
കോഴിക്കോട്: കോഴിക്കോട് സൗത്ത് നിയമസഭാ മണ്ഡലത്തിലെ എരവത്തുകുന്ന് ടൂറിസം പദ്ധതിക്കായി ടൂറിസം വകുപ്പ് നാല് കോടി രൂപ അനുവദിച്ചു. നവകേരള സദസില്‍ നിന്നുയര്‍ന്ന നിര്‍ദ്ദേശപ്രകാരമാണ് പദ്ധതിക്കായി തുക അനുവദിച്ചത്. കോഴിക്കോട് നഗരത്തിന്റെ തിരക്കിനിടയില്‍ പച്ചപ്പിന്റെ നനുത്ത അന്തരീക്ഷം സമ്മാനിക്കുന്ന എരവത്തുകുന്ന് നഗരത്തിലെ മരുപ്പച്ചയായാണ് അറിയപ്പെടുന്നത്. ഇത് ടൂറിസ്റ്റുകള്‍ക്കും കുടുംബസമേതമുള്ള ഉല്ലാസത്തിനും ഏറ്റവും ഫലപ്രദമായി ചിലവഴിക്കാന്‍ പറ്റിയ ഇടമാണെന്ന് ടൂറിസം മന്ത്രി പി. എ മുഹമ്മദ് റിയാസ് പറഞ്ഞു.
പരമാവധി വിനോദഞ്ചാര സാധ്യത പ്രയോജനപ്പെടുത്തുന്നതിനായി സ്ഥിരതയുള്ള വികസനം എന്നത് ഏറെക്കാലമായി ഈ സ്ഥലത്ത് ഉയര്‍ന്നുവന്നിരുന്ന ആവശ്യമായിരുന്നു. അതുവഴി പ്രദേശത്തിന്റെ പൈതൃകസമ്പത്തും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനും ഈ പദ്ധതി ഗുണകരമാകുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
പദ്ധതിയുടെ ഭാഗമായി മനോഹരമായ പ്രവേശന കവാടം, പരിസര മതില്‍, വേലി, സംരക്ഷണ ഭിത്തി, ഇരുവശങ്ങളിലും ഇരിപ്പിടങ്ങളോടു കൂടിയ നടപ്പാതകള്‍, ലാന്‍സ്‌കേപ്പിംഗ്, ആധുനിക ഉപകരണങ്ങളോടു കൂടിയ വര്‍ക്ക്ഔട്ട് ഏരിയ, സ്റ്റീല്‍ പാലം, മൂവബിള്‍ ഫോട്ടോഫ്രെയിം, ഓപ്പണ്‍ സ്റ്റേജ്, വാച്ച് ടവര്‍, കഫെറ്റീരിയ എന്നിവയുടെ നവീകരണം നടപ്പാക്കും. ടൂറിസം വകുപ്പിന്റെ അഡ്മിനിസ്‌ട്രേറ്റീവ് സാങ്ക്ഷന്‍ കമ്മിറ്റിയാണ് പദ്ധതി സംബന്ധിച്ച വിശദമായ അവലോകനം നടത്തിയത്.
കോഴിക്കോടിന്റെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായി മാറിയ കൂളിമാടിന്റെ വികസനം വേഗത്തിലാക്കാന്‍ ആവിഷ്‌കരിച്ച പദ്ധതിക്ക് ടൂറിസം വകുപ്പിന്റെ അംഗീകാരം ലഭിച്ചതായി പി.ടി.എ റഹീം എംഎല്‍എ അറിയിച്ചു. കിഫ്ബി പദ്ധതിയില്‍ പൂര്‍ത്തീകരിച്ച കൂളിമാട് പാലത്തിന് ചുവട്ടിലെ ഒരേക്കറിലധികം വരുന്ന റവന്യൂ ഭൂമിയില്‍ എംഎല്‍എയുടെ ഫണ്ടില്‍നിന്ന് അനുവദിച്ച 25 ലക്ഷം രൂപ ചെലവില്‍ പാര്‍ക്ക് നിര്‍മാണ പ്രവൃത്തികള്‍ നടന്നുവരികയാണ്. ഇതിന്റെ തുടര്‍ച്ചയായി ടൂറിസം വകുപ്പ് അനുവദിച്ച 45 ലക്ഷം രൂപയും ഗ്രാമപഞ്ചായത്തിന്റെ 5 ലക്ഷം രൂപയും ഉള്‍പ്പെടെ 75 ലക്ഷം രൂപയുടെ പദ്ധതിയാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. ഇപ്പോള്‍ തുടങ്ങിവച്ച കൂളിമാട് പാര്‍ക്കില്‍ ഇരിപ്പിടങ്ങള്‍, ഗാലറി, ഓപണ്‍ സ്റ്റേജ്, ചെട്ടിക്കടവിലേക്ക് ബോട്ടിങ്ങിന് വേണ്ട സൗകര്യങ്ങള്‍, കളി ഉപകരണങ്ങള്‍, ലൈറ്റിങ്, സി.സി.ടി.വി, ഓപണ്‍ ജിം തുടങ്ങിയവ ഒരുക്കുന്ന രീതിയിലാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്.
സംസ്ഥാന സര്‍ക്കാര്‍ പൊതുമരാമത്ത് വകുപ്പ് മുഖേന പൂര്‍ത്തീകരിച്ച സെഞ്ച്വറി ബ്രിഡ്ജായ ചെട്ടിക്കടവ് പാലവും കൂളിമാടുമായി ബന്ധിപ്പിച്ച് ബോട്ട് സര്‍വീസ്, ഇരു കേന്ദ്രങ്ങളിലും ബോട്ട് ജെട്ടി, പ്രത്യേക ഇരിപ്പിടങ്ങള്‍ തുടങ്ങിയവയൊരുക്കി പ്രകൃതി ഭംഗി ആസ്വദിക്കാന്‍ അവസരമൊരുക്കുന്ന പുതിയ പദ്ധതി രണ്ടാം ഘട്ടമായി നടപ്പാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഡെസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇപ്പോള്‍ ലഭ്യമാക്കിയ ഫണ്ടിന്റെ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതോടെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ തുക അനുവദിക്കുമെന്നും പി.ടി.എ റഹീം എംഎല്‍എ പറഞ്ഞു.