
കൽപ്പറ്റ: വയനാടൻ കാഴ്ചകൾ ആസ്വദിക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണിപ്പോൾ. സാഹസിക യാത്രയ്ക്ക് അനുയോജ്യമായ ഇടമാണ് വയനാട് എന്ന് പറയാതെ തന്നെ അറിയാമല്ലോ. ഇത്തരം സാഹസികയും ട്രെക്കിംഗും ഇഷ്ടപ്പെടുന്നവർ ഉറപ്പായും ബാണാസുര ഹിൽസ് കയറിയിട്ടുണ്ടാകും. എങ്കിൽ ഇവിടുത്തെ സായിപ്പ് കുന്നിനെ കുറിച്ച് കേട്ടിട്ടുണ്ടോ? പ്രകൃതിയെ അറിഞ്ഞ് മലകളിലൂടെയുള്ള യാത്രയാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ബാണാസുര മലകളിലെ കാറ്റുകുന്ന്, സായിപ്പുകുന്ന് എന്നിവിടങ്ങളെ കുറിച്ച് അറിയണം.
ഐതിഹ്യങ്ങൾ നിറഞ്ഞതും ഔഷധ സസ്യങ്ങളും കൊണ്ട് സമ്പുഷ്ടവുമാണ് വയനാടിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്തെ ബാണാസുര മല. കാറ്റുകുന്ന്, സായിപ്പുകുന്ന്, ബാണാസുര മല എന്നിവയാണ് പ്രധാനപ്പെട്ട കുന്നിൻ പ്രദേശങ്ങൾ. ഈ കുന്നുകളുടെ സൗന്ദര്യം മനസ്സറിഞ്ഞ് ആസ്വദിക്കാൻ നിരവധി പേരാണ് എത്തുന്നത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 6,670 അടി ഉയരത്തിലാണ് ബാണാസുര മല സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ കാറ്റുകുന്നിനോട് ചേർന്ന് കിടക്കുന്ന മലമുകളാണ് സായിപ്പ് കുന്ന്.
കാറ്റുകുന്നിൽ നിന്നും 2 കിലോമീറ്ററോളം ദൂരത്തായി കാണപ്പെടുന്ന മൂന്ന് പാറക്കല്ലുകൾ സ്ഥിതി ചെയ്യുന്ന കുന്നാണ് സായിപ്പ് കുന്ന്. ബാണാസുര ഹിൽസ് യാത്രയിൽ എവിടെ നിന്ന് നോക്കിയാലും സായിപ്പ് കുന്ന് കാണാനാകും. പണ്ട് ഇവിടെ താമസിച്ചിരുന്ന ഒരു സായിപ്പും മദാമ്മയും അവരുടെ കുട്ടിയും (വളർത്തുനായയാണെന്നും കഥയുണ്ട്) ശാപമേറ്റ് ശിലയായി മാറിയെന്നാണ് ഐതീഹ്യം.
ഈ കുന്നിലേക്ക് യാത്ര ചെയ്യാൻ വനം വകുപ്പിന്റെ അനുമതി വേണം. വാരാമ്പറ്റ വനസംരക്ഷണ സമിതിയാണ് ഇവിടെ ട്രക്കിംഗ് ഒരുക്കിയിരിക്കുന്നത്. കാറ്റുകുന്നിലേയ്ക്ക് മൂന്നും സായിപ്പ് കുന്നിലേയ്ക്ക് അഞ്ചും ബാണാസുരമലയിലേക്ക് എട്ടും കിലോമീറ്ററാണ് ടിക്കറ്റ് കൗണ്ടറിൽ നിന്നുള്ള ദൂരം. കൽപ്പറ്റയിൽ നിന്നും മാനന്തവാടിയിൽ നിന്നും പടിഞ്ഞാറത്തറ വഴി 24 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടേയ്ക്കെത്താം.
കാറ്റുകുന്ന്
പേര് പോലെ തന്നെ കാറ്റാണ് ഇവിടുത്തെ പ്രത്യേകത. ഏതുനേരവും ചുറ്റി വീശുന്ന ശക്തമായ കാറ്റാണിവിടെ അനുഭവിക്കാനാകുക. ബാണാസുര ഡാമിലെ വെള്ളക്കെട്ടും കക്കയം ഡാമും വയനാട് ജില്ലയുടെ തെക്കുഭാഗവും പൂർണമായും ഇവിടെ നിന്നാൽ കാണാനാകും.