
രാജ്യത്തിന്‍റെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി ഡൽഹിയിലും സമീപ പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി റോഡ്, റെയിൽ, വിമാന ഗതാഗതത്തിൽ നിയന്ത്രണങ്ങളും വഴിതിരിച്ചുവിടലുകളും ഉണ്ടായേക്കാം. ഓഗസ്റ്റ് 15ന് നടക്കുന്ന ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയിലേക്ക് യാത്ര ചെയ്യുന്നവർ ഏറ്റവും പുതിയ യാത്രാ നിർദേശങ്ങൾ പരിശോധിച്ച് യാത്ര ആസൂത്രണം ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. സുരക്ഷാ പരിശോധനകൾ ശക്തമാക്കുന്നതിനാൽ റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും അധിക സമയം ആവശ്യമായി വരും. യാത്രക്കാർ ആവശ്യത്തിന് നേരത്തെ എത്തണമെന്നും നിർദേശമുണ്ട്.
ഓഗസ്റ്റ് 13 മുതൽ 16 വരെ ഡൽഹിയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ സുരക്ഷാ പരിശോധന ശക്തമാക്കുമെന്ന് വടക്കൻ റെയിൽവേ അറിയിച്ചു. ന്യൂഡൽഹി, ഓൾഡ് ഡൽഹി, ഹസ്രത്ത് നിസാമുദ്ദീൻ, ആനന്ദ് വിഹാർ ടെർമിനൽ, ഡൽഹി സരായ് റോഹില്ല എന്നിവയുൾപ്പെടെയുള്ള പ്രധാന സ്റ്റേഷനുകളിലാണ് പരിശോധനകൾ ഉണ്ടാകുക. ട്രെയിൻ യാത്രക്കാർ യാത്രാസമയത്തിന് ഏറെ മുമ്പ് സ്റ്റേഷനിൽ എത്തണം. സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും പരിശോധനകൾക്കായി അധിക സമയം മാറ്റിവയ്ക്കണമെന്നും റെയിൽവേ നിർദേശിച്ചു.
ഡൽഹിയിലേക്ക് റോഡ് മാർഗം യാത്ര ചെയ്യുന്നവരും ജാഗ്രത പാലിക്കണം. സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ചില റോഡുകളിൽ ഗതാഗതം വഴിതിരിച്ചുവിടും. പാനിപ്പത്തിൽ നിന്ന് എത്തുന്ന ഭാരവാഹനങ്ങൾ ദേശീയപാത 44ലെ ഗന്നൗർ മേൽപ്പാലത്തിൽ നിന്ന് ഖുബ്രു ഝാൽ ഭാഗത്തേക്ക് തിരിച്ചുവിടും. പാനിപ്പത്തിൽ നിന്ന് ഗ്രാൻഡ് ട്രങ്ക് റോഡ്, ഗോഹാന ബൈപാസ് വഴി എത്തുന്ന ഭാരവാഹനങ്ങൾ മുർതലിന് സമീപം ദേശീയപാത 352ലേക്ക് തിരിച്ചുവിടും. ഉത്തർപ്രദേശിൽ നിന്ന് ഡൽഹിയിലേക്ക് എത്തുന്ന വാഹനങ്ങൾ ബഹാൽഗഢ് വഴി സോനിപത്തിലേക്ക് തിരിച്ചുവിടും. ദേശീയപാത 334ബി വഴി എത്തുന്ന വാഹനങ്ങൾക്കും ബഹാൽഗഢ് വഴിയാകും നിയന്ത്രണം.
കുണ്ഡ്‌ലി-ഗാസിയാബാദ്-പൽവൽ എക്സ്പ്രസ് വേയുടെയും കുണ്ഡ്‌ലി-മനേസർ-പൽവൽ എക്സ്പ്രസ് വേയുടെയും പ്രവേശന ഭാഗങ്ങളിൽ പൊലീസ് പരിശോധനാ കേന്ദ്രങ്ങൾ സ്ഥാപിക്കും. കുണ്ഡ്‌ലിയിൽ നിന്ന് എത്തുന്ന വാഹനങ്ങൾ നരേലയിലേക്ക് തിരിച്ചുവിടും. ഖർഖോദയിലെ ഡൽഹി ചൗക്ക് ബൈപാസിന് സമീപവും പ്രത്യേക പരിശോധനാ കേന്ദ്രം സ്ഥാപിക്കും. ഇവിടെ നിന്ന് വാഹനങ്ങൾ ഖർഖോദ-സാംപ്ല റോഡിലേക്ക് തിരിച്ചുവിടും. ഹൽദാന അതിർത്തി മുതൽ സിംഘു അതിർത്തി വരെയുള്ള ദേശീയപാത 44ലും കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. ഗതാഗതം സുഗമമായി നിയന്ത്രിക്കുന്നതിനാണ് നടപടി. സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ഡൽഹിയിലേക്ക് ഭാരവാഹനങ്ങളുടെ പ്രവേശനത്തിന് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയതായി സോനിപത് പൊലീസ് ഡൽഹി പൊലീസുമായി സഹകരിച്ച് അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്.
വിമാന യാത്രക്കാരും യാത്രയ്ക്ക് അധിക സമയം മാറ്റിവയ്ക്കണം. ഓഗസ്റ്റ് 10 മുതൽ 20 വരെ വിമാനയാത്ര നടത്തുന്നവർ വിമാനത്താവളത്തിൽ നേരത്തെ എത്തണമെന്ന് എയർ ഇന്ത്യ നിർദേശിച്ചു. വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനകൾ ശക്തമാക്കിയതിനാൽ സാധാരണയേക്കാൾ കൂടുതൽ സമയം യാത്രക്കാർക്ക് ആവശ്യമായി വന്നേക്കാം. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ നേരത്തെ വിമാനത്താവളത്തിലെത്തണമെന്നാണ് നിർദേശം. സ്വാതന്ത്ര്യദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് ഡൽഹിയിലേക്കോ ഡൽഹിയിൽ നിന്നോ യാത്ര ചെയ്യാനിരിക്കുന്നവർ യാത്രയ്ക്ക് മുമ്പ് റെയിൽവേ, വിമാനക്കമ്പനികൾ, പൊലീസ്, ബന്ധപ്പെട്ട സർക്കാർ ഏജൻസികൾ എന്നിവയുടെ ഏറ്റവും പുതിയ യാത്രാ നിർദേശങ്ങൾ പരിശോധിക്കുന്നത് സുരക്ഷിതമായിരിക്കും.