
ഒരു രാജ്യം പൂർണ്ണമായും സ്വന്തമായി നിലനിൽക്കുകയും സമുദ്രം മാത്രം അതിർത്തിയായി ഉണ്ടാവുകയും ചെയ്യുകയെന്നത് ഏറെ കൗതുകമുള്ള കാര്യമാണ്. ലോകമെമ്പാടുമുള്ള ചുരുക്കം ചില രാജ്യങ്ങൾക്ക് കര അതിർത്തികളോ അയൽരാജ്യങ്ങളുടെ നേരിട്ടുള്ള സ്വാധീനമോ ഇല്ല. ഈ രാജ്യങ്ങൾ സ്വന്തം നിലയ്ക്ക് വികസിക്കുകയും മറ്റൊരിടത്തും കാണാൻ കഴിയാത്ത പ്രകൃതിഭംഗിയും വന്യജീവികളും തനതായ പാരമ്പര്യവുമെല്ലാം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നവയാണ്. അത്തരത്തിൽ 'ഒറ്റപ്പെടൽ' മുതൽക്കൂട്ടാക്കിയ ചില രാജ്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
കംഗാരുക്കളുടെ നാട് എന്നറിയപ്പെടുന്ന ഓസ്ട്രേലിയ വെറുമൊരു ദ്വീപ് രാഷ്ട്രമല്ല. അത് ദക്ഷിണാർദ്ധഗോളത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഭൂഖണ്ഡം തന്നെയാണ്. കരയുടെ അതിർത്തികളില്ലാത്തതിനാൽ ഓസ്ട്രേലിയയുടെ ഏറ്റവും അടുത്തുള്ള രാജ്യം പാപുവ ന്യൂ ഗിനിയയാണ്. എന്നാൽ, ഇതാകട്ടെ ടോറസ് കടലിടുക്കിന് കുറുകെ 150 കിലോമീറ്ററിലധികം അകലെയാണ് സ്ഥിതി ചെയ്യുന്നത്.
ടാസ്മാൻ കടലിന് കുറുകെയുള്ള ഒരു ചെറിയ ദ്വീപ് സമൂഹമാണ് ന്യൂസിലാന്റ്. പസഫിക്കിന്റെ അങ്ങേയറ്റത്തെ അരികിലുള്ള ന്യൂസിലൻഡിന്റെ സ്ഥാനം ഏറെ സവിശേഷതകൾ നിറഞ്ഞതാണ്. ഹിമാനികൾ രൂപപ്പെടുത്തിയ തടാകങ്ങൾ, സജീവമായ അഗ്നിപർവ്വതങ്ങൾ, മഴക്കാടുകൾ, താഴ്‌വരകൾ, കണ്ണിന് ഇമ്പമേകുന്ന പച്ച കുന്നുകൾ എന്നിവയെല്ലാം ഉൾപ്പെടുന്ന ഒരു ഭൂപ്രകൃതിയാണ് ന്യൂസിലൻഡിലുള്ളത്.
വടക്കൻ അറ്റ്‌ലാന്റിക്കിന്റെ മധ്യത്തിൽ കര അതിർത്തികളൊന്നുമില്ലാതെ സ്ഥിതി ചെയ്യുന്ന രാജ്യമാണ് ഐസ്‌ലാൻഡ്. അയൽക്കാരില്ലാത്ത ഏറ്റവും പഴക്കമുള്ള രാജ്യങ്ങളിൽ ഒന്നാണിത്. നൂറ്റാണ്ടുകളുടെ ‘ഒറ്റപ്പെടൽ’ കാരണം ഈ രാജ്യത്തിന്റെ സംസ്കാരം ഒരേ സമയം പുരാതനവും, എന്നാൽ ആധുനികവുമാണ്. ദ്വീപിന്റെ തെളിഞ്ഞ കാലാവസ്ഥ കാരണം കൊതുകുകൾക്ക് അതിജീവിക്കാൻ കഴിയാത്ത രാജ്യമെന്ന പേരും ഐസ്‌ലാന്റ് സ്വന്തമാക്കിയിരുന്നു.