ഇടുക്കി-കോട്ടയം അതിർത്തിയിലെ വാഗമണ്ണിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രധാന തീർത്ഥാടന, വിനോദസഞ്ചാര കേന്ദ്രമാണ് തങ്ങൾ പാറ. ട്രെക്കിംഗിനും, മനോഹരമായ കാഴ്ചകൾക്കും പേരുകേട്ടയിടമാണിത്.

തണുപ്പിനെ പ്രണയിക്കുന്നവരുടെ ഇഷ്ടതാവളമാണ് ഇടുക്കി-കോട്ടയം ജില്ലകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന വാ​ഗമൺ. പച്ചപ്പിൽ പൊതിഞ്ഞുനിൽക്കുന്ന വാഗമണ്ണിൽ സാധാരണയായി 10 മുതൽ 23 ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില അനുഭവപ്പെടാറുള്ളത്. ഇവിടെ, ഓരോ ശൈത്യകാലവും സഞ്ചാരികൾക്ക് പുത്തൻ അനുഭൂതിയാണ് സമ്മാനിക്കുന്നത്. വാഗമണ്ണിലെത്തുന്നവർ ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്ത ഒരിടമാണ് കോലാഹലമേട്ടിലെ തങ്ങൾ പാറ.

നൂറ്റാണ്ടുകളുടെ ചരിത്രവും ആത്മീയതയും ഉറങ്ങുന്ന തങ്ങൾ പാറ, വിശ്വാസികളും വിനോദസഞ്ചാരികളും ഒരുപോലെ ഒഴുകിയെത്തുന്നയിടമാണ്. 8 നൂറ്റാണ്ടുകൾക്ക് മുമ്പ് അഫ്ഗാനിസ്ഥാനിൽ നിന്നും ഇസ്ലാം മതപ്രചാരണത്തിനായി കേരളത്തിലെത്തിയ സൂഫി സന്യാസി ഷെയ്ഖ് ഫരീദുദ്ദീൻ വലിയുല്ലാഹിയുടെ (ബാബ) മഖ്ബറയാണ് ഇവിടുത്തെ പ്രധാന ആകർഷണം. ഈ പാറ അദ്ദേഹത്തിന്റെ 'ദർഗ' അല്ലെങ്കിൽ അന്ത്യവിശ്രമ സ്ഥലമാണെന്ന് കരുതപ്പെടുന്നു.

സമുദ്രനിരപ്പിൽ നിന്നും ആറായിരം അടിയിലേറെ ഉയരത്തിൽ, ഏകദേശം 106 ഏക്കർ വിസ്തൃതിയുള്ള നിരപ്പായ പ്രദേശത്താണ് തങ്ങൾപ്പാറ സ്ഥിതി ചെയ്യുന്നത്. ഏത് നിമിഷവും താഴേക്ക് പതിക്കുമെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ നിൽക്കുന്ന ഈ വമ്പൻ ശിലാരൂപം പ്രകൃതി ഒരുക്കുന്ന അത്ഭുത കാഴ്ച തന്നെയാണ്. സാഹസിക സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട ട്രെക്കിംഗ് സ്പോട്ട് കൂടിയാണ് തങ്ങൾപ്പാറ. 

തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ തങ്ങൾ പാറയുടെ മുകളിൽ നിന്നും കുരിശുമുടിയുടെയും മുരുകൻ കുന്നിന്റെയും മനോഹരമായ ദൃശ്യങ്ങൾ ആസ്വദിക്കാൻ സാധിക്കും. പാറയ്ക്ക് സമീപമുള്ള പുരാതനമായ ഗുഹ ഇവിടുത്തെ മറ്റൊരു ആകർഷണമാണ്. എല്ലാ വർഷവും ഏപ്രിൽ മാസത്തിൽ നടക്കുന്ന 'ആണ്ട് നേർച്ച'യിൽ പങ്കെടുക്കാൻ ജാതിമത ഭേദമന്യേ ആയിരക്കണക്കിന് ആളുകളാണ് ഇവിടെ എത്തുന്നത്.