
മലപ്പുറം ജില്ലയിൽ പ്രശസ്തിയാർജിക്കുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമാണ് ആഢ്യൻപാറ വെള്ളച്ചാട്ടം. പ്രകൃതിരമണീയമായ ആഢ്യൻപാറ വെള്ളച്ചാട്ടം കാണാനായി ഇന്ന് നിരവധിയാളുകളാണ് എത്തുന്നത്. വെള്ളച്ചാട്ടത്തിന് സമീപത്തെ പച്ചപ്പാർന്ന പ്രകൃതിയുടെ കാഴ്ചകൾ ഏറെ മനോഹരമാണ്. വെള്ളച്ചാട്ടവും പരിസരവും ശുചിത്വമുള്ളതായതിനാൽ തന്നെ ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് സുഖകരമായ അനുഭവം തന്നെയാണ് ലഭിക്കുക.
നീന്തിത്തുടിക്കാൻ കഴിയുന്ന തെളിഞ്ഞ നീരൊഴുക്ക് ആഢ്യൻപാറയുടെ പ്രധാന പ്രത്യേകതയാണ്. ഇവിടുത്തെ ജലത്തിന് ഔഷധഗുണമുണ്ടെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു. മഴക്കാലത്ത് നിറഞ്ഞൊഴുകുമെങ്കിലും വേനൽക്കാലത്ത് ആഢ്യൻപാറയിൽ വെള്ളം നന്നേ കുറവായിരിക്കും. വെള്ളമുള്ള സമയത്ത് ഇവിടെ എത്തിയാൽ മതിമറന്ന് നീന്തിത്തുടിക്കാം. എന്നാൽ, വഴുക്കലുള്ള പാറകളിൽ കൂടി നടക്കുമ്പോൾ അതുപോലെ ശ്രദ്ധിക്കുകയും വേണം.
പ്രകൃതി സ്നേഹികൾക്കും പക്ഷി നിരീക്ഷകർക്കും ഒരുപോലെ അനുയോജ്യമായ സ്ഥലമാണ് ആഢ്യൻപാറ. വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങൾ ഈ പ്രദേശത്തുണ്ട്. മലപ്പുറം നഗരത്തിൽ നിന്ന് ആഢ്യൻപാറയിലേക്ക് എളുപ്പത്തിൽ ഗതാഗത സൗകര്യം ലഭ്യമാണ്. ലോകത്തിലെ ആദ്യത്തെ തേക്ക് മ്യൂസിയമായ നിലമ്പൂർ തേക്ക് മ്യൂസിയം, ഏറ്റവും പഴക്കമേറിയ മനുഷ്യനിർമ്മിത തേക്ക് തോട്ടം സ്ഥിതി ചെയ്യുന്ന കനോലി പ്ലോട്ട്, കടലുണ്ടി പക്ഷിസങ്കേതം, നെടുങ്കയം മഴക്കാടുകൾ, തിരുമാന്ധാംകുന്ന് ക്ഷേത്രം, ബംഗ്ലാവ് കുന്ന് എന്നിവയെല്ലാം ആഢ്യൻപാറയിൽ നിന്ന് ഒരുപാട് അകലെയല്ലാതെ സന്ദർശിക്കാൻ കഴിയുന്ന മറ്റ് ആകർഷണങ്ങളാണ്.