മേഘാലയയുടെ സൗന്ദര്യം ഇനി 'പറന്ന്' കാണാം! സംസ്ഥാനത്ത് ആദ്യമായി റോപ്പ്‌വേ വരുന്നു

Published : Jul 23, 2025, 06:41 PM IST
Ropeway

Synopsis

മലയോര മേഖലകളിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനൊപ്പം സന്ദർശകർക്ക് വിവിധ കേന്ദ്രങ്ങളിൽ എളുപ്പത്തിൽ എത്തിച്ചേരാനും കഴിയും.

ഷില്ലോങ്ങ്: മേഘാലയയിൽ ആദ്യമായി റോപ്പ്‌വേ ഒരുങ്ങുന്നു. കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായാണ് റോപ്പ്‌വേ യാഥാർത്ഥ്യമാകുന്നത്. ഷില്ലോങ്ങിലെ എല്ലാ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന 2 കിലോമീറ്റർ നീളമുള്ള റോപ്പ്‌വേ ഉടൻ തന്നെ പ്രവർത്തന സജ്ജമാകും. മലയോര മേഖലകളിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനൊപ്പം സന്ദർശകർക്ക് വിവിധ കേന്ദ്രങ്ങളിൽ എളുപ്പത്തിൽ എത്തിച്ചേരാനും കഴിയുമെന്നതാണ് റോപ്പ്‌വേയുടെ പ്രധാന സവിശേഷത.

റോപ്പ്‌വേയുടെ വരവ് മദൻ ലബാനെ ഷില്ലോങ് കൊടുമുടിയുമായി ബന്ധിപ്പിക്കും. ഏകദേശം 2.1 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റോപ്പ്‌വേയുടെ നിർമ്മാണത്തിനായി 175 കോടി രൂപയാണ് കണക്കാക്കുന്നത്. സംസ്ഥാനത്തെ പ്രധാന നിക്ഷേപങ്ങളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്. 2025 ജനുവരി 16 ന് രാഷ്ട്രപതി ദ്രൗപതി മുർമുവാണ് റോപ്പ്‌വേ പദ്ധതിയ്ക്ക് തുടക്കമിട്ടത്. പ്രശസ്ത ഫ്രഞ്ച് കമ്പനിയായ പൊമഗൽസ്‌കി എസ്‌എയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. മേഘാലയ റോപ്പ്‌വേ ഡെവലപ്മെന്റ് അതോറിറ്റിയാണ് പദ്ധതിയുടെ മേൽനോട്ടം നിർവഹിക്കുക.

റോപ്പ്‌വേ പദ്ധതിയുടെ വരവ് വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും ഒരുപോലെ ​ഗുണം ചെയ്യുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. കൂടുതൽ വിനോദസഞ്ചാരികൾ എത്തുമ്പോൾ പ്രാദേശിക കച്ചവടക്കാർക്ക് ​അത് പ്രയോജനമാകും. ബിസിനസ് വർധിക്കും. റോപ്പ്‌വേയും അനുബന്ധ പദ്ധതികളും യാഥാർത്ഥ്യമാകുമ്പോൾ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. റോപ്പ്‌വേയ്ക്ക് പുറമെ, വിനോദസഞ്ചാര അനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി, മാവ്‌ഡോക്ക് വ്യൂപോയിന്റിൽ ഇക്കോ-ടൂറിസം റിസോർട്ടുകളും സ്കൈവാക്കും വികസിപ്പിക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്.

PREV
Read more Articles on
click me!

Recommended Stories

മലമുകളിലെ 'ഡോൾഫിൻ ഷോ'
തിരുവനന്തപുരത്തിന്റെ 'മിനി പൊന്മുടി'