തെങ്ങിൻനിരകൾ കാവൽനിൽക്കുന്ന നെൽവയലുകൾക്ക് നടുവിലൂടെ ഒരു ജലയാത്ര; ആലപ്പുഴയിലെ ബോട്ട് യാത്ര ഒരിക്കലും മിസ്സാക്കരുത്

Published : Sep 21, 2025, 03:51 PM IST
Alappuzha tourism

Synopsis

വേമ്പനാട്ടുകായലുമായി ബന്ധിപ്പിക്കുന്ന കനാലുകളിലൂടെയുള്ള ഈ യാത്രയിൽ ഗ്രാമീണ ജീവിതവും, പ്രകൃതിഭംഗിയും, നാടൻ രുചികളും അടുത്തറിയാം എന്നതാണ് എടുത്തുപറയേണ്ട സവിശേഷത.

കായലുകളാൽ സമ്പന്നമായ ജില്ലയാണ് ആലപ്പുഴ. ജലയാത്ര എന്ന് കേൾക്കുമ്പോൾ തന്നെ ആലപ്പുഴയുടെ ഉൾനാടൻ ജലപാതകളിലൂടെയുള്ള യാത്രയാകും ഏവരുടെയും മനസിലേയ്ക്ക് ഓടിയെത്തുക. തെങ്ങിൻനിരകൾ കാവൽനിൽക്കുന്ന നെൽവയലുകൾക്കു നടുവിലൂടെ കായൽക്കാറ്റേറ്റുളള യാത്ര മറക്കാനാകാത്ത അനുഭവങ്ങൾ സമ്മാനിക്കുമെന്ന് ഉറപ്പാണ്. സ്വദേശികളും വിദേശികളും ഉൾപ്പെടെ നിരവധി സഞ്ചാരികളാണ് ആലപ്പുഴയിലെ മനംകുളിർപ്പിക്കുന്ന ബോട്ട് യാത്ര ആസ്വദിക്കാനായി എത്തുന്നത്.

ഹൗസ് ബോട്ടുകൾ, കെട്ടുവള്ളങ്ങൾ, നാടൻ വള്ളങ്ങൾ അങ്ങനെ പല തരത്തിലുള്ള യാത്രകളാണ് ആലപ്പുഴയിലേയ്ക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. വേമ്പനാട്ടുകായലുമായി ബന്ധിപ്പിക്കുന്ന ബൃഹത്തായ കനാൽ ശൃംഖലയിലൂടെയുളള യാത്രയിൽ ഒട്ടനവധി കൗതുകക്കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. ചാട്ടുളി പോലെ വെളളത്തിലേക്ക് ഊളിയിട്ട് മീനുമായി പറന്നകലുന്ന പൊന്മാനുകൾ, കായലരികത്ത് വലയെറിഞ്ഞ് മീൻപിടിത്തത്തിൽ ഏർപ്പെട്ടിരിക്കുന്ന കൊതുമ്പുവളളങ്ങൾ തുടങ്ങി ജലപാതയിലെ പതിവുകാഴ്ച്ചകൾ എത്ര കണ്ടാലും മടുക്കില്ലെന്നതാണ് സവിശേഷത.

യാത്രാമദ്ധ്യേ കാണുന്ന ​ഗ്രാമങ്ങളിൽ ഇറങ്ങിയാൽ കയറ് പിരിക്കുന്നവരെയും അവരുടെ ജീവിതത്തെയും അടുത്തറിയാം. തീരങ്ങളിലെ നാടൻ ഭക്ഷണശാലകളും അവിടുത്തെ നാടൻ രുചിയും എടുത്തുപറയേണ്ട മറ്റൊരു ആകർഷണമാണ്. കപ്പയും മീനും ഇവിടങ്ങളിലെ സ്ഥിരം വിഭവങ്ങളിൽ ഒന്നാണ്. 

എങ്ങനെ എത്താം

എറ്റവും അടുത്തുളള റെയിൽവേ സ്റ്റേഷൻ: ആലപ്പുഴ റെയിൽവേ സ്റ്റേഷൻ,

വിമാനത്താവളം: കൊച്ചി ഇന്റർനാഷണൽ എയർപ്പോർട്ട്

PREV
Read more Articles on
click me!

Recommended Stories

ഡിസംബർ മാസത്തിൽ കർണാടകയിൽ താമസിക്കാൻ പറ്റിയ അഞ്ച് കേന്ദ്രങ്ങൾ, മനോ​ഹരമായ പ്രകൃതി, സുഖകരമായ കാലാവസ്ഥ
അഡ്രിനാലിൻ പമ്പ് ചെയ്യാം! തിരക്കുകൾ മാറ്റിവെച്ച് പോകാൻ ഇതിനോളം മികച്ച സ്പോട്ടില്ല, കീഴടക്കാം പൈതൽമല