതപ്പെടുത്തിയിരുന്നു.''

 

ഏതായാലും തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സ്വാഭാവികമായും ആ നാടകത്തിന്‍റെ അവതരണവും നിന്നു. പക്ഷേ, പല സ്ഥലങ്ങളില്‍നിന്നും ആളുകള്‍ എന്തുകൊണ്ടാണ് ആ നാടകം ചെയ്യാത്തത്, കയ്യൂര്‍ സമരത്തിന്‍റെ ചരിത്രം തലമുറകള്‍ അറിയേണ്ടതുണ്ട് എന്നൊക്കെ പറഞ്ഞ് വിളിക്കാന്‍ തുടങ്ങി. 

''അന്ന് കണ്ണൂര്‍ ജില്ലയിലെ പ്രശസ്‍തരായ പല നാടകക്കാരും ആ നാടകത്തില്‍ അഭിനയിക്കുന്നുണ്ട്. ഈ പത്തുനാല്‍പ്പത്തിയെട്ടുപേരെ കൊണ്ടുപോയി ഓരോയിടത്തും നാടകം അവതരിപ്പിക്കുക എന്നത് വിഷമകരമാണ്. അങ്ങനെയാണ് ആ നാടകം അവിടെ നിര്‍ത്തുന്നത്. പക്ഷേ, എനിക്കെന്തുകൊണ്ടോ അതിലെ ഉമ്മ എന്ന ഞാന്‍ ചെയ്‍ത കഥാപാത്രത്തെ വിട്ടുകളയാന്‍ പറ്റുന്നുണ്ടായിരുന്നില്ല. അങ്ങനെയാണ് ഭര്‍ത്താവ് മധുവേട്ടന്‍ പറയുന്നത് നമുക്ക് ഈ ഉമ്മ മാത്രമായിട്ടൊന്ന് ചെയ്‍തുനോക്കിയാലോ? മുരളിയേട്ടനോടൊന്ന് സംസാരിച്ചുനോക്കിയാലോ എന്ന്. അങ്ങനെ സംസാരിക്കുന്നു. 'നോക്കാം വിജയിക്കുമോ എന്നറിയില്ല. എന്നാലും രജിതയുടെ ആഗ്രഹമല്ലേ...' എന്ന് പറഞ്ഞിട്ടാണ് അദ്ദേഹം അത് ഏകപാത്ര നാടകമായി എഴുതിത്തരുന്നത്. അങ്ങനെ അദ്ദേഹത്തിന്‍റെ വീട്ടില്‍വച്ചുതന്നെ ഞാന്‍ കയ്യൂര്‍ സമരചരിത്രം പഠിച്ചു. കുറേ പുസ്‍തകങ്ങള്‍ അദ്ദേഹം വായിക്കാന്‍ തന്നു. അദ്ദേഹത്തിന്‍റെ ഭാര്യ കോമളേച്ചി കുറേ പറഞ്ഞുതന്നു. അങ്ങനെ കയ്യൂര്‍സമരത്തെ കുറിച്ച് എല്ലാം മനസിലാക്കി. പിന്നെ, ഈ നാടകം പിറന്നു.'' 

പൂര്‍ത്തിയാക്കിയത് 2805 വേദികള്‍

അബൂബക്കറിന്‍റെ ഉമ്മയുടെ ആദ്യാവതരണം പാര്‍ട്ടി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിന്‍റെ മുറ്റത്തുവച്ചായിരുന്നു, കുറച്ച് പത്രക്കാരെയും ഒക്കെ ക്ഷണിച്ച്... കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന എംവി ഗോവിന്ദനാണ് ഉദ്ഘാടനം ചെയ്തത്. എന്നാല്‍, അന്ന് ഉദ്ഘാടനം ചെയ്യപ്പെടുമ്പോള്‍ രജിത കരുതിയിരുന്നില്ല ഈ നാടകം ഇത്രയധികം വേദികളിലെത്തുമെന്ന്, ഇങ്ങനെ ആളുകള്‍ ഏറ്റെടുക്കുമെന്ന്... അന്ന്  കുറേകാലത്തേക്ക് വിശ്രമമില്ലാത്തവണ്ണം ആ നാടകം ചെയ്യുകയായിരുന്നു അവര്‍. അതിന് കൂട്ടായത് രജിതയുടെ രാഷ്ട്രീയബോധം തന്നെയാണ്.

 

''ഒരു സാധാരണ കലാകാരിക്ക് ഇത്രയും ശക്തമായിട്ട് ഈ നാടകം 15 വര്‍ഷമായിട്ട് ചെയ്യാന്‍ പറ്റണമെന്നില്ല. അതിന് ശക്തമായൊരു രാഷ്ട്രീയബോധം കൂടി വേണം. അതെന്‍റെ ഉള്ളിലുള്ളതുകൊണ്ടായിരിക്കാം അബൂബക്കറിന്‍റെ ഉമ്മയെ അന്നത്തേതിനേക്കാള്‍ കരുത്തോടെ ഇന്നും ചെയ്യാനാകുന്നത്. 2805 വേദികളില്‍ ആ നാടകം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. വിദേശത്തുപോലും ഈ നാടകം അവതരിപ്പിച്ചു. ഒരു കലാകാരിയെന്ന നിലയില്‍ അതെന്‍റെ അഭിമാനമാണ്. അതിന് കടപ്പാട് കരിവെള്ളൂര്‍ മുരളിയേട്ടനോടും കുടുംബത്തോടുമാണ്. ഈ നാടകം അദ്ദേഹം തന്നില്ലായിരുന്നുവെങ്കില്‍ രജിതാ മധു എന്ന കലാകാരി കണ്ണൂരില്‍ ഒതുങ്ങിപ്പോയേനെ. ഇന്ന് കേരളത്തിലെവിടെപ്പോയാലും 'ഞാന്‍ രജിതാ മധുവാണ്' എന്ന് പറയുമ്പോള്‍ 'അയ്യോ അബൂബക്കറിന്‍റെ ഉമ്മയല്ലേ' എന്ന് ചോദിച്ച് ആളുകള്‍ കൈതരുന്നത് അതുകൊണ്ട് മാത്രമാണ്. ഒരു നാടകം ഇത്രയധികം വേദികളില്‍ അവതരിപ്പിക്കുക എന്നതിലേക്ക്, ഒരു ലോക റെക്കോര്‍ഡ് നേടുന്നതിലേക്ക് എന്നെയെത്തിച്ചത് ഞാന്‍ വിശ്വസിക്കുന്ന ഇടതുപക്ഷ പ്രസ്ഥാനം കൂടിയാണ്. അവരോടും എപ്പോഴും ഞാന്‍ കടപ്പെട്ടിട്ടുണ്ട്.'' 

 

നാടകരംഗത്ത് വന്നിട്ടെന്തെങ്കിലും ദുരന്തമുണ്ടായിട്ടുണ്ടോ എന്ന് പലരും അഭിമുഖങ്ങളില്‍ ചോദിക്കാറുണ്ടെന്ന് രജിത പറയുന്നു. ദുരന്തം പോയിട്ട് ഒരു ദുരനുഭവം പോലും 37 വര്‍ഷത്തെ നാടകജീവിതത്തില്‍ ഉണ്ടായിട്ടില്ല. കുറച്ചുകാലം ചുറ്റുമുള്ള പരിഹാസങ്ങളുണ്ടായിരുന്നതൊഴിച്ച് നാടകത്തിന്‍റെ അകത്തുനിന്നും ഒന്നുമുണ്ടായിട്ടില്ല. പിന്നെ, ആ പരിഹാസമൊക്കെ മാറി ആ സമൂഹം തന്നെ സ്നേഹത്തോടെ എന്‍റെ കൂടെനിന്നു. ഈ വര്‍ഷമത്രയും നാടകലോകത്ത് നില്‍ക്കാന്‍ തനിക്ക് കരുത്താവുന്നതും ആ സ്നേഹവും അംഗീകാരവുമാണെന്നും രജിത പറയുന്നു.

അമച്വര്‍ നാടകത്തെ മറന്നുകളയരുത് 

37 വര്‍ഷമായി നാടകത്തിലെത്തിയ രജിത ഇതുവരെ 15,000 -ത്തിലധികം സ്റ്റേജ് ചെയ്തു. 

''അമച്വര്‍ നാടകത്തിന്‍റെ വസന്തകാലമാണ് അന്ന്. ഒരുമാസം തന്നെ 22 നാടകങ്ങള്‍ ഞാന്‍ ചെയ്‍തിട്ടുണ്ട് എന്ന് ഇന്ന് കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ പ്രയാസം തോന്നിയേക്കാം. കാരണം, അമച്വര്‍ നാടകങ്ങള്‍ ഇന്നില്ല. പ്രൊഫഷണല്‍ നാടകങ്ങളിന്ന് ഓരോ മുക്കിലും മൂലയിലും നടക്കുന്നുമുണ്ട്. അതിനെ ആളുകള്‍ പ്രോത്സാഹിപ്പിക്കുന്നു, കയ്യുംനീട്ടി സ്വീകരിക്കുന്നു. അതില്‍ വളരെ സന്തോഷമുണ്ട്. പക്ഷേ, അതോടൊപ്പം തന്നെ അമച്വര്‍ നാടകങ്ങള്‍ കൂടി പ്രോത്സാഹിപ്പിച്ചാല്‍ മാത്രമേ, അതിലെ കലാകാരന്മാരെക്കൂടി നമുക്ക് കിട്ടൂ. ഇന്നത്തെ ചെറുപ്പക്കാര്‍ സ്ക്രിപ്റ്റ് പഠിക്കാനോ ഉറക്കമൊഴിയാനോ ഒന്നും തയ്യാറല്ല. കുറച്ച് പണം മുടക്കിയാല്‍ പ്രൊഫഷണല്‍ നാടകം എടുക്കാം. റിസ്‍കില്ല എന്ന തീരുമാനത്തിലെത്തുകയാണവര്‍. എന്നാലും ചില നാടകസമിതിയൊക്കെ നാടകം ചെയ്യുന്നുണ്ടിപ്പോഴും. നാടകം വീണ്ടും ശക്തിയാര്‍ജ്ജിക്കുന്നുണ്ട് എന്ന സത്യം കൂടിയുണ്ട്. അതില്‍ സന്തോഷമുണ്ട്.'' 

ഒരു സ്ത്രീയെന്ന നിലയില്‍

പഠിക്കാനേറെ ആഗ്രഹിച്ചിരുന്ന പെണ്‍കുട്ടി. പക്ഷേ, നാളെ ഞാന്‍ പഠിച്ചിട്ട് എന്താവും എന്ന് സ്വപ്‍നം കാണാന്‍പോലും വീട്ടിലെ അവസ്ഥ അനുവദിക്കാതിരുന്ന പെണ്‍കുട്ടി. അവരുടെ വേദനയായിരുന്നു പഠിക്കാനാവാത്തത്. എന്നാല്‍, അരങ്ങിലൂടെ, കഥാപാത്രങ്ങളിലൂടെ അവര്‍ അതിനെ മറികടന്നു.

''ഡോക്ടറായും എഞ്ചിനീയറായും നഴ്‍സായും ഭ്രാന്തിയായും ഒക്കെ പലപല വേഷങ്ങള്‍ അരങ്ങില്‍ ആടിത്തിമിര്‍ത്തുകഴിഞ്ഞു ഈ കാലത്തിനിടയില്‍. മുഖ്യമന്ത്രിയായിട്ടുവരെ അഭിനയിച്ചിട്ടുണ്ട്. പഠിക്കാനാവാത്തതില്‍ എന്നും വേദനിച്ചിരുന്ന ആളാണ് ഞാന്‍. പക്ഷേ, പഠിച്ച് ഒരു ജോലി നേടിയിരുന്നുവെങ്കില്‍ ഒരിക്കലും ഇത്രയേറെ ചെയ്യാനാകുമായിരുന്നില്ല എന്ന് തോന്നാറുണ്ട്. വലിയ അഭിമാനം തന്നെയാണ് ഒരു നാടകകലാകാരിയാണെന്നത്. ഒരു നാടകക്കാരിയാണ് ഞാന്‍ എന്ന് എപ്പോഴും എവിടെയും അഭിമാനത്തോടെ പറഞ്ഞിട്ടുണ്ട്. ഇന്ന് പ്രത്യേകിച്ച്,  അബൂബക്കറിന്‍റെ ഉമ്മയിലൂടെ കിട്ടിയ അംഗീകാരവും സ്നേഹവും എനിക്ക് അത്രയേറെ വലുതാണ്. ഒരു സ്ത്രീയെന്ന നിലയില്‍ ഒരുപാട് കഷ്‍ടപ്പെട്ടും അധ്വാനിച്ചും ഞാന്‍ നേടിയെടുത്തതാണ് ഇന്ന് കിട്ടുന്ന ഈ സ്നേഹവും അംഗീകാരവും. ഒരു സ്ത്രീയെന്ന രീതിയില്‍ എനിക്ക് പറയാനുള്ളതും അതാണ്. കല്ലിലും മുള്ളിലും ചവിട്ടേണ്ടിവരും. ഒരുപാട് കഷ്‍ടപ്പെടേണ്ടിവരും. പക്ഷേ, അതൊന്നും ഗൗനിക്കാതെ ശക്തമായി മുന്നോട്ടുപോയാല്‍ നാം ലക്ഷ്യത്തിലെത്തിച്ചേരും. എന്‍റെ ജീവിതം എന്നെ അതാണ് പഠിപ്പിച്ചത്.''

പ്രണയം, വിവാഹം

നാടകക്യാമ്പുകളിലൂടെയാണ് രജിതയുടെ മനസിലേക്ക് മധു കയറിവരുന്നതും ഇരുവരും പ്രണയത്തിലാകുന്നതും. ആ പ്രണയം പൂത്തുതളിര്‍ത്തു. പരസ്‍പരം താങ്ങായും തണലായും നില്‍ക്കാമെന്ന് അന്നേയവര്‍ തീരുമാനിച്ചിരുന്നു. ഇക്കാലമത്രയും അവര്‍ പരസ്‍പരം ചേര്‍ത്തുപിടിച്ചു. 

''മുമ്പ് ഞാന്‍ നാടകം ചെയ്യുന്ന സമയത്ത് മിക്ക നാടകങ്ങളുടെയും പിന്നണിയിലുണ്ടായിരുന്ന ആളാണ് മധുവേട്ടന്‍. റിഥം ആര്‍ട്ടിസ്റ്റായിരുന്നു അദ്ദേഹം. നാടകക്ക്യാമ്പുകളില്‍വെച്ചാണ് കാണുന്നതും പ്രണയത്തിലാകുന്നതും. അഞ്ച് വര്‍ഷം നാടകത്തില്‍നിന്ന് പ്രണയിച്ചു. പിന്നീട് വിവാഹം കഴിച്ചു. ഒരിക്കലും എന്നോട് അടുക്കളയിലിരിക്കാനോ ഇനിയൊന്നും ചെയ്യണ്ട എന്ന് പറയാനോ അദ്ദേഹം ശ്രമിച്ചിരുന്നില്ല. 'നീ നല്ലൊരു കലാകാരിയാണ്, ആ കഴിവ് സമൂഹത്തിന് മുന്നില്‍ കാണിക്കേണ്ടതാണ് എന്ന് പറഞ്ഞ് അന്നും ഇന്നും എന്നെ അഭിനയിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നത് അദ്ദേഹമാണ്.''

 

''ഇപ്പോള്‍ കെഎസ്ഇബി അസി. എഞ്ചിനീയറായി വിരമിച്ചു അദ്ദേഹം. മകന്‍, മിഥുന്‍രാജ്. കോളേജ് പഠന കാലത്ത് മികച്ച നടനൊക്കെയായിരുന്നു. നാടകത്തോട് ഒരുപാടിഷ്‍ടമുള്ളവനാണ്. ഇപ്പോള്‍ അവന് സ്വന്തമായി ഒരു മ്യൂസിക് ബാന്‍ഡൊക്കെയുണ്ട്. ടിഡിടി. (The Down TRoddence) അതില്‍ സിംഗറാണ്. മകള്‍ തില്ലാനയും ബാംഗ്ലൂരില്‍ ജോലി ചെയ്യുകയാണ് പക്ഷേ, കുഞ്ഞുനാള്‍ മുതലേ നൃത്തം പഠിക്കുന്നുണ്ട്. ഇപ്പോഴും നൃത്തം ചെയ്യുന്നു. ഈ മൂന്നുപേരുമാണ് എപ്പോഴും എന്നെ ചേര്‍ത്തുപിടിക്കുന്നത്.''

അംഗീകാരങ്ങള്‍ 

1989 -ല്‍ മരണക്കിണറെന്ന നാടകത്തിന് ഏറ്റവും നല്ല നടിക്കുള്ള സംഗീത നാടക അക്കാദമിയുടെ അവാര്‍ഡ് ലഭിച്ചു രജിത മധുവിന്. കെ.പി ഗോപാലനാണ് അത് സംവിധാനം ചെയ്‍തത്. എന്‍. പ്രഭാകരനാണ് എഴുതിയത്. 2002- ല്‍ ആകാശവാണിയില്‍ നല്ല നടിക്കുള്ള അംഗീകാരം. എന്‍ ശശിധരന്‍ എഴുതിയ 'പെണ്ണ്' എന്ന നാടകത്തിനായിരുന്നു അത്. 2016 -ല്‍ യു ആര്‍ എഫ് ലോക അവാര്‍ഡ് കിട്ടി. ഏറ്റവുമധികം സോളോ ചെയ്‍തതിന്. ഇതൊന്നും കൂടാതെ നിരവധി അമച്വര്‍ നാടകമത്സരത്തിന് അംഗീകാരം കിട്ടി... 2017-2018 -ല്‍ കേരള ഗവണ്‍മെന്‍റിന്‍റെ വനിതാ രത്ന പുരസ്‍കാരം നല്‍കി ആദരിച്ചിട്ടുമുണ്ട്. 

 

അന്ന് പത്താം ക്ലാസ് കഴിഞ്ഞുനില്‍ക്കുന്ന ആ പെണ്‍കുട്ടിയെടുത്ത ഒരു തീരുമാനമാണ് ഇന്നവരെ അറിയപ്പെടുന്ന കലാകാരിയാക്കിയത്. അന്ന് ചുറ്റിലുമുയര്‍ന്ന കുത്തുവാക്കുകളില്‍ മനം നൊന്തിരുന്നുവെങ്കില്‍, അവിടെ അഭിനയം മതിയാക്കിയിരുന്നുവെങ്കില്‍, ഭയന്നുപോയിരുന്നുവെങ്കില്‍ രജിത മധുവെന്ന കലാകാരി ഉണ്ടാകുമായിരുന്നില്ല. ഈ ലോകം ഓരോ പെണ്ണിന്‍റേതുമാണ് എന്ന് ഇന്നവര്‍ നമ്മോട് പറയുന്നതും അതുകൊണ്ടാണ്. അതുകൊണ്ട് പെണ്ണുങ്ങളേ, സ്വപ്‍നങ്ങള്‍ക്ക് ചിറക് നല്‍കൂ... പറക്കാവുന്നിടത്തോളം പറക്കൂ. 

click me!