
മൂടൽമഞ്ഞുള്ള പ്രഭാതങ്ങൾ, ടോയ് ട്രെയിനുകൾ, യൂക്കാലിപ്റ്റസ് മരങ്ങൾ...ഇത്രയും കേൾക്കുമ്പോൾ തന്നെ എല്ലാവരുടെയും മനസിലേയ്ക്ക് ഓടിയെത്തുന്ന സ്ഥലമാണ് ഊട്ടി. കുടുംബത്തോടൊപ്പമായാലും സുഹൃത്തുക്കളോടൊപ്പമായാലും എല്ലാവർക്കും ആസ്വദിക്കാൻ കഴിയുന്ന കാഴ്ചകളും അനുഭവങ്ങളുമാണ് ഊട്ടി കാത്തുവെച്ചിരിക്കുന്നത്. എന്നാൽ, മിക്ക ആളുകളും ഊട്ടിയിലെ ഏതാനും ചില ടൂറിസ്റ്റ് സൈറ്റുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതായാണ് കാണാറുള്ളത്.
ഊട്ടി വെറുമൊരു കുന്നിൻ പ്രദേശമല്ല. സുന്ദരവും സുരക്ഷിതവും ബഡ്ജറ്റ് ഫ്രണ്ട്ലിയുമായ അതിമനോഹരമായ ഒരു പ്രദേശമാണ്. 2,240 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഊട്ടിയിലെ വായു പോലും അത്ര സുഖകരമാണ്. രാവിലെ നിങ്ങൾക്ക് ഒരു നൂറ്റാണ്ട് പഴക്കമുള്ള ടോയ് ട്രെയിനിൽ സഞ്ചരിക്കാം. ഉച്ചകഴിഞ്ഞ് ഒരു തടാകക്കരയിൽ നിന്ന് ചൂടുള്ള മസാല ദോശയും വടയും കഴിക്കാം. തേയിലത്തോട്ടങ്ങളിൽ മൂടൽമഞ്ഞ് ഉരുണ്ടുകൂടുന്നത് നോക്കി നിൽക്കാം. അത്തരത്തിൽ ഊട്ടിയിലെത്തുന്നവർക്ക് പ്രത്യേകിച്ച്, കുടുംബത്തോടൊപ്പമാണെങ്കിൽ ചെയ്യേണ്ട 10 കാര്യങ്ങളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.
ടോയ് ട്രെയിൻ യാത്ര തന്നെയാണ് ഊട്ടിയിലെ ഹൈലൈറ്റ്. ശരിക്കും ഒരു കളിപ്പാട്ട തീവണ്ടി പോലെ തോന്നിപ്പിക്കുന്നവയാണ് ടോയ് ട്രെയിനുകൾ. തുരങ്കങ്ങളിലൂടെ ചൂളമടിച്ച് നീങ്ങുന്ന ടോയ് ട്രെയിനിൽ കുട്ടികൾക്കും മുതിര്‍ന്നവര്‍ക്കും ആര്‍ത്തുവിളിക്കാം, കാഴ്ചകൾ മതിമറന്ന് ആസ്വദിക്കാം. സുഖകരമായ യാത്രയ്ക്കും മികച്ച കാഴ്ചകൾക്കും ഫസ്റ്റ് ക്ലാസ് സീറ്റുകൾ ബുക്ക് ചെയ്യാൻ ശ്രമിക്കുക.
ഊട്ടിയിലെത്തുന്ന വിനോദസഞ്ചാരികളുടെ ഫേവറിറ്റ് സ്പോട്ടാണ് ഊട്ടി ലേക്ക് അഥവാ ഊട്ടി തടാകം. താരതമ്യേന ഇവിടെ തിരക്ക് അനുഭവപ്പെടാറുണ്ട്. എന്നാൽ, കുടുംബങ്ങൾക്ക് ഊട്ടി തടാകം ഏറെ അനുയോജ്യമായ സ്ഥലമാണ്. പാഡിൽ ബോട്ടുകൾ, കുതിര സവാരികൾ, ലഘുഭക്ഷണശാലകൾ എന്നിവ ഇവിടെയുണ്ട്. ടൂർ ബസുകൾ എത്തുന്നതിന് മുമ്പ് രാവിലെ തന്നെ ഇവിടം സന്ദർശിക്കുന്നതാണ് നല്ലത്.
ഊട്ടിയിലെ ബൊട്ടാണിക്കൽ ഗാർഡനുകൾ പ്രശസ്തമാണ്. സസ്യസ്നേഹികൾക്ക് മാത്രമല്ല, കുട്ടികൾക്ക് ഓടിച്ചാടി നടക്കാനും പ്രായമായവർക്ക് വിശ്രമിക്കാനും എല്ലാവർക്കും പതുക്കെ നടന്ന് കാഴ്ചകൾ കണ്ട് കുശലം പറയാനുമെല്ലാം ബൊട്ടാണിക്കൽ ഗാർഡനിലേയ്ക്ക് പോയാൽ മതി.
ഊട്ടിയിലെ തേയില ഫാക്ടറി സന്ദർശിക്കുമ്പോൾ ഇലകൾ എങ്ങനെയാണ് ദിവസവും കുടിക്കുന്ന ചായയായി മാറുന്നതെന്ന് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ മനസിലാക്കാം. അടുത്തുള്ള ചോക്ലേറ്റ് മ്യൂസിയവും സന്ദർശിക്കാൻ മറക്കരുത്. പ്രാദേശികമായി നിർമ്മിച്ച യൂക്കാലിപ്റ്റസ് ഓയിൽ അല്ലെങ്കിൽ കൈകൊണ്ട് നിർമ്മിച്ച ചോക്ലേറ്റുകൾ വാങ്ങാൻ ശ്രമിക്കുക.
പൈക്കര തടാകത്തിൽ ഊട്ടി തടാകത്തേക്കാൾ താരതമ്യേന തിരക്ക് കുറവാണ്. പൈൻ വനങ്ങൾ നിറഞ്ഞയിടമാണിത്. ഇതിന് നടുവിലൂടെയുള്ള ഒരു ബോട്ട് യാത്ര സിനിമാറ്റിക് അനുഭവമാണ് സമ്മാനിക്കുക. മുതിർന്നവരെ സംബന്ധിച്ച് പൈക്കര വെള്ളച്ചാട്ടത്തിലേക്കുള്ള ചെറിയ ട്രെക്കിംഗ് കുട്ടികളുമൊത്ത് പോലും സാധ്യമാണ്.
2,000-ത്തിലധികം ഇനം റോസാപ്പൂക്കൾ വിരിഞ്ഞുനിൽക്കുന്ന ഇടമാണ് റോസ് ഗാർഡൻ. വളരെ വലിയ പൂന്തോട്ടമാണിത്. കുടുംബങ്ങൾക്ക് വിശ്രമിക്കാനും കാഴ്ചകൾ ആസ്വദിക്കാനും ചിത്രങ്ങൾ പകർത്താനുമെല്ലാം സാധിക്കും.
നീലഗിരിയിലെ ഏറ്റവും ഉയരമുള്ള സ്ഥലമാണ് ദൊഡ്ഡബെട്ട പീക്ക്. ഇവിടെ നിന്നാൽ 360 ഡിഗ്രി കാഴ്ചകൾ ആസ്വദിക്കാം. കയറ്റം കയറിയെത്തുന്നവരുടെ ക്ഷീണമകറ്റാൻ സാധിക്കുന്ന മാന്ത്രിക കാഴ്ചകളാണ് ദൊഡ്ഡബെട്ട പീക്ക് സഞ്ചാരികൾക്കായി കാത്തുവെച്ചിരിക്കുന്നത്. കാറ്റിന് തണുപ്പ് കൂടാൻ സാധ്യതയുള്ളതിനാൽ ജാക്കറ്റുകൾ ധരിക്കുക. ഇവിടെ വിൽക്കുന്ന ചൂടുള്ള ചോളത്തിന്റെ സ്വാദ് ഒന്ന് പരീക്ഷിച്ചു നോക്കുകയും ചെയ്യാം.
പലരും ഊട്ടി യാത്രയിൽ പലപ്പോഴും ഒഴിവാക്കാറുള്ള സ്ഥലമാണ് അവലാഞ്ചി ലേക്ക്. അവലാഞ്ചി തടാകം സാഹസികതയ്ക്ക് അനുയോജ്യമായ സ്ഥലമാണ്.ഇവിടേയ്ക്കുള്ള ഡ്രൈവ് തന്നെ അതിമനോഹരമാണ്. അവിടെ എത്തിക്കഴിഞ്ഞാൽ, നിങ്ങൾക്ക് പിക്നിക്, ഫിഷിംഗ് അല്ലെങ്കിൽ ചെറിയ ഒരു ഫോറസ്റ്റ് വാക്ക് എന്നിവ നടത്താം.
ഊട്ടിയുടെ അടുത്തുള്ള പട്ടണമായ കൂനൂർ വെറും 20 കിലോമീറ്റർ അകലെയാണ്. വളരെ ശാന്തമായ പ്രദേശമാണിത്. ഇവിടെയുള്ള തേയിലത്തോട്ടത്തിലൂടെ നടക്കുമ്പോൾ ശാന്തത അനുഭവപ്പെടും. ഗൈഡുകൾ തേയില നുള്ളലിനെ കുറിച്ച് വിശദീകരിക്കും. കുറ്റിക്കാടുകളുടെ അനന്തമായ പച്ചപ്പാണ് ഇവിടെ എവിടെ നോക്കിയാലും കാണാനാകുക.
ഇന്ത്യയുടെ അനൗദ്യോഗിക ചോക്ലേറ്റ് ക്യാപിറ്റലാണ് ഊട്ടി. കുടുംബം നടത്തുന്ന മിക്കവാറും എല്ലാ കടകളിലും അവരുടേതായ സവിശേഷതകളുള്ള ചോക്ലേറ്റുകൾ ലഭിക്കും. നട്ട് നിറച്ച ചോക്ലേറ്റ് ബാറുകൾ മുതൽ ഡാർക്ക് ചോക്ലേറ്റ് വരെ, നിങ്ങളുടെ ഊട്ടി യാത്ര അവസാനിപ്പിക്കാനുള്ള ഏറ്റവും മധുരമുള്ള മാർഗമാണിത്.